ശനിദോഷംകൊണ്ട് വിവാഹം നടക്കാതെയും സന്താനമില്ലാതെയും ദുഃഖങ്ങളനുഭവിക്കുന്നവരും കുറവല്ല. ഉത്തമജീവിതം നയിച്ചിരുന്ന ദമ്പതിമാര്‍ ശനിദോഷം കൊണ്ട് വേര്‍പെട്ട് താമസിക്കുന്നുമുണ്ട്. ഇതിനെല്ലാം പരിഹാരം ഒന്നേയുള്ളൂ. ഈശ്വരസേവ. ശനീശ്വരമന്ത്രം ജപിക്കുക. നീരാഞ്ചനം നടത്തിക്കുക, ശനിപൂജ നടത്തിക്കുക, അയ്യപ്പന് നെയ്യഭിഷേകം നടത്തുക, ശബരിമല ദര്‍ശനം നടത്തുക ഇതെല്ലാം ശനിദോഷം കുറയാനുള്ള ഉപാധികളാണ്. ജാതക നിലയെക്കുറിച്ചോ, നവഗ്രഹങ്ങളെക്കുറിച്ചോ ഒന്നു മറിയാത്തവര്‍ക്കുപോലും ശനിയെന്നു കേട്ടാല്‍ ഭയമാണ്. ഭയക്കേണ്ട കാര്യമില്ല. ആത്മാര്‍ത്ഥമായി വിളിച്ചു വിളിച്ചു പ്രാര്‍ത്ഥിച്ചാല്‍ സംരക്ഷിക്കുന്നവനാണ് ശനീശ്വരന്‍. നവഗ്രഹങ്ങളില്‍ ശനിക്കു മാത്രമേ ഈശ്വരീയത്വം കല്‍പിച്ചിട്ടുള്ളൂ. ഭഗവാനായി ആരാധിക്കാനര്‍ഹനുമാണ് ശനീശ്വരന്‍.
ശനി ഇഷ്ടഭാവത്തിലാണെങ്കില്‍ ധാരാളം ഗുണങ്ങള്‍ ചെയ്യുന്ന ഒരു ഗ്രഹം കൂടിയാണ്. അങ്ങനെയെങ്കില്‍ ശനിദശാകാലം വളരെ നല്ല രീതിയില്‍ കടന്നുപോകുകയും ചെയ്യും. സ്വക്ഷേത്രം, ഉച്ചക്ഷേത്രം, മൂലക്ഷേത്രം എന്നിവയില്‍ സ്ഥിതി ചെയ്താല്‍ ശനി ഉത്തമനായിരിക്കും. ശുഭയോഗത്തോടുകൂടി നില്‍ക്കുകയാണെങ്കിലും സദ്ഫലങ്ങള്‍ നല്‍കും. ശനിയെക്കൊണ്ടുള്ള ഒരു യോഗമാണ് ശശയോഗം. പഞ്ചമഹായോഗങ്ങളിലൊന്നാണിത്. ശശയോഗമുള്ളവര്‍ രാജതുല്യപദവിയനുഭവിക്കും. ഇടവം തുലാം എന്നീ രാശികള്‍ ലഗ്‌നമായി ജനിക്കുന്നവര്‍ക്ക് ശനി ഉത്തമനാണ്. ശനി ഈ രാശികളില്‍ സ്ഥിതി ചെയ്താലും ഗുണഫലങ്ങള്‍ കൂടും. തുലാം, മകരം, കുംഭം, എന്നീ രാശികളിലൊന്ന് പത്താം ഭാവമാവുകയും ശനി അനുകൂലനാവുകയും ചെയ്താല്‍ ജീവിതത്തില്‍ വളരെയധികം ഉയര്‍ച്ചകള്‍ വരാം.
ഉത്തമസ്ഥാനത്തല്ലാതെയാണ് ശനി നില്‍ക്കുന്നതെങ്കില്‍ പാപഗ്രഹവുമാണ്. അങ്ങനെയെങ്കില്‍ ജാതകവശാല്‍ ശനി ദശയനുഭവിക്കുന്നവര്‍ക്ക് ഏറ്റവും കൂടുതല്‍ ദുരിതങ്ങളായിരിക്കും. ഗോചരവശാല്‍ ഏഴരശനിയും കണ്ടകശനിയും അഷ്ടമശനിയും അനുഭവിക്കുന്നവര്‍ക്കും വളരെയധികം കഷ്ടങ്ങളായിരിക്കും. ആയുസ്സ് കാരകനായ ശനി എല്ലാ ദുരിതങ്ങള്‍ക്കും കാരകനാവും. വിവാഹതടസ്സം, സന്താന ദുഃഖം, അപമാനം, കുടുംബഛിദ്രത, അലസത, ജയില്‍ വാസം, ദാസ്യപ്രവൃത്തി എന്നീ ദുരിതങ്ങള്‍ ശനിയെക്കൊണ്ടുണ്ടാകും.
Post Your Comments