![](/wp-content/uploads/2019/11/shashika.jpg)
ന്യൂഡല്‍ഹി: എഐഎഡിഎംകെ മുന്‍ നേതാവും അന്തരിച്ച തമിഴ്നാട് മുൻ മുഖ്യമന്ത്രി ജയലളിതയുടെ തൊഴിയുമായ വി.കെ. ശശികലയുടെ 1600 കോടിയുടെ സ്വത്തുക്കള്‍ ആദായ നികുതി വകുപ്പ് കണ്ടുകെട്ടി. ബിനാമി ഇടപാട് നിരോധന നിയമപ്രകാരമാണ് നടപടിയെന്ന് ആദായനികുതി ഉദ്യോഗസ്ഥര്‍ പറഞ്ഞു.നോട്ട് അസാധുവാക്കിയതിന് ശേഷം വ്യാജപ്പേരുകളില്‍ സ്വന്തമാക്കിയ സ്വത്തുവകകളാണ് ഇതില്‍ അധികവും.
1500 കോടിയോളം വരുമിത്. 2016 നവംബറിലാണ് കേന്ദ്രസര്‍ക്കാര്‍ 1000,500 നോട്ടുകള്‍ നിരോധിച്ചത്. ഇതിന് പിന്നാലെയായിരുന്നു സ്വത്തുക്കളില്‍ ഏറെയും ശശികല സ്വന്തമാക്കിയത്. ചെന്നൈയിലെ ഒരു മാള്‍, പുതുച്ചേരിയിലുള്ള ഒരു റിസോര്‍ട്ട് എന്നിവയും കണ്ടുകെട്ടിയ സ്വത്തുക്കളില്‍ ഉള്‍പ്പെടുന്നു. സ്വത്തുക്കള്‍ ബിനാമിപേരിലാണ് വാങ്ങിക്കൂട്ടിയതെന്ന് വകുപ്പ് വ്യക്തമാക്കി. കണ്ടുകെട്ടിയ 9 സ്വത്തുക്കള്‍ 2016 നവംബര്‍ 8 നും 31 നും ഇടയിലാണ് ശശികല വാങ്ങിയത്.
ജയലളിത ആശുപത്രിയില്‍ കഴിഞ്ഞിരുന്ന കാലത്തായിരുന്നു ഇത്. സപ്തംബര്‍ 22 മുതല്‍ ഡിസംബര്‍ 5 വരെയാണ് ജയലളിത ചെന്നൈയിലെ അപോളോ ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞത്. ഈ സ്വത്തുക്കളൊന്നും തന്നെ ശശികള തന്‍റെ പേരിലല്ല രജിസ്റ്റര്‍ ചെയ്തിരുന്നതെന്നും ഇഡി പറഞ്ഞു. ജയലളിതയുടെ വസതിയായ പോസ് ഗാര്‍ഡന്‍ റെസിഡന്‍സിലെ ശശികലയുടെ മുറിയില്‍ ഐടി വകുപ്പ് നടത്തിയ റെയ്ഡിലാണ് സ്വത്തുക്കള്‍ സംബന്ധിച്ച വിവരങ്ങളും രേഖകകളും കണ്ടെത്താനായത്.
ബിനാമി ഇടപാട് നിയമപ്രകാരമാണ് സ്വത്തുക്കള്‍ കണ്ടുകെട്ടിയിരിക്കുന്നത്. അന്തരിച്ചതമിഴ്‌നാട് മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ സഹായി ആയിരുന്നു ശശികല.ജയലളിതയുടെ മരണത്തിന് പിന്നാലെ തമിഴ്‌നാട്ടില്‍ അധികാരത്തിലേക്ക് എത്താനുള്ള ശ്രമങ്ങള്‍ നടത്തുന്നതിനിടെ ശശികല അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ ജയിലിലാവുകയായിരുന്നു. നിലവില്‍ ബെംഗളൂരു പരപ്പന അഗ്രഹാര ജയിലിലാണ് ശശികലയെ പാര്‍പ്പിച്ചിരിക്കുന്നത്.
Post Your Comments