ടെഹ്‌റാന്‍ : ഇറാനില്‍ പുതിയ എണ്ണപ്പാടം .. വെളിപ്പെടുത്തലുമായി ഇറാന്‍ പ്രസിഡന്റ് ഹസന്‍ റുഹാനി. 50 ബില്യന്‍ ബാരല്‍ ക്രൂഡ് ഓയില്‍ നിക്ഷേപമുള്ള പുതിയ എണ്ണപ്പാടം കണ്ടെത്തിയതായാണ് ഇറാന്‍ വെളിപ്പെടുത്തല്‍ നടത്തിയിരിക്കുന്നത്. . ദക്ഷിണ മേഖലയിലെ ഖുസെസ്ഥാന്‍ പ്രവശ്യയിലാണ് എണ്ണപ്പാടം കണ്ടെത്തിയതെന്നു പ്രസിഡന്റ് ഹസന്‍ റൂഹാനി അറിയിച്ചു. ഇതോടെ രാജ്യത്ത് ആകെയുള്ള ക്രൂഡ് ഓയില്‍ ശേഖരം മൂന്നിലൊന്നു വര്‍ധിക്കുമെന്നും റൂഹാനി പ്രഖ്യാപിച്ചു. നിലവില്‍ 150 ബില്യന്‍ ബാരല്‍ ക്രൂഡ് ഓയില്‍ നിക്ഷേപമാണ് ഇറാനിലുള്ളത്. യുഎസ് ഉപരോധത്തെത്തുടര്‍ന്ന് ഇറാന്റെ ക്രൂഡ് ഓയില്‍ വില്‍പന രാജ്യാന്തര തലത്തില്‍ തടസ്സപ്പെട്ടിരിക്കെയാണു പുതിയ എണ്ണപ്പാടം കണ്ടെത്തിയതായി ഇറാന്റെ പ്രഖ്യാപനം.
ഇറാന്റെ എണ്ണ വില്‍പനയ്ക്ക് ഉപരോധം ഏര്‍പ്പെടുത്തിയ സമയത്തു രാജ്യത്തെ തൊഴിലാളികള്‍ക്കും എന്‍ജിനീയര്‍മാര്‍ക്കും 50 ബില്യണ്‍ ബാരല്‍ എണ്ണ കണ്ടെത്താന്‍ കഴിഞ്ഞെന്നു വൈറ്റ് ഹൗസിനെ അറിയിക്കുന്നതായി ഹസന്‍ റൂഹാനി യസ്ദ നഗരത്തില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞതായി രാജ്യാന്തര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ലോകത്തെ നാലാമത്തെ വലിയ ക്രൂഡ് ഓയില്‍ നിക്ഷേപവും ലോകത്തിലെ രണ്ടാമത്തെ വലിയ പ്രകൃതിവാതക നിക്ഷേപവുമുള്ളത് ഇറാനിലാണ്. ഗള്‍ഫ് രാജ്യമായ ഖത്തറുമായി നിരവധി എണ്ണപ്പാടങ്ങള്‍ പങ്കിടുന്നുമുണ്ട്. പുതുതായി കണ്ടെത്തിയ എണ്ണപ്പാടം ഇറാനിലെ രണ്ടാമത്തെ വലിയ എണ്ണപ്പാടമാണ്. 65 ബില്യന്‍ ബാരല്‍ ക്രൂഡ് ഓയില്‍ നിക്ഷേപമുള്ള അഹ്വാസ് ആണ് ഏറ്റവും വലിയത്.
Post Your Comments