ചെന്നൈ: മദ്രാസ് ഐഐടിയിലെ മലയാളി വിദ്യാർത്ഥിനി ഫാത്തിമ ലത്തീഫിൻറെ ദുരൂഹ മരണവുമായി ബന്ധപ്പെട്ട നിര്‍ണായക തെളിവുകളുമായി സഹപാഠികളും കുടുംബവും. മരണം സംബന്ധിച്ചു സുഹൃത്തുക്കൾ ഫാത്തിമയുടെ അച്ഛനയച്ച വാട്സ് ആപ്പ് സന്ദേശങ്ങളാണ് കേസിൽ നിർണായക വഴിത്തിരിവായി മാറുന്നത്. ഫാത്തിമയുടെ പിതാവ് സന്ദേശങ്ങളിലടങ്ങിയിരിക്കുന്ന തെളിവുകള്‍, കേസ് അന്വേഷിക്കുന്ന ക്രൈംബ്രാഞ്ചിന് കൈമാറി.
പോലീസ് എഫ്ഐആറിൽ ഫാത്തിമ ഒരു നൈലോണ്‍ കയറില്‍ തൂങ്ങി മരിച്ചതായാണ് രേഖപ്പെടുത്തിയിട്ടുള്ളത്. എന്നാൽ, പെണ്‍കുട്ടിയുടെ മൃതദേഹം ആദ്യം കണ്ട സുഹൃത്ത്, ഫാത്തിമയുടെ വീട്ടിലേക്കയച്ച വാട്സ്ആപ്പ് വോയിസ് മെസേജിൽ പറയുന്ന കാര്യങ്ങൾ പരിശോധിക്കുമ്പോൾ സത്യം പുറത്തേക്ക് വരുകയാണ്. വാട്സ് ആപ്പ് സന്ദേശത്തിൽ ഫാത്തിമ മുട്ടുകുത്തിയ അവസ്ഥയിൽ കയറിൽ തൂങ്ങി നില്‍ക്കുകയായിരുന്നുവെന്നാണ് സുഹൃത്ത് വെളിപ്പെടുത്തുന്നത്. ഇക്കാരണത്താൽ പെൺകുട്ടിയുടെ മരണത്തിൽ ദുരൂഹതയുണ്ടെന്ന് ശക്തമായി വാദിക്കുകയാണ് ബന്ധുക്കള്‍.
നേരത്തെ, മരിക്കുന്നതിന് മുമ്പുള്ള 28 ദിവസങ്ങളില്‍ പെൺകുട്ടി തന്റെ സ്മാര്‍ട് ഫോണില്‍ കുറിച്ചുവച്ചിരുന്ന രേഖകൾ സംബന്ധിച്ച വിവരങ്ങള്‍ പുറത്തു വന്നിരുന്നു. ഇതില്‍ ചില നിര്‍ണായക വിവരങ്ങളുണ്ടെന്നാണ് സഹപാഠികളും ബന്ധുക്കളും ചൂണ്ടിക്കാണിക്കുന്നത്. ഫാത്തിമയുടെ മരണകാരണവുമായി ബന്ധപ്പെട്ട വിവരങ്ങളും ഇതിൽ നിന്നും ലഭിക്കുമെന്നാണ് ബന്ധുക്കള്‍ അറിയിക്കുന്നത് .
കേസിൽ ഫാത്തിമയുടെ പിതാവ് ലത്തീഫിൽ നിന്നും ബന്ധുക്കളിൽ നിന്നും ക്രൈംബ്രാഞ്ച് മൊഴിയെടുത്തു. അഡീഷ്ണൽ കമ്മീഷ്ണർ ഈശ്വരമൂർത്തിയുടെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥരാണ് മൊഴി രേഖപ്പെടുത്തിയത്.
ഫാത്തിമ ലത്തീഫിന്റെ മൃതദേഹം ഏറ്റുവാങ്ങാൻ എത്തിയപ്പോൾ അസാധാരണമായ കാര്യങ്ങളാണ് ഐഐടിയില്‍ വെച്ചും ചെന്നൈ കോട്ടൂർപുരം സ്റ്റേഷനില്‍ വെച്ചും നേരിടേണ്ടി വന്നതെന്നും ഫാത്തിമയുടേത് ആത്മഹത്യ എന്ന മുൻവിധിയോടെയായിരുന്നു പൊലീസിന്റെ പെരുമാറ്റമെന്നുമാണ് ഫാത്തിമയുടെ ബന്ധുക്കൾ ആരോപിക്കുന്നത്.
Post Your Comments