ന്യൂഡല്‍ഹി•ബാബരി മസ്ജിദ് ഭൂമിയുടെ ഉടമസ്ഥാവകാശം സംബന്ധിച്ച കേസിലെ സുപ്രീംകോടതി വിധി അന്യായവും നിരാശാജനകവുമാണെന്ന് പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ കേന്ദ്ര സെക്രട്ടേറിയറ്റ് വ്യക്തമാക്കി. വിധിയുടെ പൂര്‍ണ്ണ രൂപം ലഭ്യമായിട്ടില്ല. എങ്കിലും മസ്ജിദ് ഭൂമി ക്ഷേത്ര നിര്‍മ്മാണത്തിന് കൈമാറാനാണ് പ രമോന്നത കോടതി വിധിച്ചിരിക്കുന്നത്. മുസ്ലിംകള്‍ക്ക് പള്ളി പണിയാന്‍ പകരം സ്ഥലം അനുവദിക്കണമെന്നും വിധിയില്‍ പറയുന്നു.
ഏതെങ്കിലും ക്ഷേത്രം തകര്‍ത്ത ശേഷമല്ല പള്ളി നിര്‍മ്മിച്ചത് എന്ന് വ്യക്തമാക്കിയ കോടതി 1949 ല്‍ പള്ളിക്കുള്ളില്‍ വിഗ്രഹം സ്ഥാപിച്ചതാണെന്നും 1992 ല്‍ പള്ളി തകര്‍ത്തത് നിയമ ലംഘനമാണെന്നും അംഗീകരിക്കുന്നു. നിര്‍ഭാഗ്യവശാല്‍, ഇത്തരം വസ്തുതകള്‍ക്ക് വിരുദ്ധമായി തകര്‍ക്കപ്പെട്ട പള്ളിയുടെ മുഴുവന്‍ ഭൂമിയും ക്ഷേത്ര നിര്‍മ്മാണത്തിന് കൈമാറിയിരിക്കുയാണ്. മുസ്ലിംകള്‍ക്ക് പകരം ഭൂമി എന്നത് അപ്രസക്തവും നീതീകരിക്കാന്‍ കഴിയാത്തതുമാണ്.
പരമോന്നത കോടതിയുടെ ഈ വിധി ന്യൂനപക്ഷാവകാശങ്ങള്‍ക്കു മേല്‍ മാത്രമല്ല ഭരണഘടനയുടെ അടിസ്ഥാന തത്വങ്ങളില്‍ പോലും ഗുരുതരമായ പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കുമെന്ന് പോപുലര്‍ ഫ്രണ്ട് ആശങ്കപ്പെടുന്നു. ബാബരി മസ്ജിദിന്റെ തകര്‍ച്ചയിലേക്ക് നയിച്ച അനവധി സംഘടിത കലാപങ്ങള്‍ക്കും അതിക്രമങ്ങള്‍ക്കും ലോകം സാക്ഷിയാണ്. ബാബരി മസ്ജിദ് തല്‍സ്ഥാനത്ത് പുനര്‍നിര്‍മ്മിക്കുമെന്ന അന്നത്തെ പ്രധാനമന്ത്രിയുടെ വാഗ്ദാനം ഇനിയും പാലിക്കപ്പെട്ടിട്ടില്ല.
മുസ്ലിംകള്‍ നിര്‍മ്മിക്കുകയും നൂറ്റാണ്ടുകളോളം ആരാധന നിര്‍വഹിക്കുകയും ചെയ്ത ബാബരി മസ്ജിദ് വിഷയത്തില്‍ നീതി പുലരാന്‍ നിയമപരവും ജനാധിപത്യപരവുമായ എല്ലാ മാര്‍ഗങ്ങളും സ്വീകരിക്കും. നീതി പുന:സ്ഥാപിക്കുന്നതിനു വേണ്ടി യു.പി സുന്നി വഖഫ് ബോര്‍ഡും ആള്‍ ഇന്ത്യ മുസ്ലിം പേഴ്‌സണല്‍ ലോബോര്‍ഡും നടത്തുന്ന പോരാട്ടങ്ങള്‍ക്കൊപ്പം ഉറച്ചു നില്‍ക്കും. ഈ നിര്‍ണ്ണായക ഘട്ടത്തില്‍ സമാധാനവും സഹവര്‍ത്തിത്വവും നിലനിര്‍ത്താന്‍ എല്ലാ വിഭാഗം ജനങ്ങളോടും പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ ആഹ്വാനം ചെയ്തു.
Post Your Comments