ArticleLatest NewsNews

മലയാളത്തിനൊരിക്കലും മറക്കാനാവാത്ത മഹത്തായ സാഹിത്യസൃഷ്ടികള്‍ നല്‍കി നമ്മെ വിട്ടുപിരിഞ്ഞ വയലാര്‍ രാമവര്‍മ്മയെ ഓര്‍ക്കുമ്പോള്‍

വയലാര്‍ എന്ന ഗ്രാമം ഓര്‍ക്കപ്പെടുന്നത് ഐതിഹാസികമായ അധഃസ്ഥിത പോരാട്ട ചരിത്രത്തിലൂടെയാണ്. എന്നാല്‍ മലയാളി മനസ്സില്‍ വയലാര്‍ എന്ന പേര് കേള്‍ക്കുമ്പോള്‍ ആദ്യം നിറയുന്നത് വയലാര്‍ രാമവര്‍മ്മയുടെ ഗാനങ്ങള്‍ ആയിരിക്കും. പെരിയാറേ പെരിയാറേ, ചന്ദ്രകളഭം ചാര്‍ത്തിയുറങ്ങും തീരം, ആയിരം പാദസരങ്ങള്‍ കിലുങ്ങി, കടലിനക്കരെ പോണോരേ, കാളിദസന്‍ മരിച്ചു, ഞാന്‍ നിന്നെ പ്രേമിക്കുന്നു മാന്‍ കിടാവേ .. എന്ന് തുടങ്ങി നിരവധി ഗാനങ്ങളിലൂടെ സംഗീത പ്രേമികളുടെ മനസ്സില്‍ ഇന്നും പ്രണയ വിരഹ ഭാവങ്ങള്‍ നിറയ്ക്കുന്ന അനശ്വര കലാകാരന്റെ വിയോഗത്തിനു 44 വയസ്

മലയാള സാഹിത്യത്തിലെ പ്രതിഭാധനനായ കവിയും നിരവധി ജനപ്രിയ ചലച്ചിത്ര-നാടക ഗാനങ്ങളുടെ രചയിതാവുമായ വയലാര്‍ എന്ന പേരിലറിയപ്പെടുന്ന വയലാര്‍ രാമവര്‍മ്മ മലയാളിയുടെ സൗന്ദര്യസങ്കര്‍പ്പങ്ങള്‍ക്കും രാഗാര്‍ദ്രമായ പ്രണയകല്‍പ്പനകള്‍ക്കും നിറച്ചാര്‍ത്തു നല്‍കി. വയലാറിന്റെ ഗാനങ്ങളുടെ ഈരടികളും ശീലുകളും കേള്‍ക്കാതെ മലയാളി ഒരു ദിവസവും പിന്നിടുന്നില്ല. ആയിരത്തി നാനൂറോളം ഗാനങ്ങള്‍ സിനിമയില്‍! നാടകങ്ങളില്‍ ഏതാണ്ട് ഇരുനൂറിനു മേല്‍ പാട്ടുകള്‍! അനേകം കവിതകള്‍!! ഇവയ്ക്ക് പുറമേ നിണമാര്‍ന്ന വിപ്ലവ സ്വപ്‌നങ്ങള്‍ക്കു കാവ്യസൗരഭ്യത്തിന്റെ കരുത്തും ശേഷിയും നല്‍കിയ കവി. ആലപ്പുഴ ജില്ലയിലെ ചേര്‍ത്തല താലൂക്കില്‍ വയലാര്‍ ഗ്രാമത്തില്‍ വെള്ളാരപ്പള്ളി കേരളവര്‍മ്മയുടെയും വയലാര്‍ രാഘവപ്പറമ്പില്‍ അംബാലിക തമ്പുരാട്ടിയുടെയും മകനായി 1928 മാര്‍ച്ച് മാസം 25-ാം തീയതിയാണ് വയലാറിന്റെ ജനനം. അദ്ദേഹത്തിന് മൂന്നര വയസ്സുള്ളപ്പോൾ അച്ഛൻ കേരളവർമ അന്തരിച്ചു. ഈ സംഭവത്തിന്റെ പേരിലാണ് അദ്ദേഹം ‘ആത്മാവിൽ ഒരു ചിത’ എന്ന കവിതയെഴുതിയത്. ചേർത്തല ഹൈസ്കൂളിൽ ഔപചാരിക വിദ്യാഭ്യാസപൂര്‍ത്തിയാക്കിയ ശേഷം അമ്മയുടെയും അമ്മാവന്റെയും മേൽനോട്ടത്തിൽ ഗുരുകുല രീതിയിൽ സംസ്കൃത പഠനവും നടത്തി.

