ഹൈദരാബാദ്: പ്രമുഖ പ്രവാസി വ്യവസായി എം.എ.യൂസഫലിയുടെ ഉടമസ്ഥതയിലുള്ള ലുലു ഗ്രൂപ്പിന്റെ വ്യവസായ സംരഭത്തിന് ആന്ധ്രയില്‍ വിലക്ക്. ഇതോടെ ആന്ധ്രപ്രദേശ് സര്‍ക്കാറിനെതിരെ വിമര്‍ശനവുമായി ലുലു ഗ്രൂപ്പ് രംഗത്ത് എത്തി. ഇനി ആന്ധ്രയില്‍ നിക്ഷേപത്തിനില്ലെന്ന് ലുലു ഗ്രൂപ്പ് പ്രഖ്യാപിക്കുകയും ചെയ്തു.
Read Also : യു.പിയില്‍ കൂറ്റന്‍ മാളുമായി ലുലു ഗ്രൂപ്പ് : പതിനായിരക്കണക്കിന് പേര്‍ക്ക് തൊഴില്‍
വിശാഖപട്ടണത്ത് അന്തര്‍ദേശീയ കണ്‍വെന്‍ഷന്‍ സെന്റര്‍ നിര്‍മിക്കുന്നതിനുള്ള അനുമതി റദ്ദാക്കിയതിന്റെ പശ്ചാത്തലത്തിലാണ് ജഗന്‍മോഹന്‍ റെഡ്ഡിയുടെ നേതൃത്വത്തിലുള്ള ആന്ധ്രാ സര്‍ക്കാരിനെ വിമര്‍ശിച്ച് ലുലു ഗ്രൂപ്പ് രംഗത്തെത്തിയത്.
മുന്‍ ടിഡിപി സര്‍ക്കാരുമായി സുതാര്യമായ രീതിയിലായിരുന്നു ഇടപാടുകള്‍ നടന്നതെന്ന് ലുലു ഗ്രൂപ്പ് പറയുന്നു. എന്നാല്‍ പുതിയ സര്‍ക്കാര്‍ ഇത് റദ്ദാക്കുകയായിരുന്നു. കണ്‍വെന്‍ഷന്‍ സെന്ററിന്റെ നിര്‍മാണത്തിനായി ലേല നടപടികളില്‍ പങ്കെടുത്താണ് കമ്പനിക്ക് പാട്ടത്തിന് ഭൂമി അനുവദിച്ചിരുന്നത്. പദ്ധതിയുടെ പ്രാരംഭ നടപടികള്‍ക്കായി വലിയ തുക കമ്പനിക്ക് ചെലവായിട്ടുണ്ട്. അന്തര്‍ദേശീയ നിലവാരത്തിലുള്ള കണ്‍സള്‍ട്ടന്റുമാരെയും ആര്‍ക്കിടെക്റ്റുകളെയും ഇതിനായി ചുമതലപ്പെടുത്തിയിരുന്നു. ഇതിനു ശേഷമാണ് പദ്ധതിക്കുള്ള അനുമതി റദ്ദാക്കിക്കൊണ്ട് സര്‍ക്കാരിന്റെ തീരുമാനം ഉണ്ടായതെന്ന് കമ്ബനിയുടെ ഡയറക്ടര്‍ ആനന്ദ് റാം പറഞ്ഞു.
സര്‍ക്കാരിന്റെ ഭാഗത്തുനിന്നുണ്ടായ നടപടിയുടെ പശ്ചാത്തലത്തില്‍ ആന്ധ്രയില്‍ പുതിയ പദ്ധതികളിലൊന്നും പണം മുടക്കേണ്ടെന്നാണ് കമ്പനിയുടെ തീരുമാനം. എന്നാല്‍ ഉത്തര്‍പ്രദേശ്, തെലങ്കാന, തമിഴ്നാട്, കേരളം എന്നീ സംസ്ഥാനങ്ങളില്‍ നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്ന പദ്ധതികള്‍ നിശ്ചയിച്ച പ്രകാരം മുന്നോട്ടുപോകുമെന്നും കമ്പനി വ്യക്തമാക്കി.
ടിഡിപി സര്‍ക്കാരാണ് ലുലു ഗ്രൂപ്പിന് വിശാഖപട്ടണത്ത് കണ്‍വെന്‍ഷന്‍ സെന്റര്‍ ആരംഭിക്കുന്നതിന് ഭൂമി അനുവദിച്ചത്. 2,200 കോടിയുടെ പദ്ധതിയായിരുന്നു ഉദ്ദേശിച്ചിരുന്നത്. കണ്‍വെന്‍ഷന്‍ സെന്ററിനൊപ്പം ഷോപ്പിങ് മാള്‍, ഫൈവ് സ്റ്റാര്‍ ഹോട്ടല്‍ എന്നിവയെല്ലാം അടങ്ങിയതായിരുന്നു പദ്ധതി. ഏഴായിരത്തിലധികം തൊഴിലവസരങ്ങള്‍ പദ്ധതിമൂലം ലഭ്യമാകും എന്നാണ് പ്രതീക്ഷിച്ചിരുന്നത്. ലുലു ഗ്രൂപ്പ് ഇവിടെ പദ്ധതിയുടെ തറക്കല്ലിടലും നടത്തിയിരുന്നു.
എന്നാല്‍ ജഗന്‍ മോഹന്‍ റെഡ്ഡി സര്‍ക്കാര്‍ അധികാരത്തിലേറിയതോടെ ഇത് റദ്ദാക്കുകയും മുന്‍ സര്‍ക്കാര്‍ അനുവദിച്ചിരുന്ന 13.83 ഏക്കര്‍ സ്ഥലം തിരികെ പിടിക്കുകയും ചെയ്തു.
Post Your Comments