ചെന്നൈ : തമിഴ്നാട് രാഷ്ട്രീയ ഭൂമികയിൽ പ്രതിപക്ഷങ്ങളെ ഞെട്ടിപ്പിക്കുന്ന നീക്കവുമായി സ്റ്റൈൽ മന്നൻ രജനികാന്ത്. പൊതുജനത്തിന്റെ നന്മയ്ക്കായി ഉലകനായകൻ കമൽഹാസനുമായി രാഷ്ട്രീയ കൈകോർക്കൽ നടത്തുമെന്ന് താരം അറിയിച്ചു. രാഷ്ട്രീയത്തിൽ രജനിസാന്നിധ്യത്തെ കമൽ ഹാസനും സ്വാഗതം ചെയ്തു.
കമൽഹാസൻ സിനിമയിൽ ആറ് പതിറ്റാണ്ട് പൂർത്തീകരിക്കുന്ന വേളയിൽ നടന്ന ‘ഉങ്കൾ നാൻ’ എന്ന ആഘോഷ പരിപാടിയിൽ, തമിഴ്നാട്ടിൽ അത്ഭുതം സംഭവിക്കുമെന്ന് രജനീകാന്ത് പ്രസ്താവിച്ചിരുന്നു. ഇതിന് പിന്നാലെയാണ് നാടിന്റെ നന്മയ്ക്കായി കമലുമായി ഒന്നിച്ചു പ്രവർത്തിക്കുമെന്ന താരത്തിന്റെ പ്രഖ്യാപനം. നാടിന് വേണ്ടി ഒന്നായ് പ്രവർത്തിക്കുമെന്ന് കമൽഹാസനും പ്രതികരിച്ചു.
രാഷ്ട്രീയ പ്രവേശനം നടത്തുമെന്ന് മുൻപേ പ്രഖ്യാപിച്ചിരുന്നെങ്കിലും, സ്വന്തം പാർട്ടി രൂപീകരിക്കാൻ രജനീകാന്ത് ഇതുവരെ സമയം കണ്ടെത്തിയിട്ടില്ല. 2021 ലെ തെരഞ്ഞെടുപ്പ് മാത്രമാണ് തന്റെ ലക്ഷ്യമെന്നാണ് താരം അറിയിച്ചിരിക്കുന്നത്. അതേസമയം, ബി.ജെ.പിയ്ക്കും അണ്ണാ ഡി.എം.കെയ്ക്കും അനുകൂല നിലപാട് സ്വീകരിച്ചിരുന്ന രജനി, കഴിഞ്ഞ ദിവസം സ്വന്തം നിലപാടിൽ മാറ്റം വരുത്തുകയുമുണ്ടായി. തന്നെ കാവി കൊണ്ട് മൂടുവാനുള്ള ശ്രമം നടപ്പിലാക്കാനാകില്ലെന്ന് രജനികാന്ത് വ്യക്തമാക്കി. ഇതിനു പുറമെ, കമലിനെ ആദരിയ്ക്കുന്ന പരിപാടിയായ ‘ഉങ്കൾ നാൻ’ വേദിയിൽ സംസാരിക്കുന്നതിനിടയിൽ മുഖ്യമന്ത്രി എടപ്പാടി പളനി സ്വാമിയെ രജനികാന്ത് പരിഹസിച്ചിരുന്നു. ഇതിനെ തുടർന്ന്, എ.ഐ.എ.ഡി.എം.കെ മുഖപത്രമായ നമത് അമ്മ രജനികാന്തിനെ രൂക്ഷമായി വിമർശിയ്ക്കുകയും ചെയ്തു.
Post Your Comments