Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
KeralaLatest NewsNews

വിവാഹം കഴിഞ്ഞ് അഞ്ചാം നാള്‍ യുവതി കാമുകനൊപ്പം പോയി: സംഭവം കോതമംഗലത്ത്

കോതമംഗലം•വിവാഹം കഴിഞ്ഞ് അഞ്ചാം നാള്‍ സ്വന്തം വീട്ടില്‍ വിരുന്നിനെത്തിയ വധു കാമുകനൊപ്പം പോയി. കോതമംഗലം തൃക്കാരിയൂറിലാണ് നാടകീയ സംഭവം അരങ്ങേറിയത്. താലിമാല അടക്കം നാല് പവന്റെ മാലയും വരന്റെ അമ്മയുടെ ഒരു പവന്റെ കമ്മലും സഹോദരന്റെ ഭാര്യ നൽകിയ ഒരു പവന്റെ വളയുമായാണ് യുവതി മുങ്ങിയത്.

ഇക്കഴിഞ്ഞ നവംബര്‍ 10 നാണ് കോതമംഗലം തൃക്കാരിയൂർ സ്വദേശിനിയും കോഴിക്കോട് മാള സ്വദേശിയായ യുവാവും തമ്മിലുള്ള വിവാഹം നടന്നത്. വിവാഹ ശേഷം ആദ്യ നാല് ദിവസം മാളയിലെ വരന്റെ വീട്ടിലായിരുന്നു ഇവർ കഴിഞ്ഞത്. തുടർന്ന് ഇരുവരും ചേർന്ന് കോതമംഗലത്തെ വധുവിന്റെ വീട്ടിലേക്ക് വിരുന്നിനായി എത്തിയപ്പോള്‍ വീട്ടിലെത്തിയ കാമുകനൊപ്പം യുവതി പോകണമെന്ന് വാശിപിടിക്കുകയായിരുന്നു.

സംഭവമറിഞ്ഞ് വധുവിന്റെ വീട്ടില്‍ നാട്ടുകാര്‍ തടിച്ചുകൂടി. ഒടുവില്‍ കോതമംഗലം പോലീസും സ്ഥലത്തെത്തി. തനിക്ക് കാമുകനൊപ്പം പോകാനാണ് താത്പര്യമെന്നു യുവതി പൊലീസിനോടും പറഞ്ഞു. തനിക്ക് പരാതിയില്ലെന്ന് പറഞ്ഞ ഭര്‍ത്താവ് തനിക്ക് ഭാര്യയെ വേണ്ടെന്നും നഷ്ടപരിഹാരം മതിയെന്നും നിലപാടെടുത്തു. എന്നാല്‍ നഷ്ടപരിഹാരം നല്കാന്‍ വധു വീട്ടുകാര്‍ തയ്യാറായതുമില്ല. പൊലീസിന് അവരെ നിർബന്ധിക്കാനും കഴിഞ്ഞില്ല. ഒടുവില്‍ ഇരുകൂട്ടരും തമ്മില്‍ ധാരണയില്‍ എത്താന്‍ ഉപദേശം നല്‍കി പോലീസും വിഷയത്തില്‍ നിന്നും തടിയൂരി.

കഴിഞ്ഞ ആഗസ്റ്റിലായിരുന്നു ഇവരുടെ വിവാഹ നിശ്ചയം. വിവാഹ ദിവസം കുടുംബ വീട്ടിൽ നിന്ന് വസ്ത്രങ്ങൾ കൊണ്ടുവന്നിരുന്നില്ല. അതിനാൽ യുവാവ് ഏഴായിരം രൂപയുടെ വസ്ത്രങ്ങളാണ് വാങ്ങി നൽകിയത്. ഈ വസ്ത്രങ്ങളും യുവതിയുടെ കൈവശമുണ്ട്. വിവാഹ ശേഷം ബന്ധുവീടുകളിൽ വിരുന്നിന് പോയ ശേഷം നിരവധി സ്ഥലങ്ങളിൽ ഇരുവരും ഒരുമിച്ച് ചുറ്റാനും ചിത്രങ്ങൾ എടുക്കാനും പോയിരുന്നു. പിന്നീട് തിരികെ കോതമംഗലത്തെ വീട്ടിലെത്തിയപ്പോഴാണ് യുവതി ഭര്‍ത്താവിനെ വേണ്ട കാമുകനെ മതിയെന്ന പ്രഖ്യാപനം നടത്തുന്നത്.

ഊന്നുകല്ലില്‍ കട നടത്തുന്ന യുവാവുമായി യുവതി കോളേജ് പഠന കാലം മുതലേ പ്രണയത്തിലായിരുന്നുവെന്നാണ് വിവരം. യുവതിയുടെ വീട്ടുകാര്‍ക്കും ഈ വിവരമറിയാമായിരുന്നു. ഇതിനു മുൻപും പെൺകുട്ടി ഈ യുവാവിനു ഒപ്പം പോയിട്ടുണ്ട് എന്നാണ് ലഭിച്ച വിവരം. ഇതെല്ലാം മറച്ചുവച്ചാണ് ഹോട്ടല്‍ മാനേജരായ യുവാവിന് വീട്ടുകാര്‍ മകളെ വിവാഹം ചെയ്ത് നല്‍കിയത്.

വിവാഹ സമയത്ത് പെൺകുട്ടി ഈ വിവാഹത്തോട് താത്പര്യം കാട്ടിയിരുന്നില്ല. പക്ഷെ ഈ വിവാഹത്തിനു ഒരുക്കമല്ല എന്ന സൂചനയും നൽകിയില്ല. എന്നാല്‍, വിവാഹം കഴിഞ്ഞ് മാളയിലെ വരന്റെ ഗൃഹത്തിലെത്തിയ പെണ്‍കുട്ടി വരനോടും വീട്ടുകാരോടും യാതൊരു അടുപ്പവും കാണിച്ചിരുന്നില്ല. വിരുന്നിനു എത്തിയപ്പോൾ കാമുകന്റെ ഒപ്പം പോകുകയും ചെയ്തു. സംഭവം ഒത്തുതീര്‍പ്പായില്ലെങ്കില്‍ നഷ്ടപരിഹാരം തേടി കോടതിയെ സമീപിക്കാന്‍ ഒരുങ്ങുകയാണ് യുവാവ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button