ധാക്ക: ഇന്ത്യ കയറ്റുമതി നിരോധനം ഏര്‍പ്പെടുത്തിയതിന് പിന്നാലെ ബംഗ്ലാദേശില്‍ ഉള്ളി വില റെക്കോര്‍ഡിലേക്കെത്തി. 30 ടാക്ക ഉണ്ടായിരുന്ന ഉള്ളിക്ക് ഇന്ത്യയില്‍ നിന്ന് വരവ് നിലച്ചതിന് ശേഷം 260 ടാക്ക (220 രൂപ)യിലേക്കെത്തി. ഇതേ തുടര്‍ന്ന് പ്രധാനമന്ത്രി ഷേഖ് ഹസീന വരെ തന്റെ മെനുവില്‍ നിന്ന് ഉള്ളി ഒഴിവാക്കിയതായാണ് റിപ്പോര്‍ട്ട്.കനത്ത മഴയെ തുടര്‍ന്ന് വിളവെടുപ്പ് കുറഞ്ഞതിനാല്‍ ഇന്ത്യ സെപ്റ്റംബറിലാണ് ഉള്ളി കയറ്റുമതി ചെയ്യുന്നത് നിരോധനം ഏര്‍പ്പെടുത്തിയത്. ഇത് അക്ഷാര്‍ത്ഥത്തില്‍ ബംഗ്ലാദേശിനെ കരയിച്ചിരിക്കുകയാണ്.
ഇപ്പോള്‍ വിമാനം വഴിയാണ് ഉള്ളി ഇറക്കുമതി ചെയ്യുന്നതെന്ന് ഷേഖ് ഹസീനയുടെ ഡെപ്യൂട്ടി പ്രസ് സെക്രട്ടറി ഹസന് ജാഹിദ് തുഷര്‍ പറഞ്ഞു. മ്യാന്മര്, തുര്‍ക്കി, ചൈന, ഈജിപ്ത് എന്നിവിടങ്ങളിലാണ് വിമാനം വഴി ബംഗ്ലാദേശിലേക്ക് ഇപ്പോള്‍ ഉള്ളി എത്തുന്നത്.ചില മാര്‍ക്കറ്റുകളില്‍ മണിക്കൂറുകളോളം ക്യൂ നിന്ന ശേഷമാണ് പലര്‍ക്കും ഉള്ളി ലഭിക്കുന്നത്. ചിലയിടങ്ങളില്‍ ഇതിനെ ചൊല്ലി തര്‍ക്കവും പതിവായിരിക്കുന്നു. ഇതിനിടെ ബംഗ്ലാദേശിലെ പ്രതിപക്ഷ പാര്‍ട്ടികള്‍ ഇതൊരു രാഷ്ട്രീയ വിഷയമായും ഏറ്റെടുത്തിട്ടുണ്ട്.
സര്‍ക്കാരിനെ പ്രതിക്കൂട്ടിലാക്കി തിങ്കളാഴ്ച ദേശവ്യാപക പ്രതിഷേധത്തിന് പ്രതിപക്ഷം ആഹ്വാനം ചെയ്തിട്ടുണ്ട്. അതെ സമയം ഇന്ത്യയിലും സവാള വില കുതിച്ചുയരുകയാണ്. പഞ്ചാബിലെ അമൃത്സറിലേക്ക് ഉള്ളി വരുന്നത് അഫ്ഗാനിസ്ഥാനില്‍ നിന്നാണ്. പാകിസ്ഥാന് വഴിയാണ് അഫ്ഗാനിസ്ഥാനില്‍ നിന്ന് അമൃത്സറിലേക്ക് ഉള്ളി എത്തുന്നത്. രാജ്യത്ത് വരാന്‍ പോകുന്ന ഉള്ളിക്ഷാമത്തെ നേരിടുന്നതിന്റെ ഭാഗമായാണ് ഉള്ളി പുറത്തുനിന്ന് എത്തിക്കുന്നത്. രാജ്യത്ത് നിലവിലുള്ള അവസ്ഥ തുടരുകയാണെങ്കില്‍ ഉള്ളിക്ക് കടുത്ത ക്ഷാമം ഉണ്ടാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
ഉള്ളിയുമായി എത്തിയ ഒരു ട്രക്ക് പാട്നയില്‍ നിന്ന് മോഷണം പോയെന്നുള്ള വാര്‍ത്ത വരാനിരിക്കുന്ന ഉള്ളിക്ഷാമത്തിന്റെ തീവ്രത വ്യക്തമാക്കുന്നതാണ്.മധ്യപ്രദേശിലും ഇന്ത്യയുടെ തെക്കന്‍ ഭാഗങ്ങളിലും പെയ്ത കനത്ത മഴയാണ് ഉള്ളി കുറവായതിന്റെ കാരണമെന്ന് മാര്‍ക്കറ്റ് അസോസിയേഷന് ജനറല്‍ സെക്രട്ടറി കന്‍വര്‍പാല്‍ സിംഗ് ദുവ പറഞ്ഞു. മഴയെത്തുടര്‍ന്ന് മധ്യപ്രദേശില്‍ നിന്നുള്ള സ്റ്റോക്ക് എത്തിയിട്ടില്ല. കനത്ത മഴയെത്തുടര്‍ന്ന് തെക്കന്‍ സംസ്ഥാനങ്ങളില്‍ ഉള്ളിയുടെ പുതിയ വിള നശിച്ചു. ഉയര്‍ന്ന ഗ്രേഡിംഗ് ഉള്ളി ലഭിക്കുന്ന നാസിക് മേഖലയില്‍ വിത്ത് വിതയ്ക്കുന്നത് മഴയെത്തുടര്‍ന്ന് രണ്ടാഴ്ച വൈകിയെന്നും അദ്ദേഹം വ്യക്തമാക്കി.
Post Your Comments