കോംപാക്റ്റ് എസ്‌യുവി മോഡൽ എക്‌സ്‌യുവി 300 ഇന്ത്യയില്‍ തിരിച്ചുവിളിച്ച് മഹീന്ദ്ര. സസ്‌പെന്‍ഷനുമായി ബന്ധപ്പെട്ട വാഹന ഘടകത്തിൽ തകരാർ കണ്ടെത്തിയതിനെ തുടർന്ന് 2019 മെയ് 19 വരെ നിര്‍മിച്ച വാഹനങ്ങളാണ് തിരികെ വിളിച്ചതെന്നു വാർത്ത ഏജന്‍സി റിപ്പോര്‍ട്ട് ചെയ്യുന്നു. തിരിച്ചുവിളിച്ച വാഹനങ്ങളുടെ ഉടമകളെ ബന്ധപ്പെടുമെന്നും വാഹനഘടകം സൗജന്യമായി മാറ്റിസ്ഥാപിക്കുമെന്നും മഹീന്ദ്ര അറിയിച്ചു.എന്നാൽ എത്ര ബാച്ചുകളിലായി എത്ര യൂണിറ്റ് എക്‌സ്‌യുവി 300 തിരിച്ചുവിളിച്ചെന്ന് മഹീന്ദ്ര വെളിപ്പെടുത്തിയില്ല.
ഈ വര്‍ഷം ഫെബ്രുവരിയിലാണ് എക്‌സ്‌യുവി 300നെ മഹീന്ദ്ര ഇന്ത്യന്‍ വിപണിയില്‍ എത്തിച്ചത്. മഹീന്ദ്രയുടെ കീഴിലുള്ള കൊറിയൻ കാർ നിർമാണ കമ്പനിയായ സാങ്‌യോങിന്റെ ടിവോളിയെ അടിസ്ഥാനമാക്കിയാണ് എക്സ് യു വി 300ന്റെ നിർമാണം. എയറോ ഡൈനാമിക് ഡിസൈന്‍, വലിയ ടച്ച് സ്ക്രീൻ ഇൻഫോടൈൻമെന്റ് സിസ്റ്റം, ക്രൂസ് കൺട്രോൾ, ഡ്യുവൽ ടോൺ ഓട്ടമാറ്റിക് ക്ലൈമറ്റ് കൺട്രോൾ, ഏഴ് എയർബാഗുകൾ, ഫുൾ എൽഇഡി ഹെഡ്‍ലാംപ്, ടെയിൽ ലാംപ് എന്നിവയാണ് പ്രധാന പ്രത്യേകതകൾ.
1.2 ലിറ്റര്‍, ടര്‍ബോ-പെട്രോള്‍, 1.5 ലിറ്റര്‍ ഡീസല്‍ എന്നീ എന്‍ജിന്‍ ഓപ്ഷനുകളോടെയാണ് കോംപാക്റ്റ് എസ്‌യുവി വിപണിയിലെത്തിയത്. 6 സ്പീഡ് മാനുവൽ ഗിയര്‍ബോക്‌സ് രണ്ട് എന്‍ജിനുകളിലും ഇടം നേടിയപ്പോൾ പിന്നീട് 6 സ്പീഡ് എഎംടി ഓപ്ഷന്‍ കൂടി വന്നു. സബ്-4 മീറ്റര്‍ എസ്‌യുവി സെഗ്‌മെന്റില്‍ മാരുതി സുസുകി വിറ്റാര ബ്രെസ്സ, ഹ്യുണ്ടായ് വെന്യൂ, ടാറ്റ നെക്‌സോണ്‍ എന്നിവയാണ് മഹീന്ദ്ര എക്‌സ്‌യുവി 300ന്റെ പ്രധാന എതിരാളികള്‍. W4, W6, W8, W8 (O) എന്നീ നാല് വകഭേദങ്ങളിലെത്തുന്ന എക്‌സ്.യു.വിക്ക് 7.90 ലക്ഷം രൂപ മുതല്‍ 11.99 ലക്ഷം വരെയാണ് എക്‌സ്‌ഷോറൂം വില. നിലവിൽ എക്‌സ്‌യുവി 300നു ബിഎസ് 6 എന്‍ജിന്‍ നല്‍കി പരിഷ്‌കരിക്കാന്‍ മഹീന്ദ്ര തയ്യാറെടുക്കുകയാണെന്ന റിപ്പോർട്ടുകളും പുറത്തു വരുന്നുണ്ട്.
Post Your Comments