ന്യൂഡൽഹി: ദ്വിദിന സന്ദർശനത്തിന് ജർമൻ ചാൻസലർ അംഗല മെർക്കൽ വ്യാഴാഴ്ച ഇന്ത്യയിലെത്തും. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി മെർക്കൽ കൂടിക്കാഴ്ച നടത്തും. ഇരുരാജ്യങ്ങളും തമ്മിൽ ഇരുപതോളം കരാറുകൾ ഒപ്പുവയ്ക്കുമെന്ന് പ്രതീക്ഷിക്കുന്നു. ‘മോദിയും മെർക്കലും തമ്മിൽ നല്ല ബന്ധമാണ്. അവർക്ക് ഏതു വിഷയത്തെക്കുറിച്ചും സംസാരിക്കാം. രണ്ടു നേതാക്കളും എന്താണ് സംസാരിക്കുന്നതെന്നു മുൻകൂട്ടി അറിയാൻ ആഗ്രഹിക്കുന്നില്ല’ – ഇന്ത്യയിലെ ജർമൻ പ്രതിനിധി വാൾട്ടർ ജെ. ലിൻഡ്നർ പറഞ്ഞു. കശ്മീർ വിഷയം ചർച്ച ചെയ്യുമോ എന്ന ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു അദ്ദേഹം.
മെർക്കൽ പ്രധാനമന്ത്രിക്കു പുറമെ വ്യാപാര പ്രതിനിധി സംഘവുമായും കൂടിക്കാഴ്ച നടത്തും. മെർക്കലിന്റെ രണ്ടു ദിവസത്തെ ഇന്ത്യാ സന്ദർശനത്തെക്കുറിച്ച് വിശദീകരിച്ച ലിൻഡ്നർ, ചാൻസലർ വ്യാഴാഴ്ച വൈകിട്ട് ഡൽഹിയിൽ എത്തുമെന്നും 12 മന്ത്രാലയങ്ങളിൽ നിന്നുള്ള ഒരു പ്രതിനിധിസംഘം ഒപ്പമുണ്ടാകുമെന്നും പറഞ്ഞു.
ജർമനിയുടെ ജമ്മു കശ്മീര്‍ വിഷയത്തിൽ ഉള്ള നിലപാട് യൂറോപ്യൻ യൂണിയന്റെ നിലപാടിന് അനുസൃതമാണ്. നിയന്ത്രണ രേഖയുടെ ഇരുവശങ്ങളിലുമുള്ള കശ്മീർ ജനതയുടെ താൽപര്യങ്ങളെ മാനിച്ച് സംഭാഷണത്തിലൂടെ സമാധാനവും രാഷ്ട്രീയവുമായ പരിഹാരം കണ്ടെത്താൻ ഇന്ത്യയോടും പാക്കിസ്ഥാനോടും യൂറോപ്യൻ യൂണിയൻ ആവശ്യപ്പെട്ടിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
Post Your Comments