കൊച്ചി: സി.പി.എമ്മുകാര്‍ പ്രതികളായ കാസര്‍ഗോഡ് പെരിയ ഇരട്ടക്കൊലക്കേസില്‍ സി.ബി.ഐ. അന്വേഷണത്തിനു തടയിടാന്‍ സർക്കാർ മുടക്കുന്നത് കോടികൾ. ഇന്നു ഹൈക്കോടതിയില്‍ സംസ്‌ഥാന സര്‍ക്കാരിനു വേണ്ടി ഹാജരാകുന്നതു സുപ്രീം കോടതിയിലെ മുതിര്‍ന്ന അഭിഭാഷകനായ രഞ്‌ജിത് കുമാര്‍ ആണ്. അദ്ദേഹത്തിന് ആദ്യ ഗഡു ഫീസ് 25 ലക്ഷം രൂപയാണ്. സി.പി.എമ്മിന്റെ പ്രാദേശിക നേതാക്കളാണു പ്രതികള്‍. കൊലപാതകം സി.പി.എം. ആസൂത്രണം ചെയ്‌തതാകാമെന്നു സെപ്‌റ്റംബര്‍ 30-ലെ വിധിയില്‍ കോടതി നിരീക്ഷിച്ചു. പോലീസ് അന്വേഷണത്തിലെ വീഴ്‌ചകള്‍ എണ്ണിപ്പറഞ്ഞ്, കുറ്റപത്രം റദ്ദാക്കുകയും ചെയ്‌തു. ഷുഹൈബ് വധക്കേസില്‍ സി.ബി.ഐ. അന്വേഷണത്തിനുള്ള സിംഗിള്‍ ബെഞ്ച് ഉത്തരവിനെതിരേ മുതിര്‍ന്ന അഭിഭാഷകരെ അണിനിരത്തി ഡിവിഷന്‍ ബെഞ്ചിന്റെ വിധി സമ്പാദിച്ച മാതൃകയിലാണു സര്‍ക്കാര്‍ പെരിയ കേസിലും നീങ്ങുന്നത്.
ഇതിന് മുമ്പ് ഷുഹൈബ് വധക്കേസില്‍ മുതിര്‍ന്ന അഭിഭാഷകരെ എത്തിച്ചാണു സര്‍ക്കാര്‍ സി.ബി.ഐ. അന്വേഷണം ഒഴിവാക്കിയത്. അന്നു ഹാജരായ അമരീന്ദ്ര ശരണ്‍, വിജയ് ഹന്‍സാരിയ എന്നിവര്‍ക്കും പൊതുഖജനാവില്‍നിന്നു ലക്ഷങ്ങളാണു നല്‍കിയത്.
ALSO READ: വാറ്റ് നികുതി വരിഞ്ഞുമുറുക്കി; മലഞ്ചരക്ക് വ്യാപാരി ആത്മഹത്യ ചെയ്‌തു
കേസ് ഡയറി പരിശോധിക്കാതെയാണ് സിംഗിള്‍ ബെഞ്ചിന്റെ ഉത്തരവെന്നാണ് ഇന്നു ഡിവിഷന്‍ ബെഞ്ചിനു മുന്നിലെത്തുന്ന അപ്പീലില്‍ സര്‍ക്കാരിന്റെ വാദം. സുപ്രീം കോടതിയില്‍ കനത്ത ഫീസ് വാങ്ങുന്ന അഭിഭാഷകരിലൊരാളാണു രഞ്‌ജിത് കുമാര്‍. മുതിര്‍ന്ന അഭിഭാഷകര്‍ക്കു മുന്‍കൂര്‍ പണം നല്‍കണമെന്നതിനാല്‍ ഇന്നലെ തിരക്കിട്ടാണ് 25 ലക്ഷം രൂപ അനുവദിച്ച് ഉത്തരവിറക്കിയത്. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ ശരത്‌ലാല്‍, കൃപേഷ് എന്നിവര്‍ കൊല്ലപ്പെട്ട കേസ് സി.ബി.ഐ. അന്വേഷണത്തിനു വിട്ട ഹൈക്കോടതി സിംഗിള്‍ ബെഞ്ച് ഉത്തരവിനെതിരേയാണു സര്‍ക്കാര്‍ ഡിവിഷന്‍ ബെഞ്ചില്‍ അപ്പീല്‍ നല്‍കിയത്.
Post Your Comments