തിരുവനന്തപുരം•കൂറുമാറ്റ നിരോധന നിയമപ്രകാരം റാന്നി പഴവങ്ങാടി ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ ബിനു.സി.മാത്യു, ലിജി ചാക്കോ, ബോബി അബ്രഹാം എന്നിവരെ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ വി . ഭാസ്കരൻ അയോഗ്യരാക്കി. നിലവിൽ ഗ്രാമപഞ്ചായത്ത് അംഗങ്ങളായി തുടരുന്നതിനും തദ്ദേശ സ്വയംഭരണ സ്ഥാപങ്ങളിലേക്ക് മത്സരിക്കുന്നതിനും 2019 നവംബർ 12 മുതൽ ആറ് വർത്തേയ്ക്കാണ് വിലക്ക് ഏർപ്പെടുത്തിയിട്ടുള്ളത് .
2015 നവംബറിൽ നടന്ന തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിൽ ബിനു.സി.മാത്യു ഇന്ത്യൻ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ പിന്തുണയുള്ള സ്വതന്ത്രനായും ലിജി ചാക്കോ ജനാതാദൾ പിന്തുണയുള്ള സ്വതന്ത്രയായും ബോബി എബ്രഹാം ഇന്ത്യൻ കമ്മ്യൂണിസ്റ്റ് പാർട്ടി (മാർക്സിസ്റ്റ്) പിന്തുണയുള്ള സ്വതന്ത്രനായുമാണ് റാന്നി പഴവങ്ങാടി ഗ്രാമ പഞ്ചായത്തിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ടത്. ഈ എൽ.ഡി.എഫ് അംഗങ്ങൾ 23.05.2017-ൽ നടന്ന പ്രസിഡന്റിനെതിരെയും വൈസ് പ്രസിഡന്റിനെതിരെയുമുള്ള അവിശ്വാസ പ്രമേയ വോട്ടെടുപ്പിൽ പങ്കെടുക്കുകയും അവിശ്വാസ പ്രമേയത്തിന് അനുകൂലമായി വോട്ടു ചെയ്യുകയും ചെയ്തു.
അവിശ്വാസ പ്രമേയത്തിനെ എതിർത്ത് വോട്ട് ചെയ്യുന്നതിനാണ് ഈ പഞ്ചായത്ത് അംഗങ്ങൾക്ക് ഇവരുടെ പാർട്ടി വിപ്പ് നൽകിയിരുന്നത്. ഇതുമൂലം എൽ.ഡി.എഫ് കാരായ പ്രസിഡന്റിനും വൈസ് പ്രസിഡന്റിനും എതിരെയുള്ള അവിശ്വാസ പ്രമേയം പാസ്സാകുകയും അവർക്ക് സ്ഥാനം നഷ്ടപ്പെടുകയും ചെയ്തിരുന്നു. അംഗങ്ങൾ ഇപ്രകാരം വോട്ട് ചെയ്ത നടപടി വിപ്പിന്റെ ലംഘനമായി കണ്ടാണ് കമ്മീഷന്റെ ഈ ഉത്തരവ്. ഇന്ത്യൻ കമ്മ്യൂണിസ്റ്റ് പാർട്ടി (മാർക്സിസ്റ്റ്) ഗ്രാമ പഞ്ചായത്ത് അംഗം എബ്രഹാം (അനിൽ തുണ്ടിയിൽ) ആയിരുന്നു ഹർജിക്കാരൻ.
Post Your Comments