
കോട്ടയം•പ്രശസ്ത നിര്‍മാതാവും സെഞ്ച്വറി ഫിലിംസ് ഉടമയും ഫിലിം ചേംബര്‍ മുന്‍ പ്രസിഡന്റുമായിരുന്ന സെഞ്ച്വറി രാജു മാത്യു (82) അന്തരിച്ചു. വാര്‍ധക്യ സഹജമായ അസുഖത്തെ തുടര്‍ന്ന് കോട്ടയത്തെ സ്വകാര്യ ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം.
ബാലചന്ദ്രമോനോന്റെ സംവിധാനത്തില്‍ 1982 ല്‍ പുറത്തിറങ്ങിയ കേള്‍ക്കാത്ത ശബ്ദം’ എന്ന ചിത്രമാണ് സെഞ്ച്വറിയുടെ ആദ്യ ചിത്രം. പിന്നീട് കാര്യം നിസ്സാരം, ആള്‍ക്കൂട്ടത്തില്‍ തനിയെ, അനുബന്ധം, സന്ധ്യയ്ക്കു വിരിഞ്ഞ പൂവ്, കാണാമറയത്ത്, നമുക്കു പാര്‍ക്കാന്‍ മുന്തിരിത്തോപ്പുകള്‍, നാടോടിക്കാറ്റ്, ആര്യന്‍, അടിയൊഴുക്കുകള്‍, സസ്‌നേഹം, തന്മാത്ര തുടങ്ങിയ നിരവധി നിരവധി ഹിറ്റുകള്‍ സെഞ്ച്വറിയുടെ ബാനറില്‍ വെള്ളിത്തിരയിലെത്തി.
ഫഹദ് ഫാസില്‍ നായകനായ ‘അതിരന്‍’ ആണ് ഏറ്റവും ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം. വിതരണ രംഗത്തും സജീവമായിരുന്നു. മനോഹരം,വികൃതി എന്നിയാണ് അവസാനമായി തീയേറ്ററില്‍ വിതരണത്തിന് എത്തിച്ച ചിത്രങ്ങള്‍. വിതരണത്തിന് തയാറാകുന്ന ‘കുഞ്ഞല്‍ദോ’യുടെ ചിത്രീകരണം പുരോഗമിക്കുകയാണ്.
ശവസംസ്‌കാരം പിന്നീട്. പരേതയായ ലില്ലി മാത്യുവാണ് ഭാര്യ. മക്കള്‍: അഞ്ജന ജേക്കബ്,രഞ്ജന മാത്യൂ.
Post Your Comments