ന്യൂഡൽഹി: കടുത്ത സാമ്പത്തിക പ്രതിസന്ധിയെത്തുടർന്ന് വോഡഫോൺ ഇന്ത്യ വിടുമെന്ന റിപ്പോർട്ടുകളെ തള്ളി കമ്പനി സിഇഒ നിക്ക് റീഡ് രംഗത്ത് വന്നെങ്കിലും കാര്യങ്ങൾ നേരെയായിട്ടില്ല. ഡിസംബർ ഒന്നുമുതൽ താരിഫിൽ വർധന വരുത്താൻ വോഡഫോൺ ഐഡിയ തീരുമാനിച്ചു. ടെലികോം മേഖലയിൽ സാമ്പത്തിക പ്രതിസന്ധിയുണ്ടെന്നും നിലവിലെ സാഹചര്യം മാറ്റാനുള്ള ശ്രമങ്ങൾ നടക്കുകയാണെന്നും കമ്പനി അധികൃതർ പറഞ്ഞു. അടുത്തമാസം മുതൽ നിരക്കിൽ വർധനയുണ്ടാകുമെന്ന് വോഡഫോൺ ഐഡിയ ലിമിറ്റഡ് (വിഐഎൽ ) വ്യക്തമാക്കി.
ഇപ്പോൾ 1.02ലക്ഷം കോടിയുടെ കടമുണ്ടെന്നും കമ്പനി വ്യക്തമാക്കി. എയർടെല്ലും സമാനമായ സാഹചര്യത്തിലൂടെയാണ് കടന്നു പോകുന്നത്. ടെലികോം മേഖല വളരുന്നതിനൊപ്പം ചെലവും വർധിക്കുന്നു. ഇന്ത്യയിൽ മാത്രമാണ് ഇത്ര കുറഞ്ഞ ചെലവിൽ താരിഫ് അനുവദിക്കുന്നത്. നിലവിലെ സാഹചര്യം തുടരുകയാണെങ്കിൽ സേവനം തുടരുന്നതിൽ കടുത്ത ബുദ്ധിമുട്ട് അനുഭവപ്പെടുമെന്നും വോഡഫോൺ വ്യക്തമാക്കി.
ALSO READ: ആഗ്ര അഗ്രവാന്‍ ആയേക്കും; ആഗ്രയ്ക്ക് പുതിയ പേര് നൽകാനൊരുങ്ങി ഉത്തര്‍പ്രദേശ് സര്‍ക്കാര്‍
സുപ്രീംകോടതി നിർദേശത്തെ തുടർന്ന് ലൈസൻസ്, സ്‌പെക്‌ട്രം ഫീസ് കുടിശികയ്‌ക്കായി വലിയൊരു തുക ചെലവഴിക്കേണ്ടി വന്നതോടെയാണ് വോഡഫോൺ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേക്ക് നീങ്ങിയത്. 50,921 കോടി രൂപയാണ് നഷ്‌ടമായി രേഖപ്പെടുത്തിയത്.
Post Your Comments