കൊച്ചി : മെഡിക്കല്‍ ടൂറിസ്റ്റുകളുടെ വരവിന് ഉണര്‍വേകുന്ന രീതിയില്‍ കൊച്ചിതുറമുഖ ട്രസ്റ്റില്‍ മള്‍ട്ടി സ്‌പെഷ്യാലിറ്റി ആശുപത്രി വരുന്നു.വില്ലിംഗ്ടണ്‍ ഐലന്‍ഡിലുള്ള ഇന്ത്യന്‍ മാരി ടൈം യൂണിവേഴ്‌സിറ്റിയ്ക്ക് സമീപം പോര്‍ഡട്ടിന്റെ സ്ഥലത്താണ് ആശുപത്രി സജ്ജമാകുക. പാട്ടം അടിസ്ഥാനത്തില്‍ 10 ഏക്കര്‍ സ്ഥലമാണ് ആശുപത്രി നിര്‍മിക്കുന്നതിന് നല്‍കുക. ഇതിനായി ടെന്‍ഡര്‍ വിളിച്ചിട്ടുണ്ട്. കഴിഞ്ഞ മൂന്ന് സാമ്പത്തിക വര്‍ഷവും ശരാശരി വാര്‍ഷിക വിറ്റുവരവ് 50 കോടി രൂപയുള്ള സ്ഥാപനങ്ങള്‍ക്ക് ടെന്‍ഡറില്‍ പങ്കെടുക്കാം.
കൂടാതെ ഇന്ത്യയില്‍ 250 ബെഡ് സൗകര്യമുള്ള മള്‍ട്ടി സ്‌പെഷ്യാലിറ്റി ആശുപത്രിയില്‍ അഞ്ച് വര്‍ഷത്തെ പ്രവൃത്തിപരിചയവും ആവശ്യമാണ്. ആശുപത്രി രംഗത്തുള്ള അന്താരാഷ്ട്ര കമ്പനികളെ പ്രതീക്ഷിക്കുന്നുണ്ടെന്ന് കൊച്ചി തുറമുഖ ട്രസ്റ്റ് അധികൃതര്‍ അറിയിച്ചു. 30 വര്‍ഷം പാട്ടത്തിനുള്ള അടിസ്ഥാന തുകയായി നിശ്ചയിച്ചിരിക്കുന്നത് 33 കോടി രൂരയാണ്. ഇത് നിബന്ധന പ്രകാരം ഒറ്റത്തവണ നല്‍കണം. വെള്ളത്താല്‍ ചുറ്റപ്പെട്ട് കിടക്കുന്ന പ്രദേശത്ത് അന്താരാഷ്ട്രനിലവാരത്തിലുള്ള ഹോസ്പിറ്റല്‍ സജ്ജമാകുന്നതോടെ ടൂറിസ്റ്റികളുടെ വരവും പ്രതീക്ഷിക്കുന്നുണ്ടെന്ന് അധികൃതര്‍ പറഞ്ഞു
Post Your Comments