
ന്യൂഡല്‍ഹി: ജവഹര്‍ലാല്‍ നെഹ്റു സര്‍വകലാശാല ചൊവ്വാഴ്ച ഡല്‍ഹി ഹൈക്കോടതിയെ സമീപിച്ചു. അഡ്മിനിസ്ട്രേറ്റീവ് ബ്ലോക്കിന്റെ 100 മീറ്ററിനുള്ളില്‍ പ്രതിഷേധം നിരോധിച്ച 2017 ആഗസ്തിലെ കോടതി ഉത്തരവ് ലംഘിച്ചുവെന്നാരോപിച്ചാണ് നടപടി. സര്‍വ്വകലാശാലയുടെ അഡ്മിനിസ്ട്രേറ്റീവ് ബ്ലോക്കിന്റെ നൂറ് മീറ്റര്‍ പരിധിക്കുള്ളില്‍ പ്രകടങ്ങള്‍ നിരോധിച്ചു കൊണ്ടുള്ള ഡല്‍ഹി ഹൈക്കോടതിയുടെ ഉത്തരവ് ലംഘിച്ച സമരക്കാര്‍ക്കെതിരെയാണ് പരാതി.
സര്‍വ്വകലാശാല യൂണിയന് പ്രസിഡന്റ് ഐഷാ ഘോഷ്, ജനറല്‍ സെക്രട്ടറി സതീഷ് ചന്ദ്ര യാദവ്, വൈസ് പ്രസിഡന്റ് സാകേത് മൂണ്‍, മുന്‍ ജെ എന്‍ യു വിദ്യാര്‍ത്ഥി നേതാക്കളായ എന്‍ സായ് ബാലാജി, ഗീത കുമാരി, സരിക ചൗധരി, അപേക്ഷാ പ്രിയദര്‍ശിനി, കൃഷ്ണ റാവു എന്നിവര്‍ക്കെതിരെ പരാതിയില്‍ നേരിട്ട് പരാമര്‍ശമുണ്ട്. പ്രതിഷേധക്കാര്‍ക്കെതിരേ നടപടിയെടുക്കുന്നതില്‍ പോലിസ് പരാജയപ്പെട്ടുവെന്നും അഡ്മിനിസ്ട്രേറ്റീവ് ബ്ലോക്കിന് ചുറ്റുമുള്ള ഉപരോധം നീക്കം ചെയ്തില്ലെന്നും സര്‍വകലാശാല ആരോപിക്കുന്നു.
പ്രതിഷേധം നിയന്ത്രിക്കുന്നതിന് പോലിസ് കമ്മീഷണര്‍ അമുല്യ പട്നായിക്കിന് നിര്‍ദ്ദേശം നല്‍കണമെന്നും ഹരജിയില്‍ ആവശ്യപ്പെടുന്നു.അതേസമയം പ്രതിഷേധ പ്രകടനത്തിനിടെ പൊലീസിനെ കൈയ്യേറ്റം ചെയ്ത രണ്ട് നേതാക്കള്‍ക്കെതിരെ പൊലീസ് എഫ് ഐ ആര് രജിസ്ടര്‍ ചെയ്തിട്ടുണ്ട്. പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനം ആരംഭിച്ച തിങ്കളാഴ്ച പാര്‍ലമെന്റിലേക്ക് മാര്‍ച്ച് നടത്തിയ സമരക്കാര്‍, മാര്‍ച്ച തടയാനെത്തിയ പൊലീസുകാരെ ആക്രമിക്കുകയായിരുന്നു. പൊലീസ് നിയന്ത്രണങ്ങള്‍ മറികടന്ന വിദ്യാര്‍ത്ഥികള്‍ പാര്‍ലമെന്റ് മന്ദിരത്തിന് സമീപം വരെ എത്തിയിരുന്നു.
Post Your Comments