കോഴിക്കോട്: മാവോയിസ്റ്റ് ബന്ധം ആരോപിച്ച് പന്തീരാങ്കാവില്‍ യുവാക്കള്‍ക്കെതിരെ യുഎപിഎ ചുമത്തിയ സംഭവത്തില്‍ തങ്ങള്‍ തിരയുന്ന മൂന്നാമന്റെ സിസിടിവി ദൃശ്യം ലഭിച്ചെന്ന് പോലീസ്. കേസില്‍ അലന്‍ ഷുഹൈബ്, താഹ ഫസല്‍ എന്നിവരെ അറസ്റ്റു ചെയ്ത സ്ഥലത്തിന് സമീപമുള്ള ക്രിക്കറ്റ് ടെര്‍ഫിലെ സിസിടിവി ദൃശ്യങ്ങളില്‍ നിന്നാണ് ഇയാളെക്കുറിച്ചുള്ള സൂചനകള്‍ ലഭിച്ചത്. അലനും താഹയ്ക്കുമൊപ്പം മൂന്നാമന്‍ ബൈക്കില്‍ സഞ്ചരിക്കുന്ന ദൃശ്യമാണ് കിട്ടിയത്. ഇയാള്‍ കോഴിക്കോട് സ്വദേശിയാണെന്നും പൊലീസ് പറഞ്ഞു.
എന്നാല്‍ പോലീസിന്റെ ചോദ്യം ചെയ്യലില്‍ ഒപ്പമുണ്ടായിരുന്ന വ്യക്തിയെക്കുറിച്ച് വെളിപ്പെടുത്താന്‍ അലനോ താഹയോ തയ്യാറിയിരുന്നില്ല. തങ്ങള്‍ മാവോയിസ്റ്റ് പ്രവര്‍ത്തകരാണെന്ന് അലനും താഹയും സമ്മതിച്ചതായി പോലീസ് എഫ്‌ഐആറില്‍ പറയുന്നു. ഇവരില്‍ നിന്ന് മാവോയിസ്റ്റ് കേന്ദ്രക്കമ്മിറ്റിയുടെ ലഘുലേഖയടക്കം പിടിച്ചെടുത്തിട്ടുണ്ട്. ബുക്കുകളുടെ പുറംചട്ടയില്‍ കോഡ് ഭാഷയില്‍ എഴുത്തുകളുണ്ട്. എന്നാല്‍ എന്താണ് രേഖപ്പെടുത്തിയിരിക്കുന്നത് എന്ന കാര്യത്തില്‍ വ്യക്തത വന്നിട്ടില്ല. മരട് ഫ്‌ലാറ്റ് കേസുമായി ബന്ധപ്പെട്ട ലേഖനവും ഇവരില്‍ നിന്ന് പിടിച്ചെടുത്തെന്ന് എഫ് ഐ ആറില്‍ പറയുന്നു.
അതേസമയം കോഴിക്കോട് ജയിലില്‍ അലനും താഹയ്ക്കും സുരക്ഷാ ഭീഷണിയുണ്ടെന്ന് പോലീസ് സൂപ്രണ്ട് പറഞ്ഞിരുന്നു. രണ്ട് പ്രതികളെയും കോഴിക്കോട് നിന്ന് മാറ്റണമെന്നാണ് സൂപ്രണ്ട് ആവശ്യപ്പെട്ടത്. പ്രതികള്‍ ജയിലില്‍ സുരക്ഷിതരല്ലെന്നും അതിനാല്‍ ഇവരെ മറ്റൊരിടത്തേക്ക് മാറ്റണമെന്നുമാണ് ആവശ്യം.
Post Your Comments