ഉറങ്ങാറാകുമ്പോൾ മൊബൈൽ ഫോണും, ടാബ്‌ലറ്റും ഉപയോഗിക്കുന്ന കുട്ടികളിൽ ഉറക്കസംബന്ധമായ രോഗങ്ങളുണ്ടാകാൻ സാദ്ധ്യത കൂടുതലാണെന്ന് പഠനം. ഉറക്കക്കുറവ്, പൊണ്ണത്തടി, വിശപ്പില്ലായ്മ തുടങ്ങി നിരവധി ആരോഗ്യപ്രശ്നങ്ങൾക്കുളള സാദ്ധ്യത ഈ ശീലം മൂലം ഇരട്ടിയാകാമെന്നാണ് പഠനം. ലണ്ടനിലെ കാർഡിഫ് യൂണിവേഴ്സിറ്റിയിലെ ശാസ്ത്രജ്ഞരാണ്1,25,198 വിദ്യാർത്ഥികളിൽ നടത്തിയ പഠനത്തെ ആസ്പദമാക്കി പുതിയ റിപ്പോർട്ട് പുറത്തു വിട്ടിരിക്കുന്നത്. ഉറക്കത്തിന്റെ നിലവാരത്തെ ദോഷകരമായി ബാധിക്കുന്നതു കൂടാതെ പകൽ സമയം ഉറക്കം തൂങ്ങുന്നതിനും ഇതു വഴി വയ്ക്കുമെന്നും പഠനം ചൂണ്ടിക്കാട്ടുന്നു.
ഉറക്കപ്രശ്നങ്ങൾ അവഗണിക്കാൻ പാടുളളതല്ലെന്നും ഇതിനെ ഗൗരവമായി കാണേണ്ടതുണ്ടെന്നും ശാസ്ത്രജ്ഞർ ചൂണ്ടിക്കാട്ടുന്നു. പ്രത്യേകിച്ചും കുട്ടികളുടെ ശാരീരികവും, മാനസികവുമായ വളർച്ചയിൽ ഉറക്കത്തിന് വളരെയധികം പ്രാധാന്യമുണ്ടെന്നും അവർ പറഞ്ഞു.
സ്മാർട്ട് ഫോൺ അടക്കമുളള ആധുനിക ഉപകരണങ്ങൾ കുട്ടികളുടെ ഉറക്കത്തെയും ആരോഗ്യത്തെയും ഗുരുതരമായി ബാധിക്കുന്നുവെന്ന വസ്തുതയാണ് പുതിയ പഠനത്തിലൂടെ പുറത്തു വന്നിരിക്കുന്നത്. അമിതമായ മൊബൈൽ ഉപയോഗം മാനസികവും ശാരീരികവുമായ പ്രശ്നങ്ങൾ സൃഷ്ടിക്കുമെന്ന നിലവിലുളള നിരീക്ഷണങ്ങൾക്ക് സ്ഥിരീകരണം നൽകുന്നതാണ് പുതിയ പഠനം.
Post Your Comments