ദുബായ്: യു.എ.ഇ.യിൽ പുതിയ ഇന്ത്യൻ സ്ഥാനപതി നാളെ ചുമതലയേൽക്കും. പവൻ കപൂർ ആണ് നാളെ ചുമതലയേൽക്കുന്നത്. 2016 മുതൽ യു.എ.ഇ.യിൽ ഇന്ത്യൻ സ്ഥാനപതിയായി സേവനമനുഷ്ഠിക്കുന്ന നവ്ദീപ് സിങ് സൂരിക്ക് പകരക്കാരനായാണ് പവൻ കപൂർ സ്ഥാനമേൽക്കുന്നത്. സൂരി സെപ്റ്റംബറിൽ സ്ഥാനമൊഴിഞ്ഞിരുന്നു. സ്ഥാനം ഏറ്റെടുക്കുന്നതിനായി പവൻ കപൂർ ബുധനാഴ്ച യു.എ.ഇ.യിലെത്തുമെന്ന് ഇന്ത്യൻ എംബസിയിലെ മുതിർന്ന ഉദ്യോഗസ്ഥ സ്മിതാ പാന്ഥ് അറിയിച്ചു.
2010 ജൂലായ് മുതൽ 2013 ഡിസംബർ വരെ ഇന്ത്യൻ വിദേശകാര്യ മന്ത്രാലയത്തിൽ ജോയിന്റ് സെക്രട്ടറിയായിരുന്നു. ആദ്യം സാർക്ക് ഡിവിഷന്റെയും തുടർന്ന് ഐക്യരാഷ്ട്ര രാഷ്ട്രീയ വിഭാഗത്തിന്റെയും തലവനായി. 1990 കേഡറിലെ ഐ.എഫ്.എസ്. ഉദ്യോഗസ്ഥനാണ് പവൻ കപൂർ. കഴിഞ്ഞ മൂന്നുവർഷം ഇസ്രയേലിലെ ഇന്ത്യൻ സ്ഥാനപതിയായിരുന്നു. റഷ്യ, ലണ്ടൻ, ജനീവ എന്നിവിടങ്ങളിലും സേവനമനുഷ്ഠിച്ചിട്ടുണ്ട്. വിദേശകാര്യ മന്ത്രാലയത്തിലും പ്രധാനമന്ത്രിയുടെ ഓഫീസിലും പ്രവർത്തിച്ചു.
അഹമ്മദാബാദ് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റിൽനിന്ന് എം.ബി.എ.യും ലണ്ടൻ സ്കൂൾ ഓഫ് ഇക്കണോമിക്സിൽനിന്ന് ഇന്റർനാഷണൽ പൊളിറ്റിക്കൽ ഇക്കണോമിയിൽ ബിരുദാനന്തര ബിരുദവും നേടി. റഷ്യൻ, ഫ്രഞ്ച്, പോർച്ചുഗീസ് ഭാഷകൾ കൈകാര്യം ചെയ്യും. 2014 ജനുവരി മുതൽ 2016 ഫെബ്രുവരി വരെ മൊസാംബിക്ക്, സ്വാസിലൻഡ് രാജ്യങ്ങളിലെ ഇന്ത്യയുടെ ഹൈക്കമ്മീഷണറായിരുന്നു. 2016 മാർച്ച് ഒമ്പതിനാണ് കപൂർ ഇസ്രായേലിലെ സ്ഥാനപതിയായി ചുമതലയേറ്റത്.
Post Your Comments