എസ്ബിഐയിൽ സേവിംഗ്സ് അക്കൗണ്ട് ഉള്ളവരാണ് നിങ്ങളെങ്കിൽ മിനിമം ബാലൻസിനെ കുറിച്ചും,അതിൽ കുറവ് വന്നാൽ ഈടാക്കുന്ന ഇപ്പോഴത്തെ പിഴയെ കുറിച്ചും അറിയാതെ പോകരുത്. രാജ്യത്തെ പ്രദേശങ്ങളെ വിവിധ കാറ്റഗറികളാക്കി തിരിച്ച് ആയിരം മുതൽ മൂവായിരം രൂപ വരെയാണ് ബാങ്ക് നിശ്ചയിച്ചിരിക്കുന്ന മിനിമം ബാലൻസ് തുക.ഈ അക്കൗണ്ടുകളിലെ ഓരോ മാസത്തെയും ശരാശരി നിക്ഷേപം എത്രയാണെന്ന് ബാങ്ക് പരിശോധിക്കും. അക്കൗണ്ടിൽ ദിവസം ആയിരം രൂപയിൽ താഴെയാണ് നിക്ഷേപമെങ്കിൽ ഉയർന്ന തുക പിഴ ഈടാക്കുന്നതാണ് രീതി.
മെട്രോ, അർബൻ, സെമി അർബൻ, റൂറൽ എന്നിങ്ങനെ നാല് കാറ്റഗറികളായാണ് സ്ഥലങ്ങളെ തരംതിരിച്ചിരിക്കുന്നത്. മെട്രോ, അർബൻ മേഖലകളിൽ 3000 രൂപയാണ് മിനിമം ബാലൻസ്. ഈ അക്കൗണ്ടുകളിലെ ശരാശരി ബാലൻസ് 3000 നും 1500 നും ഇടയിലാണെങ്കിൽ പത്ത് രൂപയും അതിന് ആനുപാതികമായ ജിഎസ്ടിയും പിഴയായി ഈടാക്കും. 1500 നും 750 നും ഇടയിലാണെങ്കിൽ 12 രൂപയും ജിഎസ്ടിയും, 750 ൽ താഴെയാണെങ്കിൽ 15 രൂപയും ജിഎസ്ടിയുമാണ് പിഴ.
2000 രൂപയാണ് ഇടത്തരം നഗര മേഖലയിൽ മിനിമം ബാലൻസ്. ശരാശരി ബാലൻസ് 2000 മുതൽ 1000 രൂപ വരെയാണെങ്കിൽ 7.50 രൂപയും ജിഎസ്ടിയും, 500 നും 1000 നും ഇടയിൽ 10 രൂപയും ജിഎസ്ടിയും, 500 രൂപയിലും താഴെയാണെങ്കിൽ 12 രൂപയും ജിഎസ്ടിയുമാണ് പിഴ. ഗ്രാമീണ മേഖലയിൽ ആയിരം രൂപയാണ് മിനിമം ബാലൻസ്. 500 രൂപയിൽ താഴെയാണ് ശരാശരി ബാലൻസെങ്കിൽ അഞ്ച് രൂപയും ജിഎസ്ടിയും, 250 നും 500 നും ഇടയിലാണ് ബാലൻസെങ്കിൽ 7.50 രൂപയും ജിഎസ്ടിയും, 250 രൂപയിലും താഴെയാണെങ്കിൽ 10 രൂപയും ജിഎസ്ടിയുമാണ് പിഴയായി ഈടാക്കുക. അതേസമയം എസ്ബിഐയിൽ സീറോ ബാലൻസ് അക്കൗണ്ടുകളും ലഭ്യമാണ്. മിനിമം ബാലൻസ് നിബന്ധനകളോ പിഴയോ ഈ അക്കൗണ്ടുകളിൽ ഉണ്ടാകില്ല
Post Your Comments