പത്തനംതിട്ട: വാറ്റ് നികുതിയുടെ പേരില്‍ 27 ലക്ഷം രൂപ അടയ്ക്കണമെന്നു വാണിജ്യ നികുതി വകുപ്പിന്റെ നോട്ടീസ് ലഭിച്ചതിനെത്തുടര്‍ന്ന് വ്യാപാരി ആത്മഹത്യ ചെയ്തു. മലഞ്ചരക്ക് വ്യാപാരിയാണ് ജീവനൊടുക്കിയത്. കോന്നി – തണ്ണിത്തോട് ജംഗ്ഷനില്‍ മലഞ്ചരക്ക് വ്യാപാരം നടത്തുന്ന മത്തായി ഡാനിയേലാ(74)ണ് മരിച്ചത്. വ്യാപാര സ്ഥാപനത്തോടു ചേര്‍ന്നുള്ള ഗോഡൗണില്‍ ഇന്നലെ രാവിലെയാണ് തൂങ്ങിയ നിലയില്‍ കണ്ടത്. പത്തനംതിട്ടയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. കഴിഞ്ഞ ബുധനാഴ്ചയാണ് വാറ്റ് നികുതിയിനത്തില്‍ 27 ലക്ഷം രൂപ അടയ്ക്കണമെന്നും മൂന്നു വര്‍ഷത്തെ വിറ്റുവരവു കണക്ക് കാണിക്കണമെന്നും ആവശ്യപ്പെട്ട് നികുതി വകുപ്പ് നോട്ടീസ് നല്‍കിയത്.
പലര്‍ക്കും ലക്ഷകണക്കിനു രൂപയുടെ കുടിശിക അടയ്ക്കാനാണ് നോട്ടീസ്. ഇതിന്റെ പേരില്‍ ഉദ്യോഗസ്ഥര്‍ വ്യാപാരികളെ ഭീഷണിപ്പെടുത്തി പണം പിരിക്കുന്നതായും പരാതിയുണ്ട്.നോട്ടീസ് ലഭിച്ചപ്പോള്‍ മുതല്‍ ഇദ്ദേഹം മാനസിക സംഘര്‍ഷത്തിലായിരുന്നുവെന്നു ബന്ധുക്കള്‍ പറഞ്ഞു. തിങ്കളാഴ്ച രാവിലെ എട്ടോടെ കട തുറന്ന ശേഷം ഗോഡൗണില്‍ കയറി ജീവനൊടുക്കുകയായിരുന്നുവെന്നു കരുതുന്നു. മൃതദേഹം പത്തനംതിട്ട ജനറല്‍ ആശുപത്രി മോര്‍ച്ചറിയില്‍. ഭാര്യ: ശോശാമ്മ മത്തായി. മക്കള്‍: ജോമിച്ചന്‍, ജോജോ, ജൂലി.
ALSO READ: പ്രയത്നം വിഫലം, തിരുച്ചിറപ്പള്ളിയില്‍ കുഴല്‍കിണറില്‍ വീണ കുട്ടി മരിച്ചു
2011 മുതല്‍ 16 വരെയുള്ള വാറ്റിന്റെ പേരില്‍ കണക്കുകള്‍ ആവശ്യപ്പെട്ടു വ്യാപാരികള്‍ക്കു വാണിജ്യനികുതി വകുപ്പില്‍നിന്നു നോട്ടീസുകള്‍ വന്നുകൊണ്ടിരിക്കെയാണ് തണ്ണിത്തോട്ടിലെ വ്യാപാരിയുടെ മരണം. ജിഎസ്ടി നിലവില്‍ വന്നപ്പോള്‍ മുന്‍ നികുതി നിയമങ്ങളെല്ലാം ഇല്ലാതായിരുന്നു. മറ്റെല്ലാ സംസ്ഥാനങ്ങളിലും വാറ്റ് നികുതിയുടെ പേരിലുള്ള എല്ലാ നടപടികളും അവസാനിപ്പിച്ചിരിക്കുന്പോഴാണ് കേരളത്തില്‍ മാത്രം ഇത്തരത്തിലുള്ള നോട്ടീസ് നല്കുന്നതെന്നു വ്യാപാരി വ്യവസായി സംഘടനകള്‍ കുറ്റപ്പെടുത്തുന്നു.
മുന്‍കാലങ്ങളില്‍ കെ.വാറ്റ് സെക്ഷന്‍ 25 (ഒന്ന്) പ്രകാരം നോട്ടീസുകള്‍ അയച്ചിരുന്നെങ്കിലും അവയില്‍ വ്യക്തമായ കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയിരുന്നു. എന്നാല്‍, വ്യക്തമായ ഒരു കാരണവും രേഖപ്പെടുത്താതെയാണ് ഇപ്പോള്‍ നോട്ടീസ്.
Post Your Comments