കോഴിക്കോട്: സന്തോഷ് ട്രോഫിയിൽ ഇന്ന് കേരളത്തിന്റെ ആദ്യ മത്സരം. ദക്ഷിണ മേഖലാ യോഗ്യതാ മത്സരത്തിൽ ആന്ധ്രയാണ് എതിരാളികൾ. കോഴിക്കോട് കോർപറേഷൻ ഇഎംഎസ് സ്റ്റേഡിയത്തിൽ വൈകിട്ട് നാലിന് കിക്കോഫ്. കഴിഞ്ഞ തവണ ആദ്യറൗണ്ടിൽ പുറത്തായ ടീമിൽനിന്ന് ഇക്കുറി ഇടം നേടിയത് 2 പേർ മാത്രം. കേരള ബ്ലാസ്റ്റേഴ്സ്, ഗോകുലം, ബെംഗളൂരു എഫ്സി തുടങ്ങിയ പ്രഫഷനൽ ടീമുകളിൽനിന്നുള്ള യുവതാരങ്ങളാണ് ഇക്കുറി കേരളത്തിന്റെ കരുത്ത്.
ക്യാപ്റ്റനും ഗോൾകീപ്പറുമായ വി.മിഥുനും എസ്ബിഐ, കേരള പൊലീസ് താരങ്ങളും ടീമിന് ആവശ്യത്തിന് പരിചയ സമ്പത്തും നൽകുന്നു. സൗഹൃദ മത്സരങ്ങളിൽ എഫ്സി ഗോവ, ഗോകുലം, കേരള ബ്ലാസ്റ്റേഴ്സ് തുടങ്ങിയവരെ നേരിട്ട അനുഭവവും തുണയ്ക്കുണ്ട്. പരിശീലകൻ ബിനോയ് ജോർജിന്റെ നേതൃത്വത്തിൽ പരിശീലനവും ഇക്കുറി അടിമുടി പ്രഫഷനൽ ആയിരുന്നു. കൊച്ചിയിൽ 2 മാസത്തോളം നീണ്ട ക്യാംപിൽ വന്നുപോയ അൻപതിലേറെ താരങ്ങളിൽനിന്നാണ് അവസാന 20 അംഗ ടീമിനെ കണ്ടെത്തിയത്.
ഇന്നു മുതൽ 10വരെ ദിവസവും ഓരോ മൽസരങ്ങളാണുള്ളത്. ഇരു ഗ്രൂപ്പുകളിൽനിന്നും ചാംപ്യൻമാർ മാത്രം ഫൈനൽ റൗണ്ടിനു യോഗ്യത നേടും. നവീകരണം പൂർത്തിയായ സ്റ്റേഡിയം മത്സരങ്ങൾക്കു പൂർണ സജ്ജം. കേരളം ചാംപ്യൻമാരായ 2017ൽ ദക്ഷിണ മേഖലാ യോഗ്യതാ മത്സരങ്ങൾ കോഴിക്കോട്ടായിരുന്നു. ഫൈനൽ റൗണ്ടിലേക്കു കേരളം യോഗ്യത നേടിയാൽ മത്സരവേദി ഇവിടെയാക്കണമെന്ന് ആവശ്യം ഉന്നയിക്കാൻ കെഎഫ്എ ആലോചിക്കുന്നുണ്ട്. 9നാണ് തമിഴ്നാടുമായി കേരളത്തിന്റെ രണ്ടാം മൽസരം.
Post Your Comments