Latest NewsArticleNewsIndia

ആറ് നൂറ്റാണ്ട് പഴക്കമുള്ള തര്‍ക്കത്തിനും നിയമപോരാട്ടത്തിനും വിരാമം; അയോധ്യ കേസിന്റെ നാള്‍ വഴികളിലൂടെ

134 വര്‍ഷം നീണ്ട നിയമപോരാട്ടത്തിന് ഇന്ന് വിരാമം. അയോദ്ധ്യ രാമജന്മഭൂമി-ബാബറി മസ്ജിദ് കേസിലാണ് സുപ്രിംകോടതി ഇന്ന് ചരിത്ര വിധി പ്രസ്താവിച്ചത്. ആറ് നൂറ്റാണ്ട് പഴക്കമുള്ള തര്‍ക്കത്തിനും നിയമപോരാട്ടത്തിനുമാണ് ഇതോടെ തീര്‍പ്പു കല്‍പ്പിട്ടത്. നിയമവൃത്തങ്ങളില്‍ അമ്പരപ്പു സൃഷ്ടിച്ചുകൊണ്ടാണ് അയോധ്യാ ഭൂമി തര്‍ക്ക കേസില്‍ ഇന്നു വിധി പറയാന്‍ സുപ്രീം കോടതി തീരുമാനിച്ചത്. നാലു ദിവസം കോടതി അവധിയായതിനാല്‍ പതിനാലിനോ പതിനഞ്ചിനോ അയോധ്യാ കേസില്‍ വിധി വരുമെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. എന്നാല്‍ പിന്നീട് നാടകീയമായിരുന്നു സുപ്രീംകോടതിയുടെ നീക്കം. രണ്ടാം ശനിയാഴ്ച അവധി ദിവസം തന്നെ രാജ്യം കാത്തിരുന്ന ആ നിര്‍ണായക കേസില്‍ സുപ്രീംകോടതി വിധി പുറപ്പെടുവിപ്പിച്ചു. പ്രത്യേക സിറ്റിംഗ് വിളിച്ചുചേര്‍ത്താണ് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് അദ്ധ്യക്ഷനായ ഭരണഘടന ബെഞ്ച് സുപ്രധാന വിധി പുറപ്പെടുവിച്ചത്. 2019 ഒക്ടോബര്‍ 16- വിചാരണ പൂര്‍ത്തിയായ കേസില്‍, 2019 നവംബര്‍ 09ഓടെ അന്തിമ വിധിയായി. അയോധ്യയില്‍ തര്‍ക്ക ഭൂമിയുടെ അവകാശം ഹിന്ദുക്കള്‍ക്ക് നല്‍കിക്കൊണ്ടാണ് സുപ്രീംകോടതിയുടെ ചരിത്രപരമായ വിധി.

രാമക്ഷേത്രം നിര്‍മിക്കുന്നതിനായി തര്‍ക്കത്തിലുള്ള 2.77 ഏക്കര്‍ ഭൂമി ട്രസ്റ്റിന് വിട്ടുനല്‍കണമെന്നാണ് കോടതി വിധി. അതോടൊപ്പം, പള്ളി നിര്‍മ്മിക്കുന്നതിന് സുന്നി വഖഫ് ബോര്‍ഡിന് അഞ്ച് ഏക്കര്‍ ഭൂമി സര്‍ക്കാര്‍ കണ്ടെത്തി നല്‍കണമെന്നും വിധിയില്‍ പറയുന്നു. 3 മാസത്തിനുള്ളില്‍ ക്ഷേത്രനിര്‍മാണത്തിന് കേന്ദ്രസര്‍ക്കാര്‍ പദ്ധതി തയ്യാറാക്കണം. ഇതിനായി ഒരു ബോര്‍ഡ് ഓഫ് ട്രസ്റ്റീസ് രൂപവത്കരിക്കണം. ട്രസ്റ്റില്‍ കേസില്‍ ഹര്‍ജി നല്‍കിയിരുന്ന നിര്‍മോഹി അഖാഡയ്ക്ക് പ്രാതിനിധ്യം നല്‍കണമെന്നും വിധിയില്‍ പറയുന്നു. ഏകകണ്ഠമായിരുന്നു വിധി. ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ്, ജസ്റ്റിസുമാരായ എസ്.എ ബോബ്‌ഡെ, ഡി.വൈ ചന്ദ്രചൂഡ്, അശോക് ഭൂഷണ്‍, അബ്ദുള്‍ നസീര്‍ എന്നിവരടങ്ങുന്ന ഭരണഘടനാ ബഞ്ചാണ് വിധി പ്രസ്താവിച്ചത്.

