തിരുവനന്തപുരം: എല്‍.ഡി.എഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം ടി.പി. ചന്ദ്രശേഖരന് വധക്കേസ് പ്രതികള്‍ക്ക് പരോള്‍ ലഭിച്ചത് തോന്നും പടി. പ്രതികള്‍ക്ക് ആവശ്യമുള്ളപ്പോഴെല്ലാം പരോള്‍ ലഭിച്ചതായാണ് രേഖ. ഈ സര്‍ക്കാറിന്റെ കാലത്ത് ഏറ്റവും കൂടുതൽ പരോൾ ലഭിച്ചത് സി.പി.എം പാനൂര്‍ ഏരിയ കമ്മിറ്റി അംഗം പി.കെ. കുഞ്ഞനന്തന്. അദ്ദേഹത്തിന് ലഭിച്ചത് 257 ദിവസത്തെ പരോളാണ്. 135 ദിവസത്തെ സാധാരണ പരോളും 122 ദിവസത്തെ അടിയന്തര പരോളുമാണ് കുഞ്ഞനന്തന് നല്‍കിയത്.
നിലവില്‍ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ് കുഞ്ഞനന്തന്. രണ്ടാം സ്ഥാനം കെ.സി. രാമചന്ദ്രനാണ് -205. 185 ദിവസത്തെ സാധാരണ പരോളും 20 ദിവസത്തെ അടിയന്തര പരോളും. ആറാം പ്രതി സിജിത്തിനാണ് ഏറ്റവും കൂടുതല്‍ അടിയന്തര പരോള്‍ അനുവദിച്ചത്. 135 അടിയന്തര പരോളടക്കം 186 ദിവസം സിജിത്ത് പുറത്തുണ്ടായിരുന്നതായി മുഖ്യമന്ത്രി നിയമസഭയില്‍ നല്കിയ മറുപടിയില്‍ പറയുന്നു.കഴിഞ്ഞ ജൂണില്‍ ചേര്‍ന്ന നിയമസഭ സമ്മേളനത്തില്‍ ഐ.സി. ബാലകൃഷ്ണന് ഉന്നയിച്ച ചോദ്യത്തിന് ഇന്നലെയാണ് മറുപടി നല്‍കിയത്.
ഒന്നാം പ്രതി കൊടി സുനിയെന്ന സുനില്‍ കുമാറാണ് പരോളുകളില്‍ പിന്നില്‍. -60 ദിവസം. കൊടി സുനിക്കും ഷിനോജിനും ടി.കെ. രജീഷിനും അടിയന്തര പരോള്‍ നല്‍കിയിട്ടില്ലെന്നും മുഖ്യമന്ത്രി നിയമസഭയില്‍ വെച്ച രേഖകള്‍ പറയുന്നു. കൂടാതെ അനൂപ് -120, ഷിനോജ് -105, മുഹമ്മദ് ഷാഫി -135, കിര്‍മാണി മനോജ് -120, റഫീക്ക് -125, ടി.കെ. രജീഷ് -90, സി. മനോജ് -117ഉം പരോളുകള്‍ ലഭിച്ചു. ടി.പി വധക്കേസ് പ്രതികളോട് എല്‍.ഡി.എഫ് സര്‍ക്കാര്‍ കാണിക്കുന്ന വിശാലമനസ്കത നേരത്തേ തന്നെ വിവാദമായതാണ്.
പി കെ കുഞ്ഞനന്തന് വഴിവിട്ട് പരോള്‍ അനുവദിക്കുന്നതിനെ ഹൈക്കോടതി രൂക്ഷമായി വിമര്‍ശിക്കുകയും ചെയ്തിരുന്നു. പരോളിലിറങ്ങിയ കൊടി സുനി എന്ന സുനില്‍ കുമാര്‍ മറ്റൊരു കേസില്‍ അറസ്റ്റിലാവുകയും മറ്റൊരു പ്രതി മുഹമ്മദ് ഷാഫി ചികിത്സക്ക് അടിയന്തിര പരോളിലിറങ്ങി യുവതികള്‍ക്കൊപ്പം ആടിപ്പാടുന്ന ദൃശ്യങ്ങള്‍ പുറത്തുവരികയും ചെയ്തിരുന്നു.
Post Your Comments