മുംബൈ: പ്രതിസന്ധികൾക്കൊടുവിൽ മഹാരാഷ്ട്രയിൽ യു പി എ- ശിവസേന സഖ്യം അധികാരത്തിലേക്ക് എന്ന് സൂചന. മഹാരാഷ്ട്രയിൽ കോൺഗ്രസും എൻ.സി.പിയുമായുള്ള ചർച്ചകളിൽ ശിവസേന സമവായത്തിന് തയ്യാറായതോടെ സർക്കാർ രൂപീകരണത്തിന് വഴി തെളിഞ്ഞു. എൻ.സി.പി നാളെ കോൺഗ്രസിന്റെയും ശിവസേനയുടെയും നേതാക്കൾക്കൊപ്പം ഗവർണർ ഭഗത് സിംഗ് കോഷിയാരിയെ കാണും. ഭൂരിപക്ഷമുള്ള സ്ഥിരതയാർന്ന സർക്കാർ സംസ്ഥാനത്ത് വരുമെന്ന് ശരത് പവാർ ഉറപ്പ് നൽകി. സർക്കാർ അഞ്ച് വർഷം ഭരിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഇതോടെ രാഷ്ട്രപതി ഭരണം ഏതാണ്ട് അവസാനിക്കുമെന്ന് ഉറപ്പായി. എൻ.സി.പി അദ്ധ്യക്ഷൻ ശരത്പവാറിന്റെ നേതൃത്വത്തിൽ നടന്ന ചർച്ചയ്ക്കൊടുവിലാണ് കോൺഗ്രസ് സഖ്യത്തിന് തയ്യാറായത്. നാളെ ഗവർണറെ കാണാൻ ശിവസേന സമ്മതിച്ചതായി എൻ.സി.പി വ്യക്തമാക്കി. ഇതോടെ മൂന്ന് പേരെയും സർക്കാരുണ്ടാക്കാൻ ഗവർണർ ക്ഷണിക്കും. നിയമസഭയിൽ ഭൂരിപക്ഷം തെളിയിച്ചാൽ രാഷ്ട്രപതി ഭരണത്തിന് പ്രസക്തിയില്ലാതാകും. ഇതോടെ ശിവസേനയുടെ നേതൃത്വത്തിലുള്ള സർക്കാർ രൂപീകൃതമാവും.
ശിവസേനയ്ക്ക് 16 മന്ത്രിമാരുണ്ടാകുമെന്നാണ് സൂചന. എൻ.സി.പിക്ക് 14 മന്ത്രിമാരെയും കോൺഗ്രസിന് 12 പേരെയും ലഭിക്കും. സ്പീക്കർ പദവിയും ഉപ മുഖ്യമന്ത്രി പദവും കോണ്‍ഗ്രസിന് ലഭിച്ചേക്കും. നിയമസഭാ കൗൺസിൽ ചെയർമാൻ പദവി എൻ.സി.പിക്ക് ലഭിക്കും. രണ്ട് ഉപമുഖ്യമന്ത്രിമാരിലൊരാൾ ശിവസേനയിൽ നിന്നായിരിക്കും.
Post Your Comments