READ ALSO: അയോദ്ധ്യ വിധിയുടെ പേരില്‍ പ്രകോപനപരമായ പ്രതികരണങ്ങള്‍ ആരും നടത്തരുത്: സിപിഐഎം പോളിറ്റ് ബ്യൂറോയുടെ കർശന നിർദ്ദേശം

അയോദ്ധ്യ കേസിന്റെ നാള്‍വഴികളിങ്ങനെ

1528ല്‍ പാനിപ്പത്ത് യുദ്ധവിജയത്തിന്റെ ഓര്‍മ്മയ്ക്കായി ബാബറിന്റെ നിര്‍ദ്ദേശ പ്രകാരം സൈന്യാധിപനായ മിര്‍ ബാഖി ബാബറി മസ്ജിദ് പണികഴിപ്പിച്ചുവെന്നാണ് അവകാശവാദം. എന്നാല്‍ അയോദ്ധയയിലുണ്ടായ ശ്രീരാമക്ഷേത്രം തകര്‍ത്താണ് പള്ളി സ്ഥാപിച്ചതെന്ന് ഹിന്ദുക്കളിലെ ഒരു വിഭാഗമായ നിര്‍മോഹി അഖാഡ അവകാശപ്പെട്ടു. 1850 ഓടെയാണ് തര്‍ക്കം ഉന്നയിച്ച് നിര്‍മോഹി അഖാഡരംഗത്തെത്തിയത്. ഇതോടെ ബാബറി മസ്ജിദ് തര്‍ക്കവുമായി ബന്ധപ്പെട്ട് ഹിന്ദു-മുസ്ലിം സംഘര്‍ഷത്തിന് തുടക്കമായി. ഇതോടെ 1859ല്‍ അന്നത്തെ ബ്രിട്ടീഷ് ഭരണകൂടം ഹിന്ദുക്കള്‍ക്കും മുസ്ലീംങ്ങള്‍ക്കും ആരാധന നടത്തുന്ന സ്ഥലത്ത് ചുറ്റുവേലികള്‍ കെട്ടി. 1885 അയോധ്യയില്‍ ക്ഷേത്രം പണിയാന്‍ അനുമതി തേടി മഹന്ത് രഘുബീര്‍ ഫൈസാബാദ് കോടതിയെ സമീപിച്ചു. ഈ ഹര്‍ജി കോടതി തള്ളി. 1946 അയോധ്യയില്‍ അവകാശവാദമുന്നയിച്ച് ഹൈന്ദവ സംഘടനയായ അഖില ഭാരതീയ രാമായണ മഹാസഭ സമരം തുടങ്ങി. 1949 മസ്ജിദിനകത്ത് കാണപ്പെട്ട ശ്രീരാമന്റെയും സീതയുടെയും വിഗ്രഹങ്ങള്‍ നീക്കംചെയ്യാനുള്ള ശ്രമം കോടതി തടഞ്ഞു.

1950 മസ്ജിദിനുള്ളിലുള്ള വിഗ്രഹങ്ങളില്‍ ആരാധന നടത്താന്‍ അനുമതി നല്‍കണമെന്നാവശ്യപ്പെട്ട് ഗോപാല്‍ സിംല വിശാരദ്, പരംഹംസ രാമചന്ദ്രദാസ് എന്നിവര്‍ ഫൈസാബാദ് കോടതിയെ സമീപിച്ചു. 1959 തര്‍ക്കഭൂമിയില്‍ അവകാശമുന്നയിച്ച് നിര്‍മോഹി അഖാഡ കോടതിയിലേക്ക്. 1981 ഉത്തര്‍പ്രദേശിലെ സുന്നി സെന്‍ട്രല്‍ വഖഫ് ബോര്‍ഡും കോടതിയെ സമീപിച്ചു. 1984ല്‍ ഹിന്ദു സംഘങ്ങള്‍ ഒരു രാമക്ഷേത്രത്തിന്റെ നിര്‍മ്മാണത്തിന് നേതൃത്വം നല്‍കാന്‍ ഒരു സമിതി രൂപീകരിച്ചു. വിശ്വഹിന്ദു പരിഷത്ത് രാമക്ഷേത്രത്തിന് തറക്കല്ലിട്ടു. 1990 സെപ്റ്റംബര്‍-രാമക്ഷേത്രനിര്‍മാണത്തിന് പിന്തുണതേടി എല്‍.കെ. അദ്വാനിയുടെ രാജ്യവ്യാപകമായി രഥയാത്ര നടത്തി. 1991 ഉത്തര്‍പ്രദേശില്‍ ബി.ജെ.പി. അധികാരത്തിലെത്തിയതിനു പിന്നാലെ മസ്ജിദിനോടു ചേര്‍ന്നുള്ള വഖഫ് ബോര്‍ഡിന്റെ 2.77 ഏക്കര്‍ സര്‍ക്കാര്‍ ഏറ്റെടുത്തു.

