തുടർവിദ്യാഭ്യാസരംഗത്ത് സാക്ഷരതാ മിഷൻ നടത്തുന്ന പ്രവർത്തനങ്ങൾ ദേശീയതലത്തിൽ ശ്രദ്ധനേടാനായതായി മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. പാർശ്വവത്കൃത മേഖലയിൽ പ്രത്യേക ഊന്നൽ നൽകിയുള്ള മാതൃകാപരമായ പ്രവർത്തനമാണ് മിഷന്റേതെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാന സാക്ഷരതാ മിഷൻ അതോറിറ്റിയുടെ ആസ്ഥാനമന്ദിരം പേട്ട ഗവ: സ്‌കൂളിന് സമീപം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. സമ്പൂർണ സാക്ഷരത നേടിയ ആദ്യ സംസ്ഥാനമായി കേരളം മാറിയത് ജനങ്ങൾ ഭേദചിന്തയില്ലാതെ ഒരുമിച്ചതുകൊണ്ടും അന്നത്തെ ഇ.കെ. നായനാർ സർക്കാരിന്റെ പ്രതിബദ്ധതയും കൊണ്ടാണ്. ഏതൊരു കാര്യത്തിലും ഭേദചിന്തയില്ലാതെ സഹകരിക്കുന്ന ജനങ്ങളാണ് നമ്മുടെ സമൂഹത്തിൽ. മഹാപ്രളയം നാം നേരിട്ടതിലുള്ള ഒത്തൊരുമയും ലോകം അംഗീകരിച്ചതാണ്. ആളുകളെ വിവിധ കള്ളികളിലാക്കാനും മനുഷ്യത്വത്തിൽനിന്ന് അടർത്തിമാറ്റാനും ശ്രമിച്ചിട്ടും കഴിയാത്തത് ഈ പ്രത്യേകത മൂലമാണ്.
Read also: വാളയാർ കേസ്: മുഖ്യമന്ത്രി പിണറായി വിജയന് എതിരെ ജെഎന്‍യുവില്‍ എബിവിപിയുടെ പ്രതിഷേധം.
നവസാക്ഷരർക്കും മറ്റുമായി തുടർസാക്ഷരതാപദ്ധതികളുമായാണ് സാക്ഷരതാമിഷൻ മുന്നോട്ടുപോയത്. 2009ൽ സാക്ഷരതാപ്രവർത്തനങ്ങൾക്കുള്ള സഹായം കേന്ദ്രം നിർത്തിയിട്ടും സംസ്ഥാനം ആ ബാധ്യതകൾ ഏറ്റെടുത്ത് പ്രവർത്തനം തുടർന്നു. ആ പ്രവർത്തനമാണ് രാജ്യം അംഗീകരിച്ചത്. ആദിവാസി, പട്ടികവിഭാഗം, തീരദേശ മേഖലയിൽ ഊന്നിയുള്ള സാക്ഷരതാ പ്രവർത്തനങ്ങൾ മാതൃകാപരമാണ്. വയനാട്ടിലെയും അട്ടപ്പാടിയിലേയും ആദിവാസി ഊരുകളിലും ശ്രദ്ധേയപ്രവർത്തനമാണ് നടത്തിയത്. അത് ഊർജിതമായി ഇനിയും മുന്നോട്ടുകൊണ്ടുപോകും. അന്യസംസ്ഥാനങ്ങളിൽ നിന്ന് കുടിയേറുന്നവരുൾപ്പെടെയുള്ളവരുടെ കുട്ടികൾക്ക് നമ്മുടെ ഭാഷ പഠിക്കാൻ അവസരമൊരുക്കുന്നതും ശ്രദ്ധേയമാണ്.
നവോത്ഥാനകേരളത്തെ പ്രത്യേക ഇരുട്ടറയിലേക്ക് തള്ളിയിടാനുള്ള നീക്കം നടന്നപ്പോഴാണ് സാമൂഹികസാക്ഷരതാ പ്രവർത്തനങ്ങൾ ജനകീയ സംരംഭമായി ഏറ്റെടുക്കാനായത്.
അതുപോലെ ഗൗരവമുള്ള പ്രശ്‌നങ്ങളിൽ സാമൂഹികബോധവത്കരണം ജനകീയമായി വളർത്തിയെടുക്കാനാണ് ഹരിതകേരളം മിഷൻ പോലുള്ള മുൻകൈയെടുക്കൽ സർക്കാർ നടത്തുന്നത്. നവകേരളസൃഷ്ടിക്ക് ഇത്തരം പ്രവർത്തനങ്ങൾ ഗുണകരമാകുമെന്നതിൽ സംശയമില്ല. വിദ്യാഭ്യാസമേഖലയിൽ ശ്രദ്ധേയമായ നേട്ടങ്ങളാണ് കേരളം കൈവരിക്കുന്നത്. നീതി ആയോഗ് ഇക്കാര്യത്തിൽ ഒന്നാംസ്ഥാനത്തുള്ള സംസ്ഥാനമായി കേരളത്തെ അടയാളപ്പെടുത്തിയത് പൊതുവിദ്യാഭ്യാസരംഗത്തെ ഗുണകരമായ ഇടപെടലുകളുടെ അംഗീകാരമാണെന്നും അദ്ദേഹം പറഞ്ഞു. ഔപചാരിക, അനൗപചാരിക വിദ്യാഭ്യാസങ്ങൾ ചേർന്നാലേ പൊതുവിദ്യാഭ്യാസമേഖല ശക്തമാകൂവെന്ന് ചടങ്ങിൽ അധ്യക്ഷത വഹിച്ച പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ് പറഞ്ഞു. ഔപചാരിക വിദ്യാഭ്യാസത്തിൽ കേരളം മറ്റു സംസ്ഥാനങ്ങൾക്ക് മാതൃകയാണ്.
അനൗപചാരികവിദ്യാഭ്യാസത്തിൽ കേരളം പണ്ടേ മാതൃക സൃഷ്ടിച്ചതാണെന്നും അദ്ദേഹം പറഞ്ഞു. ഹാബിറ്റാറ്റ് ചെയർമാൻ ജി. ശങ്കർ സംബന്ധിച്ചു. സാക്ഷരതാമിഷൻ ഡയറക്ടർ ഡോ. പി.എസ്. ശ്രീകല സ്വാഗതവും അസി: ഡയറക്ടർ കെ. അയ്യപ്പൻ നായർ നന്ദിയും പറഞ്ഞു. കോൺഫറൻസ്/സെമിനാർ ഹാളുകൾ, വായനശാല, എഡിറ്റോറിയൽ വിഭാഗം, തുല്യതാ വിഭാഗം, ബോർഡ് റൂം, പുസ്തക ഗോഡൗൺ ഉൾപ്പെടെയുള്ള സൗകര്യങ്ങൾ കെട്ടിടത്തിലുണ്ട്. പരിസ്ഥിതി സൗഹാർദ രീതിയിലുള്ള കെട്ടിടം നിർമിച്ചത് ഹാബിറ്റാറ്റ് ഗ്രൂപ്പാണ്. ഒരുവർഷവും അഞ്ചുമാസവും കൊണ്ടാണ് നിർമാണം പൂർത്തിയാക്കിയത്.
Post Your Comments