Latest NewsIndiaNews

യോജിപ്പിന് വീണ്ടും ശിവസേന-ബിജെപി നീക്കം

മുംബൈ : ശിവസേനയുമായുള്ള സഖ്യസാധ്യത എന്‍സിപി അധ്യക്ഷന്‍ ശരദ് പവാര്‍ തള്ളിയതിനു പിന്നാലെ, മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് വിളിച്ചുചേര്‍ത്ത മന്ത്രിസഭായോഗത്തില്‍ 6 ശിവസേന മന്ത്രിമാര്‍ പങ്കെടുത്തു. ഇതോടെ, മഹാരാഷ്ട്രയിലെ രാഷ്ട്രീയ പ്രതിസന്ധിക്ക് ഉടന്‍ പരിഹാരമാകുമെന്നു സൂചന.

മുഖ്യമന്ത്രിയുടെ യോഗത്തില്‍ ശിവസേനാ മന്ത്രിമാരുമായി ബിജെപി സംസ്ഥാന നേതൃത്വം അധികാര വിഭജനത്തെക്കുറിച്ച് പ്രാഥമിക ചര്‍ച്ച നടത്തിയെന്നാണു വിവരം. തുടര്‍ന്നു നടന്ന ബിജെപി സംസ്ഥാന ഏകോപന സമിതി യോഗത്തിലും ഇതെക്കുറിച്ച് കൂടിയാലോചനകളുണ്ടായി. സ്വീകാര്യമായ നിര്‍ദേശങ്ങള്‍ ഉടന്‍ ഉരുത്തിരിയുമെന്നും നേര്‍ക്കുനേര്‍ പോരാട്ടത്തിനു പിന്നാലെ ഇരു പാര്‍ട്ടികളും കൈ കോര്‍ക്കുമെന്നുമാണ് വിലയിരുത്തല്‍.

നിയമസഭയുടെ കാലാവധി ശനിയാഴ്ച അവസാനിക്കാനിരിക്കെ ബിജെപി നേതാക്കള്‍ ഇന്ന് ഗവര്‍ണറെ കാണും. രാവിലെ 11.30ന് ശിവസേന എംഎല്‍എമാരുടെ യോഗം വിളിച്ചിട്ടുണ്ട്. മുതിര്‍ന്ന ബിജെപി നേതാവും കേന്ദ്രമന്ത്രിയുമായ നിതിന്‍ ഗഡ്കരി ഇന്ന് ആര്‍എസ്എസ് മേധാവി മോഹന്‍ ഭഗവതുമായും കൂടിക്കാഴ്ച നടത്തും.

അപ്പോഴും, ഉദ്ധവ് താക്കറെയ്ക്ക് ബിജെപിയില്‍ നിന്ന് ഇതുവരെ വാഗ്ദാനമൊന്നും ലഭിച്ചിട്ടില്ലെന്ന് സേനാ നേതാവ്് സഞ്ജയ് റാവുത്ത് എംപി പ്രതികരിച്ചത്. എന്നാല്‍, ശുഭവാര്‍ത്ത ഉടന്‍ ഉണ്ടാകുമെന്നാണു ബിജെപി യോഗത്തിനു ശേഷം പാര്‍ട്ടി നേതാവ്് സുധീര്‍ മുന്‍ഗന്‍തിവാര്‍ പറഞ്ഞത്. ശിവസേന നേതാവ് മുഖ്യമന്ത്രിയാകുന്നതു സംബന്ധിച്ചാവട്ടെ വാര്‍ത്തയെന്നായിരുന്നു സഞ്ജയ് റാവുത്തിന്റെ മറുപടി.

shortlink

Post Your Comments


Back to top button