മുംബൈ: സര്‍ക്കാരുണ്ടാക്കാനാവില്ലെന്ന് മഹാരാഷ്ട്രയിലെ ഏറ്റവും വലിയ ഒറ്റകക്ഷിയായ ബി.ജെ.പി അറിയിച്ചതോടെ രണ്ടാമതുള്ള ശിവസേനയെ സര്‍ക്കാരുണ്ടാക്കാന്‍ ക്ഷണിച്ച് ഗവര്‍ണര്‍ ഭഗത് സിങ് കൊശയാരി.അതേസമയം, എന്‍.സി.പിയെയും കോണ്‍ഗ്രസിനെയും അടുപ്പിക്കാനുള്ള ശ്രമം ശിവസേന ഊര്‍ജ്ജിതമാക്കി.ശിവസേനയുമായി സഖ്യമാവാമെന്ന നിലപാടിലാണ് എന്‍.സി.പിയും. എന്നാല്‍ കര്‍ശന നിര്‍ദേശങ്ങളാണ് എന്‍.സി.പി മുന്നോട്ടുവയ്ക്കുന്നത്.
ബി.ജെ.പിയുമായുള്ള എല്ലാ ബന്ധങ്ങളും വിച്ഛേദിക്കണം. എന്‍.ഡി.എയില്‍ നിന്നും കേന്ദ്ര സര്‍ക്കാരില്‍ നിന്നും രാജിവയ്ക്കണം. കേന്ദ്രത്തിലുള്ള മന്ത്രിമാര്‍ രാജിവയ്ക്കണമെന്നും എന്‍.സി.പി നേതാവ് നവാബ് മാലിക്ക് പറഞ്ഞു. ശിവസേനയുമൊത്ത് സര്‍ക്കാരുണ്ടാക്കുന്ന കാര്യം ആലോചിക്കാന്‍ നവംബര്‍ 12ന് യോഗം ചേരുമെന്നും അദ്ദേഹം പറഞ്ഞു. കോണ്‍ഗ്രസിന്റെ 44 എം.എല്‍.എമാരും പിന്തുണയ്ക്കാമെന്ന നിലപാട് എടുത്തുവെന്നാണ് റിപ്പോര്‍ട്ടുകള്‍. ശിവസേനയുടെ എം.എല്‍.എമാര്‍ ഹോട്ടലിലും കോണ്‍ഗ്രസ് എം.എല്‍.എമാര്‍ റിസോര്‍ട്ടിലുമാണ് ഇപ്പോഴുള്ളത്.
തെരഞ്ഞെടുപ്പില്‍ ബിജെപി പ്രതീക്ഷിച്ച ഭൂരിപക്ഷം ലഭിക്കാതെ വന്നതോടെ മുഖ്യമന്ത്രി സ്ഥാനം ആവശ്യപ്പെട്ട് സഖ്യകക്ഷിയായ ശിവസേന രംഗത്ത് വന്നിരുന്നു. 50-50-ഫോര്‍മുലയില്‍ ഉറച്ചുനിന്ന ശിവസേനയെ നിലപാടില്‍ നിന്ന് പിന്തിരിപ്പിക്കാന് ശ്രമം നടത്തിയെങ്കിലും വഴങ്ങിയില്ല. ദേവേന്ദ്ര ഫഡ്നാവിസിനെ ഒഴിവാക്കി നിതിന്‍ ഗഡ്കരിയെ മുഖ്യമന്ത്രിയാക്കിയാല്‍ സഹകരിക്കാമെന്ന ശിവസേനയുടെ നിലപാട് ബിജെപി അംഗീകരിച്ചില്ല.ബിജെപി തങ്ങളുടെ എംഎല്‍എമാരെ ചാക്കിട്ടുപിടിക്കാന്‍ ശ്രമം നടത്തുന്നു എന്ന് ആരോപിച്ച് ശിവസേന എംഎല്‍എമാരെ റിസോര്‍ട്ടിലേക്ക് മാറ്റിയിരുന്നു.
കോണ്‍ഗ്രസും തങ്ങളുടെ എംഎല്‍എമാരെ റിസോര്‍ട്ടിലേക്ക് മാറ്റിയിരുന്നു. ഒക്ടോബര്‍ 21ന് നടന്ന തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് 105സീറ്റാണ് ലഭിച്ചത്. ശിവസേന 56സീറ്റിലും വിജയിച്ചു. എന്‍സിപി 54, കോണ്‍ഗ്രസ് 44 എന്നിങ്ങനെയാണ് പ്രതിപക്ഷത്തിന്റെ അംഗബലം. 288സീറ്റുകളുള്ള സഭയില്‍ 145സീറ്റുകളാണ് കേവലഭൂരിപക്ഷം ലഭിക്കാന്‍ വേണ്ടത്.
Post Your Comments