ബാഗ്ദാദി വധം; കണ്ടെത്താൻ സഹായിച്ച ചാരന് ലഭിക്കുന്നത് 177 കോടി രൂപ

വാഷിങ്ടൻ:ആഗോളഭീകര സംഘടനയായ ഇസ്ലാമിക് സ്റ്റേറ്റ് നേതാവ് അബൂബക്കര്‍ അല്‍ ബാഗ്ദാദിയുടെ ഒളിത്താവളത്തില്‍ വിശ്വസ്തനായി കടന്ന് വിവരങ്ങള്‍ ചോര്‍ത്തി നല്‍കിയ ആള്‍ക്ക് രണ്ടരക്കോടി ഡോളര്‍(ഏകദേശം 177 കോടിയോളം രൂപ) പാരിതോഷികമായി നല്‍കുമെന്ന് യുഎസ്. ബാഗ്ദാദിയ്ക്കായുള്ള തിരച്ചിലിന് വ്യക്തമായ രൂപരേഖ നല്‍കിയത് ഈ ചാരന്‍ നല്‍കിയ നിര്‍ണായക വിവരമാണ്. ഇയാളെ കുറിച്ചുള്ള വിവരങ്ങള്‍ യുഎസ് പുറത്തു വിട്ടിട്ടില്ലെങ്കിലും സിറിയന്‍ ഡെമോക്രാറ്റിക് ഫോഴ്‌സസിലെ ഒരംഗമാണ് ഇയാളെന്നാണ് സൂചന. സിറിയയിലെ ഇദ്‌ലിബ് പ്രവിശ്യയിലെ ബാഗ്ദാദിയുടെ ഒളിത്താവളവും സിറിയന്‍ അതിര്‍ത്തിയില്‍ കൂടുതല്‍ സുരക്ഷ തേടി ബാഗ്ദാദി നീങ്ങാനിടയുള്ള വിവരവും യുഎസ് സേനയ്ക്ക് കൈമാറിയത് ഈ ചാരനായിരുന്നു.

Read also: ബാഗ്ദാദിയുടെ മൃതദേഹം സംസ്‌കരിച്ചത് ഇസ്ലാം മതാചാരപ്രകാരം കടലില്‍; വെളിപ്പെടുത്തലുമായി യുഎസ്

ഇസ്ലാമിക് സ്റ്റേറ്റിന്റെ ആക്രമണത്തില്‍ അടുത്ത ബന്ധു കൊല്ലപ്പെട്ടതോടെയാണ് ഇയാള്‍ ഐഎസ് എന്ന ഭീകരസംഘടനയ്‌ക്കെതിരെ പ്രവര്‍ത്തിക്കാനാരംഭിച്ചത്. ഡിഎന്‍എ പരിശോധനയ്ക്കായി ബാഗ്ദാദിയുടെ അടിവസ്ത്രങ്ങള്‍ കടത്തിയതും ഇയാളാണെന്ന് എസ്ഡിഎഫ് മേധാവി ജനറല്‍ മസ്‌ലൂം ആബ്ദി മാധ്യമങ്ങളോട് വ്യക്തമാക്കിയിരുന്നു. ഒക്ടോബര്‍ 26 ന് ബാഗ്ദാദിയുടെ വധത്തിന് ശേഷം ഇയാള്‍ കുടുംബാംഗങ്ങളോടൊപ്പം ഇദ്‌ലിബില്‍ നിന്ന് രക്ഷപ്പെട്ടതായാണ് റിപ്പോർട്ട്.

Share
Leave a Comment