കമ്മ്യൂണിസ്റ്റ് പ്രസ്ഥാനവുമായും പുരോഗമന സാംസ്‌കാരിക പ്രസ്ഥാനങ്ങളുമായി ബന്ധപ്പെട്ടാണ് അദ്ദേഹം പ്രവര്‍ത്തിച്ചിരുന്നത്. ‘പാദമുദ്രകള്‍’ – തന്റെ 21-ആം വയസില്‍, പുറത്തിറക്കിയ ആദ്യ കവിതാ സമാഹാരത്തിന് വയലാര്‍ നല്‍കിയ പേര് ഇതായിരുന്നു. കവിയെന്ന നിലയില്‍ ശ്രദ്ധ നേടിയ വയലാര്‍ സിനിമാഗാനരചയിതാവ് എന്ന നിലയിലും ആരാധകരെ സ്വന്തമാക്കി. പച്ച മനുഷ്യന്റെ സുഖവും ദുഃഖവും ഒപ്പിയെടുത്ത വയലാര്‍ 1956 ല്‍ ‘കൂടപ്പിറപ്പ്’ എന്ന സിനിമയിലെ ഗാനങ്ങളിലൂടെയാണ് ചലച്ചിത്ര ലോകത്തേയ്ക്ക് എത്തിയത്. ‘തുമ്പീ തുമ്പീ വാ വാ’ എന്ന ഗാനമാണ് വയലാര്‍ രചിച്ച ആദ്യ സിനിമാ ഗാനം. 22 സംഗീതസംവിധായകര്‍ക്ക് വേണ്ടി ഗാനങ്ങള്‍ എഴുതിയ വയലാര്‍ ജി ദേവരാജന്‍ മാസ്റ്ററോടൊപ്പമാണ് ഏറ്റവും കൂടുതല്‍ ഗാനങ്ങള്‍ ഒരുക്കിയത്.

ഇന്ത്യന്‍ സ്വാതന്ത്ര്യത്തിന്റെ പത്താം വാര്‍ഷിക ദിനത്തിലായിരുന്നു ‘ബലികുടീരങ്ങളേ’ എന്ന ഗാനം ഒരുക്കിക്കൊണ്ട് വയലാര്‍-ദേവരാജന്‍ കൂട്ടുകെട്ട് പിറവിയെടുത്തത്. 1957 ല്‍ ഇ എം ശങ്കരന്‍ നമ്പൂതിരിപ്പാടിന്റെ മന്ത്രിസഭയുടെ കാലത്ത് പാളയം (തിരുവന്തപുരം), രക്തസാക്ഷി മണ്ഡപത്തിന്റെ ഉദ്ഘാടന ചടങ്ങിന് അവതരിപ്പിക്കുവാന്‍ വേണ്ടിയാണ് അദ്ദേഹം ‘ബലികുടീരങ്ങളെ…..’ എന്ന ഗാനം രചിച്ചത്. പിന്നീട് ഈ ഗാനം ‘വിശറിക്കു കാറ്റു വേണ്ട’ എന്ന നാടകത്തിന് വേണ്ടി ഉപയോഗിച്ചു.. പെരിയാറേ പെരിയാറേ, ചന്ദ്രകളഭം ചാര്‍ത്തിയുറങ്ങും തീരം, ആയിരം പാദസരങ്ങള്‍ കിലുങ്ങി, കടലിനക്കരെ പോണോരേ, കാളിദസന്‍ മരിച്ചു, ഞാന്‍ നിന്നെ പ്രേമിക്കുന്നു മാന്‍ കിടാവേ, വീണപൂവേ, തങ്കഭസ്മക്കുറിയിട്ട തമ്പുരാട്ടീ തുടങ്ങിയവയെല്ലാം വയലാറിന്റെ തൂലികയിലൂടെ മലയാളികളെ മയക്കിയ ഗാനങ്ങളാണ്.