1992 ഡിസംബര്‍ 06- വി.എച്ച്.പി പ്രവര്‍ത്തകര്‍ ബാബറി മസ്ജിദ് പൊളിച്ചു. രാജ്യത്താകമാനം ഉണ്ടായ സംഘര്‍ഷത്തില്‍ രണ്ടായിരത്തോളം പേര്‍ കൊല്ലപ്പെട്ടു. പൊളിച്ച് പത്ത് ദിവസത്തിന് ശേഷം സംഭവം അന്വേഷിക്കാന്‍ ലിബര്‍ഹാന്‍ കമ്മീഷനെ നിയോഗിച്ചു. അന്വേഷണം ആരംഭിച്ച് ഏകദേശം 17 വര്‍ഷത്തിനുശേഷം 2009 ജൂണില്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. 2010 സെപ്റ്റംബര്‍ 30- തര്‍ക്കഭൂമി ഹിന്ദുക്കള്‍ക്കും മുസ്ലിങ്ങള്‍ക്കും നിര്‍മോഹി അഖാഡയ്ക്കും മൂന്നായി വിഭജിച്ചുകൊണ്ട് അലഹാബാദ് ഹൈക്കോടതിയുടെ ഉത്തരവിട്ടു. 2011 മേയ് ഒമ്പത്-അലഹാബാദ് ഹൈക്കോടതി വിധി സുപ്രീംകോടതി സ്റ്റേ ചെയ്തു. 2017 മാര്‍ച്ച്- കേസ് കോടതിക്കുപുറത്ത് ഒത്തുതീര്‍ക്കാന്‍ ചീഫ് ജസ്റ്റിസ് ജെ.എസ്. ഖേഹര്‍ ഹര്‍ജിക്കാരോട് നിര്‍ദ്ദേശിച്ചു. 2018 ഫെബ്രുവരി- സുപ്രീംകോടതി സിവില്‍ അപ്പീലുകള്‍ കേള്‍ക്കാന്‍ തുടങ്ങി
2018 ജൂലായ് 20 -സുപ്രീംകോടതി വിധി പറയുന്നത് മാറ്റിവെച്ചു. 2019 ജനുവരി എട്ട്-കേസ് കേള്‍ക്കാന്‍ ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയിയുടെ നേതൃത്വത്തില്‍ അഞ്ചംഗ ഭരണഘടനാബെഞ്ച് രൂപീകരിച്ചു.

2019 ജനുവരി 29-പിടിച്ചെടുത്ത 67 ഏക്കര്‍ ഉടമസ്ഥര്‍ക്ക് തിരിച്ചുനല്‍കണമെന്നാവശ്യപ്പെട്ട് കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിച്ചു. 2019 ഫെബ്രുവരി 26 – കേസില്‍ മധ്യസ്ഥതാ ശ്രമവുമായി സുപ്രിം കോടതി. 2019 മാര്‍ച്ച് എട്ട്- മുന്‍ ജഡ്ജി എഫ്.എം. കലീഫുള്ള, ശ്രീ ശ്രീ രവിശങ്കര്‍, മുതിര്‍ന്ന അഭിഭാഷകന്‍ ശ്രീരാം പഞ്ചു എന്നിവരുള്‍പ്പെടുന്ന മൂന്നംഗ മധ്യസ്ഥസമിതി സുപ്രീംകോടതി രൂപീകരിച്ചു. 2019 മേയ് 10-മധ്യസ്ഥ സമിതിയുടെ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. 2019 ഓഗസ്റ്റ് 06 -കേസില്‍ സുപ്രീംകോടതി വിചാരണ തുടങ്ങി. 2019 ഒക്ടോബര്‍ 14 – അയോധ്യയില്‍ ഡിസംബര്‍ പത്തുവരെ യു.പി. സര്‍ക്കാര്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. 2019 നവംബര്‍ 17ാടെ ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് വിരമിക്കുന്നതോടെയാണ് കേസ് വിധി പറയാന്‍ തീരുമാനിച്ചത്. 2019 ഒക്ടോബര്‍ 16- കേസില്‍ വിചാരണ പൂര്‍ത്തിയായി. 2019 നവംബര്‍ 9 ന് സുപ്രീംകോടതിയുടെ ചരിത്രത്തില്‍ തന്നെ രണ്ടാമത് ഏറ്റവും കൂടുതല്‍ വിചാരണ കേട്ട കേസിന് അന്തിമവിധിയായി.

shortlink

Related Articles

Post Your Comments

Related Articles


Back to top button