KeralaLatest NewsNews

കേരളത്തില്‍ നടന്നുകൊണ്ടിരിക്കുന്നത് നരനായാട്ട്, ഈ സര്‍ക്കാരിന്റ ഭരണകാലാവധി കഴിയുമ്പോള്‍ എത്രപേര്‍ മരിച്ചിട്ടുണ്ടാവും?; മാവോയിസ്റ്റ് വേട്ടക്കെതിരെ രൂക്ഷ വിമര്‍ശനവുമായി അഡ്വ. ജയശങ്കര്‍

തിരുവനന്തപുരം: പാലക്കാട് മഞ്ചക്കണ്ടിയില്‍ തണ്ടര്‍ബോള്‍ട്ടുമായുണ്ടായ ഏറ്റുമുട്ടലില്‍ നാല് മാവോയിസ്റ്റുകളെ വധിച്ച സംഭവത്തില്‍ സര്‍ക്കാരിനും പോലീസിനുമെതിരെ രൂക്ഷവിമര്‍ശനങ്ങളുയര്‍ത്തി രാഷ്ട്രീയനിരീക്ഷകന്‍ അഡ്വ. എ ജയശങ്കര്‍. പിണറായി വിജയന്‍ രക്തദാഹിയായ ഒരു ഭരണാധികാരിയാണെന്നും കേരളത്തില്‍ നടന്നുകൊണ്ടിരിക്കുന്നത് നരനായാട്ടാണെന്നും അദ്ദേഹം പറഞ്ഞു. ഒരു സ്വകാര്യ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് അഡ്വ. ജയശങ്കര്‍ ഇക്കാര്യം വ്യക്തമാക്കിയത്.

കേരളത്തില്‍ നരനായാട്ടാണ് നടന്നുകൊണ്ടിരിക്കുന്നതെന്നും കരുണാകരന്റെ കാലത്തുപോലും ഇത്രയധികം പോലീസ് അതിക്രമങ്ങള്‍ ഉണ്ടായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ഇതിപ്പോള്‍ ഏഴ് മനുഷ്യജീവികളെയാണ് വെടിവെച്ചു കൊന്നത്. സര്‍ക്കാര്‍ അധികാരമേറ്റ് ഒരു കൊല്ലത്തിനുള്ളില്‍ കരുളായി വനത്തില്‍ കുപ്പുദേവരാജിനെയും അജിതയെയും വെടിവെച്ചു കൊന്നു. കഴിഞ്ഞ വര്‍ഷം ജലീലിനെ വെടിവെച്ചു കൊന്നു. ഈ വര്‍ഷം നാലുപേരെ വെടിവെച്ചു കൊന്നു. അങ്ങനെ അരിത്തമറ്റിക് പ്രോഗ്രഷനില്‍ ഇത് ഇങ്ങനെ കയറിക്കൊണ്ടിരിക്കുകയാണ്. അടുത്തവര്‍ഷം എത്രപേരെ കൊല്ലുമെന്ന് ആര്‍ക്കും അറിഞ്ഞുകൂട. മാവോയിസ്റ്റാണെന്ന് ആരോപിച്ച് ആരെയും വെടിവെച്ചു കൊല്ലാവുന്ന അവസ്ഥയാണ് ഇപ്പോള്‍ കേരളത്തിലുള്ളതെന്നും ജയശങ്കര്‍ വ്യക്തമാക്കി.

ALSO READ: കീഴടങ്ങാമെന്ന് അവര്‍ സമ്മതിച്ചിരുന്നു, ആക്രമിക്കാനുള്ള ആരോഗ്യം മണിവാസകത്തിന് ഉണ്ടായിരുന്നില്ല; മാവോയിസ്റ്റ് വേട്ടയ്‌ക്കെതിരെ ആദിവാസി നേതാവ് ശിവാനി

