ചെന്നൈ: തമിഴ്നാട്ടിലെ തിരുച്ചിറപ്പള്ളി നടുകാട്ടുപ്പെട്ടിയില്‍ കുഴല്‍ക്കിണറില്‍ വീണ രണ്ടുവയസ്സുകാരന്‍ മരിച്ചതായി സ്ഥിരീകരിച്ചു. കുട്ടിയെ രക്ഷിക്കാനായി നടത്തിയ ശ്രമങ്ങള്‍ വിഫലമായി. കുഴല്‍കിണറില്‍ നിന്ന് കുട്ടിയെ പുറത്തെടുക്കാനുള്ള ശ്രമങ്ങള്‍ നടത്തുന്നതിനിടെയാണ് മരിച്ചതായി കണ്ടെത്തിയത്. കുട്ടിയുടെ മൃതദേഹം അഴുകി തുടങ്ങിയ നിലയിലാണെന്നാണ് വിവരം.മരണം സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് പുലര്‍ച്ചെ 4.25 ഓടെ കുട്ടിയുടെ മൃതദേഹം കുഴല്‍ കിണറില്‍ നിന്ന് പുറത്തെടുത്തു.
ശേഷം പോസ്റ്റ്‌മോര്‍ട്ടം നടത്തുന്നതിനായി മോര്‍ച്ചറിയിലേക്ക് മാറ്റി.ഞായറാഴ്ച രാത്രി 10.30 ഓടെ കുഴല്‍ കിണറിനുള്ളില്‍ നിന്ന് ദുര്‍ഗന്ധം വമിച്ചതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് കുട്ടിയുടെ മരണം സ്ഥിരീകരിച്ചത്.രക്ഷാപ്രവര്‍ത്തനം നടത്തിയ ദേശീയ ദുരന്ത നിവാരണ സേന അന്തിമ റിപ്പോര്‍ട്ട് തയ്യാറാക്കി. കുട്ടി മരിച്ചുവെന്നും മൃതദേഹം അഴുകി തുടങ്ങിയ നിലയിലാണെന്നും തമിഴ്‌നാട് റവന്യു സെക്രട്ടറി ജി. രാധാകൃഷ്ണന്‍ അറിയിച്ചു. വെള്ളിയാഴ്ച വൈകീട്ട് അഞ്ചരയോടെയാണ് ബ്രിട്ടോ – കലൈമേരി ദമ്പതിമാരുടെ ഇളയമകനായ സുജിത് 600 അടി താഴ്ചയുള്ള കുഴല്‍ക്കിണറിലേക്ക് വീണത്.
ആദ്യം 25 അടി താഴ്ചയിലായിരുന്ന കുട്ടി ഘട്ടംഘട്ടമായാണ് 90 അടി താഴ്ചയിലെത്തിയത്. തുടര്‍ന്ന് മൂന്നുദിവസമായി കൂട്ടിയെ ജീവനോടെ പുറത്തെടുക്കാനുള്ള ശ്രമങ്ങള്‍ നടത്തുകയായിരുന്നു.ഇതിനിടെയാണ് മരിച്ചതായി സ്ഥിരീകരിക്കുന്നത്. രക്ഷാപ്രവര്‍ത്തനത്തിനായി കുഴല്‍ കിണറിന് സമാന്തരമായി തുരങ്കം നിര്‍മിക്കുന്നത് നിര്‍ത്തിവെച്ചതായും റവന്യു സെക്രട്ടറി അറിയിച്ചു.ബലൂൺ ടെക്നോളജിയും എയർ ലോക്കിങ് സാങ്കേതിക സംവിധാനവും ഉപയോഗിച്ചാണ് മൃതദേഹം പുറത്ത് എടുത്തത്.
കുട്ടിയുടെ ആരോഗ്യനില സംബന്ധിച്ച് ഞായറാഴ്ച ഡോക്ടര്‍മാരടങ്ങിയ കോര്‍ കമ്മിറ്റി യോഗം ചേര്‍ന്നിരുന്നു. പരിശോധനയില്‍ കുട്ടി മരിച്ചതായും മൃതദേഹം അഴുകിയതായും ബോധ്യപ്പെട്ടു. പിന്നീട് ബോഡി വഴുതി താഴേക്ക് പോകാതിരിക്കാനായി എയര്‍ടൈറ്റ് ചെയ്തു. ബലൂണ്‍ ടെക്നോളജി, റൊബോട്ടിക് ഹാന്‍ഡ് ടെക്നോളജി, എയല്‍ലോക്കിംഗ് ടെക്നോളജി, ഇന്‍ഫ്ലേഷന്‍ ടെക്നോളജി, പെന്‍റണ്‍ ടെക്നോളജി എന്നിവയാണ് ഉപയോഗിച്ചത്. കുട്ടിക്കും കുഴല്‍ക്കിണറിനും ഇടയിലുള്ള ചെറിയ വിടവിലൂടെ സാങ്കേതിക കടത്തിവിട്ട് എയര്‍ടൈറ്റ് ചെയ്താണ് ശരീരം പുറത്തെടുത്തത്.
അഴുകിയതിനാല്‍ ശരീരഭാഗങ്ങളാണ് ലഭിച്ചതെന്നും അദ്ദേഹം പറഞ്ഞു. ശരീര ഭാഗങ്ങളായാണ് ആദ്യം പുറത്തെത്തിച്ചതെന്നും 68 അടി താഴ്ചയിലും പ്രതീക്ഷ ഉണ്ടായിരുന്നുവെന്നും രക്ഷാപ്രവർത്തനത്തിന്റെ ചുമതലയുണ്ടായിരുന്ന എൻഡിആർഎഫ് ഡെപ്യൂട്ടി കമൻഡൻറ് ജിതേഷ് ടിഎം മാധ്യമങ്ങളോട് പറഞ്ഞു. ഞായറാഴ്ച പുലര്‍ച്ചെ 5 മണിവരെ കുട്ടിയുടെ പ്രതികരണം ലഭിച്ചിരുന്നു. രാജ്യം മുഴുവന്‍ കുട്ടിയുടെ ജീവനായി പ്രാര്‍ത്ഥനയോടെ കാത്തിരിക്കുന്നതിനിടെയാണ് കുട്ടി മരിച്ചെന്ന സ്ഥിരീകരണമെത്തുന്നത്.
Post Your Comments