പാലക്കാട്: പിണറായി സര്‍ക്കാര്‍ അധികാരത്തിലെത്തിയതിന് ശേഷം സംസ്ഥാനത്ത് രജിസ്റ്റര്‍ ചെയ്തത് 6,934 പോക്‌സോ കേസുകള്‍. ഇതില്‍ 90 കേസുകളില്‍ മാത്രമാണ് പ്രതികള്‍ക്ക് ശിക്ഷ ഉറപ്പാക്കാന്‍ സാധിച്ചത്. നിയമസഭയില്‍ മുഖ്യമന്ത്രി രേഖാമൂലം നല്‍കിയ മറുപടിയിലാണ് ഇക്കാര്യം പറഞ്ഞത്. ഈ വര്‍ഷം പാലക്കാട് ജില്ലയില്‍ മാത്രം 201 പോക്‌സോ കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്. നിയമസഭാ രേഖകള്‍ പ്രകാരം സംസ്ഥാനത്ത് പോക്‌സോ കേസുകളുടെ എണ്ണത്തില്‍ മൂന്നാം സ്ഥാനത്താണ് പാലക്കാട്.
കേസുകള്‍ രജിസ്റ്റര്‍ ചെയ്തു കഴിഞ്ഞാല്‍ എത്രയും വേഗം പ്രതികളെ അറസ്റ്റ് ചെയ്യാനും അന്വേഷണം നടത്തി രണ്ട് മാസത്തിനകം കുറ്റപത്രം നല്‍കി നടപടിയെടുക്കാനുമാണ് നിയമം. വിചാരണ വേളയില്‍ പ്രോസിക്യൂഷനെ സഹായിച്ച് പ്രതികള്‍ക്ക് കര്‍ശന ശിക്ഷ ഉറപ്പാക്കാനും പ്രത്യേക പ്രോസിക്യൂട്ടര്‍മാരെ നിയമിക്കാനും വ്യവസ്ഥയുണ്ട്. സംസ്ഥാനത്ത് കുട്ടികള്‍ക്കെതിരെയുള്ള ലൈംഗിക പീഡനക്കേസുകളില്‍ ശിക്ഷിക്കപ്പെടുന്നത് പതിനെട്ട് ശതമാനം മാത്രമാണെന്നാണ് പുറത്തുവരുന്ന കണക്കുകള്‍.ആലപ്പുഴ ജില്ലയില്‍ ആകെ രജിസ്റ്റര്‍ ചെയ്തത് 32 കേസുകള്‍.
ഇതില്‍ 32 എണ്ണവും വെറുതെവിട്ടു. സെക്ഷന്‍ അഞ്ച്, ഏഴ് പ്രകാരം പ്രതികള്‍ക്ക് വധശിക്ഷ വരെ ലഭിക്കാവുന്ന കുറ്റകൃത്യം ചെയ്ത കേസുകളിലുള്‍പ്പെടെയാണ് പ്രതികളെ വെറുതെവിട്ടത്. തിരുവനന്തപുരം ജില്ലയില്‍ വിചാരണ പൂര്‍ത്തിയായ 38 കേസുകളില്‍ 36ലും പ്രതികളെ വെറുതെവിട്ടു. കൊല്ലത്ത് 241 കേസുകളില്‍ വിചാരണ പൂര്‍ത്തിയായപ്പോള്‍ 210 കേസുകളിലും പ്രതികളെ വെറുതെ വിടുകയായിരുന്നു. കോഴിക്കോട് ജില്ലയില്‍ 282 കേസുകളില്‍ 259ലും പ്രതികള്‍ ശിക്ഷിക്കപ്പെട്ടില്ല.
മറ്റ് ജില്ലകളിലും സമാന കണക്കുകള്‍ പുറത്തു വരുന്നു.കുട്ടികള്‍ക്ക് നേരെ നടക്കുന്ന അതിക്രമങ്ങള്‍ ഭൂരിപക്ഷവും വീട്ടിനുള്ളില്‍ വച്ചാണെന്ന് നേരത്തെ കണ്ടെത്തിയിരുന്നു. ബന്ധുക്കളുള്‍പ്പെടെയുള്ളവര്‍ പ്രതികളാക്കപ്പെടുന്ന കേസുകളില്‍ ഒത്തുതീര്‍പ്പ് നടക്കുന്നത് പ്രതിള്‍ക്ക് ശിക്ഷ ഉറപ്പാക്കാന്‍ കഴിയാതെ പോകുന്നതിന്റെ പ്രധാന കാരണമാണ്. പോലീസ് അന്വേഷണം, പ്രോസിക്യൂഷന്‍ വീഴ്ച, സാക്ഷികള്‍ കൂറുമാറുന്നത് തടയാനാകാത്തത്. ഭീഷണി, സ്വാധീനം തുടങ്ങി നിരവധി ഘടകങ്ങളാണ് പ്രതികള്‍ രക്ഷപ്പെടുന്നതിന് കാരണം.
Post Your Comments