മൂത്തമകൾ മരിച്ച ദിവസം പ്രതി വി മധു വീട്ടിൽ നിന്ന് പോയത് ഇളയ മകൾ കണ്ടിരുന്നു. അന്ന് തന്നെ ഇളയ മകൾ ഇത് പൊലീസിനോട് പറഞ്ഞിരുന്നു. പക്ഷേ അറസ്റ്റ് ചെയ്ത് ഉടൻ തന്നെ മധുവിനെ പൊലീസ് വിട്ടയക്കുകയായിരുന്നു. മധു പ്രദേശത്തെ സിപിഐഎം പ്രവർത്തകൻ ആയിരുന്നുവെന്നും പെൺകുട്ടികളുടെ അമ്മ ഒരു പ്രമുഖ ചാനലിനോട് പറഞ്ഞു. പീഡനത്തിനിരയായ വിവരം മൂത്ത കുട്ടി പറഞ്ഞിരുന്നില്ലെന്ന് അമ്മ പറയുന്നു.
മാതാപിതാക്കളോടെ പറഞ്ഞാൽ തന്നെ കൊല്ലുമെന്ന് പ്രതികൾ പെൺകുട്ടിയെ ഭീഷണിപ്പെടുത്തിയിരുന്നു.സ്കൂൾ അവധിയായിരുന്ന സമയത്ത് പെൺകുട്ടികളുടെ അച്ഛൻ കാലിന് സുഖമില്ലാതെ വീട്ടിൽ ഇരിക്കുകയായിരുന്നു. അന്ന് അച്ഛനെ കാണാനെന്ന വ്യാജേന പ്രതികളിലൊരാളായ വി മധു വീട്ടിലെത്തിയിരുന്നു. അച്ഛനെ കണ്ട ശേഷം ഷെഡ്ഡിൽ പോയിവരാമെന്ന് പറഞ്ഞ് പുറത്തേക്ക് ഇറങ്ങി. ഷെഡ്ഡിന് പിന്നിലൂടെ വന്ന് വീട്ടിലെത്തി മൂത്ത പെൺകുട്ടിയെ വിളിക്കുകയായിരുന്നു. അച്ഛന് വെള്ളം വേണമെന്ന് പറഞ്ഞാണ് പെൺകുട്ടിയെ വിളിച്ചത്.
അച്ഛൻ ജനൽ വഴി നോക്കുമ്പോൾ മധു മകളെ ചുമരിൽ ചേർത്ത് നിർത്തിയിരിക്കുന്ന കാഴ്ചയാണ് കണ്ടതെന്ന് അമ്മ പറയുന്നു. അച്ഛൻ വിളിച്ചതോടെ മധു ജനൽ വഴി ചാടി പോവുകയായിരുന്നു. അമ്മ പണിക്ക് പോയ സമയത്തായിരുന്നു ഇത്. പണി കഴിഞ്ഞ തിരിച്ചുവന്ന അമ്മ കണ്ടത് വീടിന്റെ പടിയിലിരുന്ന് കരയുന്ന അച്ഛനെയാണ്. വിവരം അന്വേഷിച്ചപ്പോഴാണ് മകൾക്കുണ്ടായ ദുരനുഭവത്തെ കുറിച്ച് അച്ഛൻ പറയുന്നത്.ഇതെ കുറിച്ച് അപ്പോൾ തന്നെ അമ്മ മകളോട് ചോദിച്ചു. അപ്പോഴാണ് മാതാപിതാക്കളോട് ഇക്കാര്യം പറഞ്ഞാൽ മധു തന്നെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയിരുന്നതായി പെൺകുട്ടി അമ്മയോട് പറയുന്നത്.
അന്ന് എന്നാൽ കുടുംബം മധുവിനെതിരെ പൊലീസിൽ പരാതി നൽകിയില്ല. പിന്നീട് കുട്ടി മരിച്ച ദിവസമാണ് പൊലീസിൽ ഇക്കാര്യങ്ങളെല്ലാം പറയുന്നത്. തങ്ങൾക്ക് പറ്റിയ അബദ്ധവും ഇതാണെന്ന് അമ്മ പറയുന്നു. അന്ന് പൊലീസിൽ ഇക്കാര്യങ്ങൾ പറഞ്ഞിരുന്നുവെങ്കിൽ മക്കളെ നഷ്ടപ്പെടില്ലായിരുന്നുവെന്നും ‘അമ്മ ചാനലിനോട് പറഞ്ഞു. മൂത്ത കുട്ടി മരിച്ചതിന്റെ കാരണം പീഡനമാണെന്ന് പറഞ്ഞിരുന്നുവെങ്കിൽ രണ്ടിൽ ഒരാൾ മാത്രം പുറത്ത് പണിക്ക് പോവുകയും രണ്ടാമത്തെ കുട്ടിയെ നോക്കാൻ ഒരാൾ വീട്ടിലും ഉണ്ടായിരുന്നേനെ.
ഓരോ കാരണം പറഞ്ഞ് ഇരുവരെയും സ്റ്റേഷനിലേക്ക് വിളിപ്പിക്കുമെങ്കിലും ഓരോ ഒഴിവുകഴിവുകൾ പറഞ്ഞ് അവരെ പോസ്റ്റുമോർട്ടം റിപ്പോർട്ട് നൽകാതെ തിരിച്ചയക്കുമായിരുന്നു. എന്നാൽ രണ്ടാമത്തെ കുട്ടി മരണപ്പെടുന്നത് വരെ കുടുംബത്തിൽ നിന്നും പോസ്റ്റ്മോർട്ടം റിപ്പോർട്ട് മറച്ചുവെച്ചുവെന്നും, രണ്ട് കുട്ടികളുടേയും പോസ്റ്റ്മോർട്ടം റിപ്പോർട്ട് ഒരുമിച്ചാണ് ലഭിക്കുന്നതെന്നും അമ്മ പറഞ്ഞു.പെൺകുട്ടികളുടെ അമ്മയുടെ ചേച്ചിയുടെ മകനാണ് മധു. പെൺകുട്ടികൾ മരണശേഷം മധുവിന്റെ വീട്ടിൽ പെൺകുട്ടികളുടെ മാതാപിതാക്കൾ താമസിച്ചിരുന്നു.
മധുവിനെ പൊലീസിൽ പിടിപ്പിച്ചത് പെൺകുട്ടികളുടെ അമ്മയും അച്ഛനുമാണെന്ന് പറഞ്ഞ് മധുവിന്റെ അച്ഛനുമായി കുടുംബം വാക്കുതർക്കത്തിൽ ഏർപ്പെട്ടിരുന്നു. ഇതിന് പിന്നാലെ സ്വന്തം വീട്ടിലേക്ക് ഇരുവരും തിരിച്ചുവരികയായിരുന്നു. പെൺകുട്ടികളുടെ മരണത്തിൽ പരാതി നൽകിയ ശേഷം ഇവരുടെ വീട്ടിൽ കല്ലേറുണ്ടായിരുന്നുവെന്നും അമ്മ പറഞ്ഞു.പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ രണ്ട് പെൺകുട്ടികളുടേയും മരണകാരണം പീഡനമാണെന്ന് കണ്ടിട്ടും എന്തുകൊണ്ടാണ് പ്രതികളെ വെറുതെ വിട്ടതെന്ന് തനിക്ക് അറിയില്ലെന്നും അമ്മ ഈ ചാനലിനോട് പ്രതികരിച്ചു.
Post Your Comments