ന്യൂഡല്‍ഹി: കശ്മീരില്‍ ഇപ്പോള്‍ നടക്കുന്നതിനേക്കാൾ ഭയങ്കരമായത് അടിയന്തരാവസ്ഥ കാലത്ത് സംഭവിച്ചില്ലേ എന്ന് ജമ്മു-കശ്മീരിലെ നിയന്ത്രണങ്ങള്‍ക്കും മനുഷ്യാവകാശ ധ്വംസനങ്ങള്‍ക്കും എതിരെ സമര്‍പ്പിച്ച ഹരജികളില്‍ വാദം കേള്‍ക്കുന്നതിനിടയില്‍ സുപ്രീംകോടതി ചോദിച്ചു. രാജ്യത്ത് 70 ലക്ഷം മനുഷ്യരെ ഈ തരത്തില്‍ സ്തംഭിപ്പിച്ച ഒരു സംഭവമുണ്ടായിട്ടില്ലെന്ന് കശ്മീരില്‍ ഇപ്പോള്‍ ചെയ്തത് പരാമര്‍ശിക്കെ മുതിര്‍ന്ന അഭിഭാഷകനും കോൺഗ്രസ് നേതാവുമായ കപില്‍ സിബല്‍ ഓര്‍മിപ്പിച്ചപ്പോഴാണ് ജസ്റ്റിസ് എന്‍.വി. രമണ അധ്യക്ഷനായ ബെഞ്ച് ഇത്തരമൊരു ചോദ്യമുന്നയിച്ചത്.
കശ്മീര്‍ പോലൊരു കേസ് സുപ്രീംകോടതിക്ക് മുമ്പ് നേരിടേണ്ടി വന്നിട്ടുണ്ടോ എന്ന് ഹരജിക്കാരില്‍ ഒരാളായ കോണ്‍ഗ്രസ് നേതാവ് ഗുലാം നബി ആസാദിനു വേണ്ടി ഹാജരായ കപില്‍ സിബലിനോട് ജസ്റ്റിസ് എന്‍.വി. രമണ ചോദിച്ചപ്പോള്‍ ഇല്ലെന്നായിരുന്നു മറുപടി. അപ്പോള്‍ 1970കളില്‍ അടിയന്തരാവസ്ഥ കാലത്ത് എന്താണ് സംഭവിച്ചതെന്ന് ജസ്റ്റിസ് ചോദിച്ചു.ഏതാനും കുറച്ചാളുകള്‍ പ്രശ്നമുണ്ടാക്കുമെന്ന് കരുതി 70 ലക്ഷം മനുഷ്യരുടെ അവകാശങ്ങള്‍ മരവിപ്പിച്ചു നിര്‍ത്തിയെന്നാണോ സിബല്‍ പറയുന്നതെന്ന് ജസ്റ്റിസ് രമണ തിരിച്ചു ചോദിച്ചു.
അങ്ങനെയെങ്കില്‍ കുഴപ്പക്കാരായ കുറച്ചു പേരെ എന്തു ചെയ്യുമെന്നും അദ്ദേഹം ചോദിച്ചു.അവരെ കസ്റ്റഡിയിലെടുക്കുകയോ അറസ്റ്റ് ചെയ്യുകയോ ആകാമെന്ന് സിബല്‍ പ്രതികരിച്ചു. അതാണ് ഇപ്പോൾ നടക്കുന്നതെന്നായിരുന്നു സർക്കാർ വാദം. അതെ സമയം ജമ്മു-കശ്മീരില്‍ 1990 മുതല്‍ ആഗസ്റ്റ് അഞ്ചു വരെ നടന്ന ആയിരക്കണക്കിന് മരണങ്ങളുടെയും ഭീകരപ്രവര്‍ത്തനങ്ങളുടെയും അക്രമങ്ങളുടെയും സര്‍ക്കാര്‍ സമര്‍പ്പിച്ച സ്ഥിതിവിവരക്കണക്കുതന്നെ ജമ്മു-കശ്മീര്‍ അടച്ചുപൂട്ടി നിയന്ത്രണത്തിലാക്കാനുള്ള മതിയായ കാരണമാണെന്ന് സുപ്രീംകോടതി അഭിപ്രായപ്പെട്ടു.
1990 മുതല്‍ കശ്മീരില്‍ 41,866 പേര് കൊല്ലപ്പെടുകയും 71,038 ഭീകരാക്രമണങ്ങള്‍ നടക്കുകയും ചെയ്തിട്ടുണ്ടെന്ന് എ.ജി ബോധിപ്പിച്ചപ്പോള്‍ ”ഭയാനകമായ സ്ഥിതിവിശേഷമാണിതെന്നും ഇതെല്ലാം മതിയായ കാരണമാണെന്നും സുരക്ഷാവിഷയങ്ങളാണെന്നും” ജസ്റ്റിസ് ബോബ്ഡെ പിന്താങ്ങി.
Post Your Comments