അവിഭക്ത കമ്യൂണിസ്റ്റ് പാർട്ടിയിൽ ഏറെ ചലനങ്ങൾ സൃഷ്ടിച്ചതായിരുന്നു 1962 ഒക്ടോബർ 27-ല്‍ വയലാര്‍ നടത്തിയ ചൈനാവിരുദ്ധ പ്രസംഗം. കമ്യൂണിസ്റ്റ് പാർട്ടിയുടെ പിളർപ്പിന് രണ്ടുവർഷം മുമ്പ് വയലാറിൽ നടന്ന പതിനാറാമത് രക്തസാക്ഷി അനുസ്മരണ സമ്മേളനത്തിലാണ് വയലാർ ചൈനയെ രൂക്ഷമായി വിമർശിച്ചത്. 1962 ഒക്ടോബർ 20-ന് ചൈന ഇന്ത്യയെ ആക്രമിച്ച് ആറുദിവസം കഴിഞ്ഞായിരുന്നു പരിപാടി. കമ്യൂണിസ്റ്റ് പാർട്ടിയിൽ സോവിയറ്റ് യൂണിയനെയും ചൈനയെയും അനുകൂലിച്ച് രണ്ടുചേരികൾ രൂപപ്പെട്ട കാലത്തായിരുന്നു ചൈനീസ് പക്ഷപാതികളെ വെള്ളം കുടിപ്പിച്ച് വയലാർ ചൈനയെ വിമർശിച്ചത്. ‘മധുര മനോഹര മനോജ്ഞ ചൈന…’ എന്നു തുടങ്ങുന്ന കവിത ചൈനീസ് പക്ഷപാതികൾ പ്രചാരണത്തിനുപയോഗിച്ച അക്കാലത്ത് ‘ഹോ കുടില കുതന്ത്ര ഭയങ്കര ചൈനേ…’ എന്ന് വയലാർ തിരുത്തി. യുദ്ധകാലമായതിനാൽ ചൈനാ പക്ഷപാതികളായ നേതാക്കൾ ചൈനയെ അനുകൂലിക്കാനോ പ്രതികൂലിക്കാനോ തയ്യാറാകാതിരുന്ന സമയത്തായിരുന്നു വയലാറിന്റെ വിമർശനം.

ചെങ്ങണ്ട പുത്തൻ കോവിലകത്ത് ചന്ദ്രമതി തമ്പുരാട്ടിയായിരുന്നു അദ്ദേഹത്തിന്‍റെ ആദ്യ ഭാര്യ. 1949-ലായിരുന്നു ഇവരുടെ വിവാഹം. വിവാഹം കഴിഞ്ഞ് ഏഴുവർഷം സന്താനഭാഗ്യമില്ലാതെ കഴിയുകയായിരുന്നതിനാൽ അമ്മയുടെ നിർബന്ധത്തിന് വഴങ്ങി പിന്നീട് ചന്ദ്രമതി തമ്പുരാട്ടിയുടെ ഇളയ സഹോദരി ഭാരതി തമ്പുരാട്ടിയെ വിവാഹം കഴിച്ചു. പ്രശസ്ത ഗാനരചയിതാവ് വയലാർ ശരത്ചന്ദ്രവർമ്മ, ഇന്ദുലേഖ, യമുന, സിന്ധു എന്നിവർ മക്കളാണ്. പിൽക്കാലത്ത് വയലാറിന്റെ പത്നി ഭാരതിതമ്പുരാട്ടി അദ്ദേഹത്തെ കുറിച്ച് “ഇന്ദ്രധനുസ്സിൻ തീരത്ത്” എന്ന വിവാദാസ്പദമായ കൃതി രചിച്ചിട്ടുണ്ട്. വയലാറിന്റെ ആദ്യഭാര്യ ചന്ദ്രമതി തമ്പുരാട്ടി 2018 ജനുവരി 15-ന് 85-ആം വയസ്സിൽ അന്തരിച്ചു.

പ്രശസ്തിയുടെ നെറുകയിൽ നിൽക്കുമ്പോള്‍, 1975 ഒക്ടോബർ 27-നു പുലർച്ചെ നാലുമണിയ്ക്ക് തന്റെ നാൽപ്പത്തിയേഴാമത്തെ വയസ്സിലായിരുന്നു വയലാറിന്റെ അന്ത്യം. ഗുരുതരമായ കരൾ രോഗം ബാധിച്ച് തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്ന അദ്ദേഹത്തെ രക്തഗ്രൂപ്പ് മാറി കുത്തിവെച്ചതാണ് മരണത്തിനു കാരണമെന്നു കവി ഏഴാച്ചേരി രാമചന്ദ്രൻ പിന്നീട് ഒരു പൊതുചടങ്ങിൽ വെളിപ്പെടുത്തിയത് വിവാദങ്ങള്‍ക്ക് തുടക്കമിട്ടു. വര്‍ഷങ്ങള്‍ പിന്നിട്ടിട്ടും ഈ മരണത്തിലെ ദുരൂഹത ഇന്നും നിലനില്‍ക്കുന്നു.

1961 ല്‍ ‘സര്‍ഗ്ഗസംഗീതം’ എന്ന കൃതിക്ക് കേരള സാഹിത്യ അക്കാദമി പുരസ്‌കാരം അദ്ദേഹത്തിനു ലഭിച്ചു. 1974 ല്‍ ‘നെല്ല്’, ‘അതിഥി’ എന്നീ ചിത്രങ്ങളിലൂടെ മികച്ച ചലച്ചിത്രഗാനരചയിതാവിനുള്ള രാഷ്ട്രപതിയുടെ സുവര്‍ണപതക്കവും നേടി.

shortlink

Related Articles

Post Your Comments


Back to top button