തിരുവനന്തപുരം•അബുദാബിയില്‍ മാജിക് പ്രകടനത്തിനായി യാത്ര തിരിക്കുന്ന സാമൂഹ്യനീതി വകുപ്പ്, സാമൂഹ്യ സുരക്ഷാ മിഷന്റെ അനുയാത്ര പദ്ധതിയുടെ അംബാസഡര്‍മാരും എം പവര്‍ ടീം അംഗങ്ങളുമായ സെറിബ്രല്‍ പാള്‍സി ഓട്ടിസം ബാധിതരായ കുട്ടികള്‍ക്ക് ആരോഗ്യ സാമൂഹ്യനീതി വനിത ശിശുവികസന വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ യാത്രയയപ്പ് നല്‍കി. കുട്ടികള്‍ എയര്‍പോര്‍ട്ടിലേക്ക് പോകുന്നതിനിടെ മന്ത്രിയുടെ ഔദ്യോഗിക വസതിയില്‍ വച്ചാണ് യാത്രയയപ്പ് നല്‍കിയത്. കുട്ടികള്‍ക്കും അവരുടെ രക്ഷിതാക്കള്‍ക്കും വളരെ സന്തോഷം നല്‍കുന്ന മുഹൂര്‍ത്തമായി അത് മാറി. സന്തോഷം പങ്കുവയ്ക്കാന്‍ കുട്ടികള്‍ക്ക് മന്ത്രിതന്നെ കേക്ക് മുറിച്ച് ബൊക്കെ നല്‍കി യാത്രയാക്കി. മറ്റുള്ളവരെക്കാളും തങ്ങള്‍ ഒട്ടും പിന്നിലല്ലെന്ന് കാണിച്ച് അവര്‍ ടീച്ചറിന്റെ കാല്‍ തൊട്ടു വന്ദിച്ചു. സ്‌നേഹത്തോടെ ടീച്ചര്‍ അവരെ അനുഗ്രഹിച്ച് ഒപ്പം നിര്‍ത്തി.
എയര്‍പോര്‍ട്ടിലേക്ക് പോകാനായി കുട്ടികളെ വാഹനത്തില്‍ യാത്രയയ്ക്കുന്ന സമയത്ത് വിഷ്ണു ടീച്ചറിനോടായി ഒരു ചോദ്യം ചോദിച്ചു. ‘മന്ത്രി ദുബായിക്ക് വരുന്നില്ലേ’ ആ ചോദ്യം എല്ലാവരിലും ചിരി പടര്‍ത്തി. ‘മക്കളുടെ സന്തോഷത്തോടൊപ്പം എല്ലായിപ്പോഴുമുണ്ടെന്ന്’ ടീച്ചര്‍ പറഞ്ഞ് യാത്രയാക്കി. എല്ലാവരാലും തഴയപ്പെട്ട തങ്ങളുടെ പൊന്നുമക്കള്‍ വലിയ പ്രതീക്ഷകള്‍ നല്‍കി അബുദാബിയിലേക്ക് പറക്കുമ്പോള്‍ രക്ഷിതാക്കളുടെ കണ്ണുകള്‍ നനഞ്ഞു.
അബുദാബിയില്‍ നവംബര്‍ 21 നാണ് ഈ കുട്ടികള്‍ മാജിക് പരിപാടി അവതരിപ്പിക്കുന്നത്. അബുദാബിയിലെ ഇന്ത്യാ സോഷ്യല്‍ ആന്റ് കള്‍ച്ചറല്‍ സെന്ററിന്റെ ആഭിമുഖ്യത്തിലാണ് പരിപാടി സംഘടിപ്പിക്കുന്നത്. വിഷ്ണു, പി.ആര്‍. രാഹുല്‍, രാഹുല്‍, ശരണ്യ സതീഷ്, ശ്രീലക്ഷ്മി എന്നീ കുട്ടികളാണ് മാജിക് അക്കാദമി എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഗോപിനാഥ് മുതുകാടിന്റെ നേതൃത്വത്തില്‍ അബുദാബിയിലേയ്ക്ക് യാത്ര തിരിക്കുന്നത്. ശ്രീലക്ഷ്മിയുടേയും ശരണ്യയുടേയും അമ്മമാരും സഹായിക്കാനായി ചിന്നുവും കൂടെയുണ്ട്. മാജിക് പ്ലാനറ്റില്‍ ആയിരത്തിലധികം വേദികള്‍ പിന്നിട്ടവരാണ് ഈ കുട്ടികള്‍. മാത്രമല്ല ഒരു മണിക്കൂര്‍ തുടര്‍ച്ചയായി മാജിക് അവതരിപ്പിച്ച് ഇന്ത്യ ബുക്ക് ഓഫ് റെക്കോര്‍ഡ്‌സില്‍ ഇടംപിടിക്കുകയും ചെയ്തിട്ടുണ്ട്.
ആയിരക്കണക്കിന് ആള്‍ക്കാരുടെ മുമ്പില്‍ മാജിക്കപതരിപ്പിക്കാന്‍ കുട്ടികള്‍ പറക്കുന്നത് കാണുമ്പോള്‍ അഭിമാനവും സന്തോഷവുമുണ്ടെന്ന് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ പറഞ്ഞു. ഒന്നിനും പറ്റാത്തവരെന്ന് വിധിയെഴുതുന്നസമൂഹത്തിനുള്ള തക്കതായ മറുപടിയാണ് ഈ കുട്ടികള്‍. സാമൂഹ്യനീതി വകുപ്പ് ഭിന്നശേഷിക്കാരുടെ വികസനത്തിനായി അനുയാത്ര ഉള്‍പ്പെടെ സമഗ്രപദ്ധതികളാണ് ആവിഷ്‌ക്കരിച്ച് നടപ്പിലാക്കി വരുന്നത്. ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്കുള്ള അംഗീകാരമാണ് കഴിഞ്ഞ വര്‍ഷത്തെ മികച്ച ഭിന്നശേഷി ശാക്തീകരണത്തിനുള്ള ദേശീയ അവാര്‍ഡ്. ഈ കുട്ടികളുടെ രക്ഷിതാക്കളുടെ സന്തോഷം മാത്രം മതി ഇതിനുള്ള ഉദാഹരണമെന്നും മന്ത്രി വ്യക്തമാക്കി.
സാമൂഹ്യ സുരക്ഷമിഷന്‍ എക്‌സിക്യുട്ടീവ് ഡയറക്ടര്‍ ഡോ. മുഹമ്മദ് അഷീലും യാത്രയയപ്പ് ചടങ്ങില്‍ പങ്കെടുത്തു.
Post Your Comments