നമ്മുടെ ശരീരഭാരത്തിന്റെ ഏതാണ്ട് 60 ശതമാനം വെള്ളമാണ്. എന്നാല്‍, ഇത്രയും വെള്ളത്തിന്റെ ചെറിയൊരു അംശം, രണ്ടു ശതമാനമോ അതിലേറെയോ നഷ്ടപ്പെട്ടാല്‍പ്പോലും അതു ശരീരത്തിന് ഏറെ ദോഷം ചെയ്യും. ശരീരത്തില്‍ ആവശ്യത്തിന് വെള്ളം കിട്ടിയില്ലെങ്കില്‍ അത് ആരോഗ്യത്തെ വല്ലാതെ ബാധിക്കും. ശരീരത്തിന്റെ ചൂട് കൂടും. ക്ഷീണം അനുഭവപ്പെടും. ദഹനപ്രക്രിയയെ ബാധിക്കും. പേശികളുടെയും എല്ലുകളുടെയും പ്രവര്‍ത്തനങ്ങള്‍ക്കു ദോഷം ചെയ്യും. കിഡ്‌നി അടക്കമുള്ള ആന്തരിക അവയവങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ ശരീരത്തിനുള്ളിലെ വെള്ളത്തിന്റെ അളവ് സ്വാധീനിക്കുന്നുണ്ട്. എന്തിനു തലച്ചോറിനെപ്പോലും അത് ബാധിക്കും. ശരീരത്തിനുള്ളിലെ ആന്തരിക പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കുന്നതില്‍ വെള്ളത്തിന്റെ പങ്ക് വളരെ വലുതാണ്. ശരീരത്തിലെ ഫ്‌ലൂയിഡുകളുടെ ബാലന്‍സ് നിയന്ത്രിക്കുന്നതില്‍ പ്രധാന ഘടകമാണ് വെള്ളം. ശരീരഭാരം നിയന്ത്രിക്കുന്നതിലും വെള്ളത്തിനു പങ്കുണ്ട്. ചര്‍മകാന്തി നിലനിര്‍ത്തുന്നതിലും വെള്ളം പ്രധാന പങ്കുവഹിക്കുന്നു
ശരീരത്തിന് ആവശ്യമായ ജലാംശം കൂടുതലായി ലഭ്യമാകുന്നതു വെള്ളം കുടിക്കുന്നതുവഴിയാണ്. വെള്ളത്തിനു പകരമായി മറ്റൊന്നില്ല. പഴങ്ങളോ അവയുടെ ചാറോ പച്ചക്കറികളോ ചായയോ കാപ്പിയോ മറ്റു വസ്തുക്കളോ വെള്ളത്തിന്റെ ഫലം തരികയില്ല. ശരാശരി ആരോഗ്യമുള്ള ഒരാള്‍ ദിവസം ഒന്നര മുതല്‍ രണ്ടു ലീറ്റര്‍ വരെ വെള്ളം കുടിക്കണമെന്നാണ് ശാസ്ത്രം. പ്രായം, അദ്ധ്വാനം, പരിസ്ഥിതി, ആരോഗ്യം എന്നിവ കണക്കിലെടുക്കണം. ശരീരത്തില്‍ നിന്നു ജലാംശം നഷ്ടപ്പെടുന്നതിനനുസരിച്ച് വെള്ളം കുടിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം. ‘നിര്‍ജലീകരണം’ പല വഴിയുണ്ടാവാം – വിയര്‍പ്പ്, മൂത്രം, കണ്ണീര്‍ എന്നിങ്ങനെ. ശ്വാസോച്ഛ്വാസത്തിലൂടെയും ഈര്‍പം പുറത്തു പോകുന്നുണ്ടെന്നാണ് ശാസ്ത്രലോകം പറയുന്നത്. ചൂടു കൂടുതലോ വരണ്ടതോ ആയ ദിവസങ്ങളില്‍ സാധാരണയിലും കൂടുതല്‍ വെള്ളം കുടിക്കണം.
ഭക്ഷണം കഴിക്കുന്നതിനിടയ്ക്കു വെള്ളം കുടിക്കുന്നതും അത്ര നന്നല്ല. അത് ദഹനത്തെ ബാധിക്കും. ദഹനത്തെ സഹായിക്കുന്ന ദഹനരസങ്ങളുടെ ശക്തി ഭക്ഷണത്തിനിടെ വെള്ളം കുടിക്കുമ്പോള്‍ നഷ്ടമാകുന്നു. വെള്ളം കലരുമ്പോള്‍ ശരീരത്തിനുള്ളിലെ ദഹനരസത്തിന്റെ പ്രവര്‍ത്തനങ്ങളെ പിന്നോട്ടുവലിക്കുകയും ഇതു ദഹനപ്രക്രിയയെ പ്രതികൂലമായി ബാധിക്കുകയും ചെയ്യും. ഇതുകൂടാതെ ദഹനരസത്തിന്റെ ഉല്‍പാദനവും കുറയും. ചുരുക്കത്തില്‍ ആഹാരത്തിനൊപ്പം ഏറെ വെള്ളം കുടിക്കാതെ അതിനു മുന്‍പോ ശേഷമോ കുടിക്കുന്നതാണ് ഉത്തമം.
Post Your Comments