ന്യൂഡൽഹി: സുപ്രധാനമായ അയോദ്ധ്യ വിധിയിൽ പുനഃപരിശോധനാ ഹർജിയുണ്ടായാൽ ബെഞ്ചിൽ മറ്റൊരാളെ ഉൾപ്പെടുത്തേണ്ടിവരും. ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ് ഈ മാസം 17നു വിരമിക്കുന്ന സാഹചര്യത്തിലാണ് ഇത്. രാമജന്മഭൂമി – ബാബറി മസ്ജിദ് കേസിലെ വിധിക്കെതിരെ പുനഃപരിശോധനാ ഹർജി നൽകുമെന്നാണ് മുസ്‌ലിം വ്യക്തിനിയമ ബോർഡ് സൂചിപ്പിക്കുന്നത്. വിധിയോടു വിയോജിപ്പുള്ളവരുണ്ടെങ്കിൽ, പുനഃപരിശോധനാ ഹർജിയും അതു പരാജയപ്പെട്ടാൽ പിഴവു തിരുത്തൽ ഹർജിയുമാണ് സാധ്യമായ നടപടികൾ.
ശബരിമല യുവതീപ്രവേശ കേസിലും ഇതേ സാഹചര്യമുണ്ടായി. പുനഃപരിശോധനാ ഹർജി, സാധാരണഗതിയിൽ, ജഡ്ജിമാർ ചേംബറിലാണ് പരിഗണിക്കുക. തുറന്ന കോടതിയിൽ പരിഗണിക്കണമെന്ന് ഹർജിക്കാർ ആവശ്യപ്പെട്ടാൽ അത് അംഗീകരിക്കുന്ന രീതിയുമുണ്ട്. അക്കാര്യത്തിലും ശബരിമല യുവതീപ്രവേശ പുനഃപരിശോധനാ ഹർജിതന്നെ ഉദാഹരണം. അടുത്തയാഴ്ച വിധി വരുന്ന ഈ കേസ് തുറന്ന കോടതിയിലാണു പരിഗണിച്ചത്.
അയോധ്യയിലെ 2.77 ഏക്കർ തർക്കഭൂമി രാമക്ഷേത്ര നിർമാണത്തിനു കൈമാറാൻ സുപ്രീം കോടതി വിധി. മസ്ജിദ് നിർമിക്കാൻ അയോധ്യയിൽതന്നെ പ്രധാന സ്ഥാനത്ത് അഞ്ചേക്കർ ഭൂമി നൽകാനുമാണ് അഞ്ചംഗ ഭരണഘടനാബെഞ്ച് വിധിച്ചത്.
Post Your Comments