ഫോണിലൂടെ ഓര്‍ഡര്‍ നല്‍കിയയാള്‍ ഹോട്ടല്‍ ഉടമയെ പറ്റിച്ച് നേടിയത് 8000 രൂപ. ചെറുകോട്ടെ മലബാര്‍ ഹോട്ടല്‍ ഉടമ വീതനശ്ശേരി ഉല്‍പ്പില അബൂബക്കറിനാണ് പണം നഷ്ടമായത്. വികാസ് പട്ടേല്‍ എന്ന സൈനിക ഉദ്യോഗസ്ഥനെന്ന് പറഞ്ഞ് അബൂബക്കറിന് ഫോണ്‍ വന്നു. 25 പൊറോട്ട, 25 ചപ്പാത്തി, 10 ഫ്രൈഡ് റൈസ്, ചിക്കന്‍ ചില്ലി, റോസ്റ്റ്.. അയാള്‍ ഫോണിലൂടെ ഓര്‍ഡര്‍ നല്‍കിയത് ഇവയൊക്കെയാണ്.
സംസ്ഥാന പാതയിലൂടെ കടന്നുപോകുന്ന സൈനികര്‍ക്കായി ഭക്ഷണം വേണം എന്നാണ് വിളിച്ചയാള്‍ പറഞ്ഞത്. സഞ്ചരിക്കുന്ന റൂട്ട് നെറ്റില്‍ നോക്കിയപ്പോഴാണ് ഹോട്ടലിന്റെ നമ്പര്‍ കിട്ടിയതെന്നും വാട്‌സാപ് വഴി മെനു അയച്ചു തന്നാല്‍ ഓര്‍ഡര്‍ തരാമെന്നും ഇയാള്‍ പറഞ്ഞു. ഹിന്ദി അറിയാത്തതുകൊണ്ട് ബിരുദധാരിയായ മകന്‍ ലുഖ്മാനുല്‍ ഹക്കീമിന്റെ ഫോണ്‍ നമ്പര്‍ കൊടുത്തു. ഹക്കീമിനെ വിളിച്ച ആള്‍ 25 പൊറോട്ട, 25 ചപ്പാത്തി, 10 ഫ്രൈഡ് റൈസ്, ചിക്കന്‍ ചില്ലി, റോസ്റ്റ് തുടങ്ങിയവ അടക്കം 1,400 രൂപയുടെ വിഭവങ്ങള്‍ ഓര്‍ഡര്‍ ചെയ്തു. പാഴ്‌സല്‍ ആക്കി ബില്ലിന്റെ പടം അയച്ചു കൊടുക്കാനും ആവശ്യപ്പെട്ടു. ഒരു മണിക്കൂറിനുള്ളില്‍ എത്തുമെന്നും അറിയിച്ചു. പറഞ്ഞ സമയം കഴിഞ്ഞിട്ടും കാണാത്തതുകൊണ്ട് തിരിച്ചുവിളിച്ചപ്പോള്‍, ഹോട്ടല്‍ പിന്നിട്ട് 2 കിലോമീറ്ററോളം പോന്നു എന്നും കാന്‍സല്‍ ചെയ്യാന്‍ പറ്റുമോ എന്നും ചോദിച്ചു. സാധനങ്ങള്‍ പൊതിഞ്ഞുവച്ചിരിക്കുകയാണെന്നും വാങ്ങിയില്ലെങ്കില്‍ പാഴായിപ്പോകുമെന്നും ഇവര്‍ പറഞ്ഞു.
അങ്ങനെയാണെങ്കില്‍ പണം ഓണ്‍ലൈന്‍ വഴി അയച്ച് തരാമെന്നായി ഇയാള്‍. അക്കൗണ്ട് നമ്പറും വാങ്ങി. തുടര്‍ന്ന് രൂപ അയച്ചിട്ടുണ്ടെന്ന് അറിയിച്ച് ഇവര്‍ വിളിച്ചു. അക്കൗണ്ടില്‍ എത്തിയില്ലെന്നു പറഞ്ഞപ്പോള്‍, എടിഎം കാര്‍ഡിന്റെ പടവും ഫോണിലേക്കു വന്ന സന്ദേശത്തിലെ നമ്പറും ആവശ്യപ്പെട്ടു. ഇത്തരത്തില്‍ 3 തവണ നമ്പര്‍ പറഞ്ഞു കൊടുത്തു. പിന്നീട്, അക്കൗണ്ട് ബാലന്‍സ് നോക്കിയപ്പോഴാണ് കബളിപ്പിക്കപ്പെട്ടത് ഇവര്‍ക്ക് മനസിലായത്. ഉടനെ ഇവര്‍ ചെറുകോട് കേരള ഗ്രാമീണ്‍ ബാങ്ക് ശാഖയില്‍ വിളിച്ച് എടിഎം കാര്‍ഡ് ബ്ലോക്ക് ചെയ്യിച്ചു. എന്നാല്‍ അപ്പോഴേക്കും 8,000 രൂപ നഷ്ടപ്പെട്ടിരുന്നു. നോയിഡയില്‍ നിന്നാണ് പണം പിന്‍വലിച്ചിരിക്കുന്നത്. സൈന്യത്തിലെ ഉദ്യോഗസ്ഥരാണു ബന്ധപ്പെട്ടതെന്നു വിശ്വസിപ്പിക്കാന്‍ തിരിച്ചറിയല്‍ കാര്‍ഡുകളുടെ പടങ്ങള്‍ ഉള്‍പ്പെടെ ഇവര്‍ വാട്‌സാപില്‍ അയച്ചിരുന്നു. എന്നാല്‍ അയച്ചു തന്നിരുന്നു എന്നും പിന്നീട് നോക്കിയപ്പോള്‍ അത് ഡിലീറ്റ് ചെയ്ത അവസ്ഥയിലായിരുന്നുവെന്ന് ലുഖ്മാനുല്‍ ഹക്കീം പറയുന്നു.
Post Your Comments