കേരളത്തിൽ അയോദ്ധ്യ വിധി ഉണ്ടാക്കുന്ന പ്രകമ്പനം എന്താവുമെന്ന് ഭയന്നായിരുന്നു ഏവരും ഇരുന്നത്. എന്നാൽ തര്‍ക്ക സ്ഥലത്ത് ക്ഷേത്രമെന്ന വിധി ആരേയും മുറിവേല്‍പ്പിക്കുന്നില്ലെന്ന് ഉറപ്പാക്കാന്‍ കേരളത്തിലെ സമുന്നതരായ ഇസ്ലാം മത നേതാക്കളും പ്രത്യേകം ശ്രദ്ധിച്ചു. കാന്തപുരം അബൂബക്കര്‍ മുസ്ലീയാര്‍ തന്നെ ഇതിന് ആദ്യ മാതൃകയായി. പിന്നീട് ഒരോരുത്തരും അത് ഏറ്റെടുക്കുകയായിരുന്നു. സമസ്ത മാത്രമാണ് ഭിന്ന സ്വരം പ്രകടിപ്പിച്ചത്.
അപ്പോഴും സംഘര്‍ഷത്തിലേക്ക് കാര്യങ്ങളെത്താതെ നോക്കാന്‍ സമസ്തയ്ക്കും കഴിഞ്ഞു. മുസ്ലിം ലീഗ് നിലപാടും അതി നിര്‍ണ്ണായകമായി. ഇതായിരുന്നു കേരളത്തിലെ മുസ്ലിം സമൂഹം ഈ വിഷയത്തില്‍ എടുത്ത പൊതു നിലപാട്. അതുകൊണ്ട് തന്നെ സംഘര്‍ഷങ്ങളില്ലാതെ അയോധ്യ വിധി ദിനം കേരളത്തിലും കടന്നു പോയി. ഒറ്റപ്പെട്ട സംഭവങ്ങള്‍ പോലുമുണ്ടായില്ല. വര്‍ഗ്ഗീയത ഉയര്‍ത്തി മുതലെടുപ്പ് രാഷ്ട്രീയത്തിന് ആരുമെത്തിയില്ലെന്നും ശ്രദ്ധേയമാണ്.
ദേശീയതലത്തിലും മുസ്ലിം സംഘടനകള്‍ ഇതേ നിലപാടാണ് എടുത്തത്. അതെ സമയം വെൽഫെയർ പാർട്ടി, പോപ്പുലർ ഫ്രണ്ട് തുടങ്ങിയ തീവ്ര സംഘടനകൾ ഇപ്പോഴും വിധി അംഗീകരിക്കാൻ തയ്യാറായിട്ടില്ല.രാജ്യത്തെ പരമോന്നത നീതിപീഠം ഇക്കാര്യത്തില്‍ കൈക്കൊള്ളുന്ന തീരുമാനം ഏതുതരത്തിലായാലും വിധിയെ സംയമനത്തോടെ അഭിമുഖീകരിക്കണമെന്നായിരുന്നു പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ പറഞ്ഞത്. തര്‍ക്കിച്ചു നില്‍ക്കാന്‍ നേരമില്ല, മുന്നോട്ടു നടക്കാനുണ്ടെന്നായിരുന്നു സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങളുടെ പ്രതികരണം.
എല്ലാ വിശ്വാസ, ആചാരങ്ങളെയും മാനിച്ചുകൊണ്ടും രാജ്യത്തിന്റെ മതേതരപാരമ്പര്യത്തെ ഓര്‍മിപ്പിച്ചുകൊണ്ടുമാണ് ഭരണഘടനാബെഞ്ച് സുപ്രധാന വിധി പുറപ്പെടുവിച്ചത്. കാലങ്ങളായി ഇന്ത്യയെ കാര്‍ന്നുതിന്നിരുന്ന ഒരു വ്യാധിയുടെ കാര്യത്തില്‍ പരമോന്നത കോടതി തീര്‍പ്പു കല്പിച്ചു എന്നതാണ് കാര്യം. രാജ്യത്തെ ഹിന്ദുവെന്നും മുസ്ലിമെന്നും രണ്ടായി മുറിച്ച് ഭരിച്ചുതുടങ്ങിയത് ബ്രിട്ടീഷുകാരാണ്. അനായാസം രാജ്യം കീഴടക്കാനുള്ള തന്ത്രമായിരുന്നു ഈ ഭിന്നിപ്പിച്ചു ഭരിക്കല്‍.
ഒരു ഘട്ടത്തിൽ മുസ്ളീം വിശ്വാസികൾ അയോധ്യയിൽ ക്ഷേത്രം പണിയാൻ അനുമതി കൊടുക്കാൻ ഇരുന്നപ്പോഴാണ് ചില ഇടതു ചരിത്രകാരന്മാരും എഴുത്തുകാരും പല രീതിയിലും ഇതിനെകുറിച്ചെഴുതി സ്ഥിതി വഷളാക്കിയതും കലാപത്തിലേക്കെത്തിച്ചതും എന്നാണ് ചരിത്രകാരനും പുരാവസ്തു ഗവേഷകനുമായ കെകെ മുഹമ്മദ് തന്റെ പുസ്തകത്തിൽ പറഞ്ഞിട്ടുള്ളത്. അതേപോലെ ചില ഒറ്റപ്പെട്ട എതിർപ്പുകൾ ഇടതു പക്ഷത്തു നിന്നുണ്ടായെങ്കിലും പൊതുവെ സംയമനം പാലിച്ചു കൊണ്ടായിരുന്നു കേരളത്തിലെ ഇടതുപക്ഷ പ്രവർത്തകർ പെരുമാറിയത്.
Post Your Comments