കേരളത്തിലെ ഒരു പോലീസ് സ്റ്റേഷനില്‍ പോലും 25 കൊല്ലത്തിനകത്ത് മാവോയിസ്റ്റുമായി ബന്ധപ്പെട്ട് ഒരു പെറ്റി കേസുപോലും രജിസ്റ്റര്‍ ചെയ്തിട്ടില്ലെന്നും മാവോയിസ്റ്റുകളുടെ ഒരു ആക്രമണവും കേരളത്തില്‍ നടന്നിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ഛത്തീസ്ഗഢില്‍ ആക്രമണങ്ങള്‍ നടന്നിട്ടുണ്ട്. അവിടെ ലാന്‍ഡ് മൈന്‍ പൊട്ടിച്ച് ആളുകളെ കൊന്നിട്ടുണ്ട്. തെലങ്കാനയില്‍ നടന്നിട്ടുണ്ട്. മറ്റു പല സംസ്ഥാനങ്ങളിലും നടക്കുന്നുണ്ട്. ഇല്ലെന്നല്ല പറയുന്നതെന്നും അവരുടെ തീവ്രവാദ ആശയത്തോട് യാതൊരു യോജിപ്പും ഇല്ലാത്തയാളാണ് താനെന്നും അദ്ദേഹം പറഞ്ഞു. ചെഗുവേരയുടെ പടമുള്ള ടീ ഷര്‍ട്ടും തൊപ്പിയും വെച്ച് വിപ്ലവകാരികളായി അഭിനയിച്ച് നടക്കുകാന്‍ ഡിവൈഎഫ്‌ഐക്കാര്‍ക്ക് നാണമാവില്ലേ എന്നും ജയശങ്കര്‍ ചോദിച്ചു. ഡിവൈഎഫ്‌ഐക്കാര്‍ ബൊളീവിയന്‍ കാടുകളില്‍ വെടിയേറ്റു മരിച്ച ചെഗുവേരയെ പറ്റി പറയുന്നു. ഇവിടെ അതേസമയം ഇതേ സര്‍ക്കാര്‍ മാവോയിസ്റ്റുകളെന്ന് പറഞ്ഞ് ചില മനുഷ്യരെ വെടിവെച്ചു കൊല്ലുന്നു. ഏഴാളുകളെ വെടിവെച്ചു കൊന്നു കഴിഞ്ഞു. ഈ സര്‍ക്കാരിന്റ ഭരണകാലാവധി കഴിഞ്ഞു കഴിയുമ്പോള്‍ എത്ര പേര്‍ മരിക്കുമെന്ന് പറയാനാവില്ലെന്നും പതിനഞ്ചോ ഇരുപതോ ചിലപ്പോള്‍ ഇനിയങ്ങോട്ട് മാലപ്പടക്കം പോലെ വെടിപൊട്ടാനും സാധ്യതയുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ALSO READ: മാവോയിസ്റ്റ് ഭീകരത: ഒന്‍പത് വര്‍ഷത്തിനിടെ കൊല്ലപ്പെട്ടവരുടെ കണക്ക് പുറത്തുവിട്ട് കേന്ദ്ര ആഭ്യന്തര മന്ത്രാലയം

ഇതൊക്കെ തികഞ്ഞ ധാര്‍ഷ്ട്യവും രക്തദാഹമാണെന്നും രക്തദാഹിയായ ഒരു ഭരണാധികാരിയാണ് പിണറായി വിജയനെന്നു പറയാന്‍ തനിക്ക് യാതൊരു മടിയോ പേടിയോ ഇല്ലെന്നും ഇത് ഒരു കാരണവശാലും അംഗീകരിക്കാന്‍ പറ്റില്ലെന്നും പറഞ്ഞ അദ്ദേഹം ഇവിടെ പ്രതിപക്ഷം ഇതുവരെ നാണിച്ച് നാണിച്ച് നഖം കടിച്ചു നില്‍ക്കുകയായിരുന്നു. പക്ഷെ ഇന്നലെ രമേശ് ചെന്നിത്തല പത്രസമ്മേളനം നടത്തി ഇതിനെ അപലപിക്കുന്നത് കേട്ടപ്പോള്‍ തനിക്ക് ചെറിയൊരു ആശ്വാസം തോന്നിയെന്നും പ്രതിപക്ഷ നേതാവില്‍ നിന്നും പ്രതീക്ഷിച്ചതല്ല എന്നും വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button