കോന്നി: സംസ്ഥാനത്ത് പുരോഗമിക്കുന്ന വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ പദ്ധതിയുടെ മറവിൽ കൂടല്‍ കള്ളിപ്പാറ മല അനധികൃതമായി പൊളിക്കുന്നുവെന്നാരോപിച്ചു നാട്ടുകാർ രംഗത്ത്. വർധിച്ചു വരുന്ന പ്രകൃതി ചൂഷണങ്ങളെ ചെറുക്കുക എന്ന ലക്ഷ്യം മുൻനിർത്തി, ഉപരോധമടക്കമുള്ള സമരപരിപാടികളുമായി കൂടൽ വില്ലേജിലെ എലിക്കോട് പൗരസമിതിയുടെ നേതൃത്വത്തിലാണ് നാട്ടുകാർ രംഗത്ത് വന്നിരിക്കുന്നത്. കൂടല്‍ വില്ലേജ് ഓഫീസ്സിനു മുന്നിൽ സമരം ചെയ്യാനാണ് സമിതി ആലോചിക്കുന്നത്.
നേരത്തെ, വിവിധ വകുപ്പുകളില്‍ നിന്നുള്ള സര്‍വ്വേ നടപടികള്‍ സമരസമിതിയുടെ നേതൃത്വത്തില്‍ തടഞ്ഞിരുന്നു . കോന്നി ഉപതെരഞ്ഞെടുപ്പിന് തൊട്ടുമുൻപ് നാട്ടുകാരുടെ കണ്ണിൽ പൊടിയിടുവാനായി പൂര്‍ണ്ണമായും മരവിപ്പിച്ച പ്രവര്‍ത്തനങ്ങള്‍ ഇപ്പോള്‍ പൂര്‍ണമായും പുനരാരാംഭിച്ചതാണ് പ്രദേശവാസികളെ ചൊടിപ്പിച്ചിരിക്കുന്നത്. നാട്ടിൽ, പാറ ഖനനം അനുവദിക്കാന്‍ കഴിയില്ലെന്നാണ് നാട്ടുകാർ അധികാരികളെ അറിയിച്ചിരിക്കുന്നത്.
മലയുടെ മുകളിലാണ്, ആരാധനാലയങ്ങളായ എലിക്കോട് പള്ളിയും കള്ളിപ്പാറ ജമാഅത്തും മഹാദേവക്ഷേത്രവുമൊക്കെ സ്ഥിതിചെയ്തുവരുന്നത്. ഒപ്പം, ആയിരത്തോളം കുടുംബങ്ങളും ഈ പ്രദേശത്ത് താമസിച്ചുവരുകയാണ്. പാറഖനനം എല്ലാറ്റിനെയും അപകടപ്പെടുത്തുമെന്ന് നാട്ടുകാർ ഭയപ്പെടുകയാണ്.
വിഴിഞ്ഞം പദ്ധതിക്ക് പുറമെ, കൂടല്‍ വില്ലേജില്‍ നിന്നും കിള്ളിപ്പാറ മലയിലേക്ക് പ്രവര്‍ത്തന അനുമതിക്കായി 26 ഓളം വരുന്ന പുതിയ അപേക്ഷകള്‍ കിട്ടിയിട്ടുള്ളതായാണ് റിപോർട്ടുകൾ.
ഈ മാസം 22നു പ്രതിഷേധം സംഘടിപ്പിക്കാനാണ് എലിക്കോട് പൗരസമിതിയുടെ പദ്ധതി.
Post Your Comments