ന്യൂഡല്‍ഹി :ബാങ്കുകള്‍ അതീവ ജാഗ്രത പാലിയ്ക്കണമെന്ന് ആര്‍ബിഐയുടെ നിര്‍ദേശം. ഉത്തരകൊറിയന്‍ സൈബര്‍ ആക്രമണ ഭീഷണിയെ തുടര്‍ന്നാണ് ബാങ്കുകള്‍ അവയുടെ സൈബര്‍ സുരക്ഷ വര്‍ദ്ധിപ്പിക്കണം എന്ന നിര്‍ദേശവുമായി റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ രംഗത്ത് എത്തിയിരിക്കുന്നത്. റിസര്‍വ് ബാങ്കിന് കീഴിലുള്ള സൈബര്‍ സെക്യൂരിറ്റി ആന്റ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി എക്‌സാമിനേഷന്‍ (സിഎസ്ഐടിഇ)യാണ് ബാങ്കുകള്‍ക്ക് നിര്‍ദേശം നല്‍കിയിരിക്കുന്നത്.
ബാങ്കുകളുടെ ഓഫീസുകളിലും, ബ്രാഞ്ചുകളിലുമുള്ള ഐടി സംവിധാനത്തിന്റെ സുരക്ഷ ഉറപ്പാക്കാന്‍ സിഎസ്ഐടിഇ നിര്‍ദേശത്തില്‍ പറയുന്നു.
പ്രധാനപ്പെട്ട നിര്‍ദേശങ്ങള്‍ ഇവയാണ്, കമ്പ്യൂട്ടറുകള്‍ സ്ഥാപിച്ചിരിക്കുന്ന വിധം കൃത്യമായി പരിശോധിക്കുക. പെന്‍ഡ്രൈവ് പോലുള്ള പുറത്തുനിന്നുള്ള ഉപകരണങ്ങള്‍ ഉപയോഗിക്കാന്‍ സമ്മതിക്കരുത്. ബാങ്കിലെ സന്ദര്‍ശകര്‍ക്ക് ഒരിക്കലും ബാങ്കിലെ സിസ്റ്റങ്ങള്‍ക്ക് അടുത്ത് പ്രവേശനം നല്‍കരുത്. ബാങ്കുകളുടെ സെര്‍വര്‍, സിസിടിവി സിസ്റ്റം കണ്‍ട്രോള്‍ എന്നിവയിലേക്ക് പുറത്ത് നിന്നും ഒരാളെയും പ്രവേശിപ്പിക്കരുത്. പ്രവേശിപ്പിക്കുന്നെങ്കില്‍ ഐഡന്റിറ്റി രേഖപ്പെടുത്തണം. ബാങ്കിലെ ജീവനക്കാര്‍ സിസ്റ്റത്തിന് അടുത്ത് നിന്നും പോകുമ്‌ബോള്‍ സിസ്റ്റം ലോഗ് ഔട്ട് ചെയ്യണമെന്നും നിര്‍ദേശത്തില്‍ പറയുന്നു.
രാജ്യത്തെ ബാങ്കുകള്‍ എല്ലാം കോര്‍ ബാങ്കിംങ് സംവിധാനത്തില്‍ പ്രവര്‍ത്തിക്കുന്നതിനാല്‍ ഏതെങ്കിലും ബാങ്കിന്റെ ഒരു ബ്രാഞ്ചിലെ കമ്പ്യട്ടറില്‍ നടക്കുന്ന സൈബര്‍ ആക്രമണം രാജ്യത്തെ ബാങ്കിങ്ങ് സംവിധാനത്തെ മൊത്തത്തില്‍ ബാധിച്ചേക്കാം എന്നാണ് മുന്നറിയിപ്പ്.
റിസര്‍വ് ബാങ്കിന്റെ നിര്‍ദേശത്തെ തുടര്‍ന്ന് ബാങ്കുകള്‍ ഇത് സംബന്ധിച്ച് ബാങ്കുകള്‍ക്ക് സര്‍ക്കുലര്‍ നല്‍കി കഴിഞ്ഞു. 2016 ല്‍ രാജ്യത്തെ ബാങ്കുകളില്‍ നിന്നും ആയിരം കോടിയിലേറെ രൂപ അപഹരിക്കാന്‍ ഉത്തരകൊറിയന്‍ ഹാക്കര്‍മാര്‍ ശ്രമിച്ചുവെന്ന വാര്‍ത്ത അടുത്തിടെയാണ് പുറത്തുവന്നത്. ഇതിന് പിന്നാലെയാണ് റിസര്‍വ് ബാങ്കിന്റെ നിര്‍ദേശങ്ങള്‍.
Post Your Comments