മുംബൈ: ദീപാവലിയോടനുബന്ധിച്ചുള്ള ഒരു മണിക്കൂര്‍ നീണ്ട പ്രത്യേക മുഹൂര്‍ത്ത വ്യാപാരത്തില്‍ സെന്‍സെക്സും നിഫ്റ്റിയും കുത്തനെ കയറി . പ്രത്യേക മുഹൂര്‍ത്ത വ്യാപാരത്തില്‍ സൂചികകള്‍ നേട്ടത്തില്‍ ക്ലോസ് ചെയ്തു
സെന്‍സെക്സ് 192.14 പോയന്റ് ഉയര്‍ന്ന് 39,250.20ലും നിഫ്റ്റി 43.30 പോയന്റ് നേട്ടത്തില്‍ 11,627.20ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. നിഫ്റ്റി മിഡക്യാപ് സൂചിക 0.6 പോയന്റും സ്മോള്‍ ക്യാപ് സൂചിക 1.2 ശതമാനവും നേട്ടമുണ്ടാക്കി. സെന്‍സെക്സ് സൂചികയിലെ 30 ഓഹരികളില്‍ 19 എണ്ണവും നേട്ടത്തിലായിരുന്നു.
മിക്കവാറും സെക്ടറല്‍ സൂചികകള്‍ നേട്ടത്തിലാണ് ക്ലോസ് ചെയ്തത്. ബിഎസ്ഇ ഇന്‍ഡസ്ട്രിയല്‍ ഇന്‍ഡക്സ് 1.6 ശതമാനവും ഓട്ടോ സൂചിക 1.3 ശതമാനവും നേട്ടമുണ്ടാക്കി.
ടാറ്റ മോട്ടോഴ്സാണ് മികച്ച നേട്ടമുണ്ടാക്കിയത്. കമ്പനിയുടെ ഓഹരി വില 16.44 ശതമാനം ഉയര്‍ന്ന് 147.70 രൂപയിലെത്തി. യെസ് ബാങ്ക്, ഇന്‍ഫോസിസ്, ടെക് മഹീന്ദ്ര, ടാറ്റ സ്റ്റീല്‍, എച്ച്ഡിഎഫ്സി ബാങ്ക്, എല്‍ആന്റ്ടി, ബജാജ് ഓട്ടോ, ഹീറോ മോട്ടോര്‍കോര്‍പ്, സിപ്ല, വിപ്രോ തുടങ്ങിയ ഓഹരികളായിരുന്നു നേട്ടത്തില്‍.
ഭാരതി എയര്‍ടെല്‍, കോള്‍ ഇന്ത്യ, ടൈറ്റന്‍ കമ്പനി, ഗ്രീസിം, മാരുതി സുസുകി, ടിസിഎസ്, ഡോ.റെഡ്ഡീസ് ലാബ്, ഹന്ദുസ്ഥാന്‍ യുണിലിവര്‍ തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലുമാണ് ക്ലോസ് ചെയ്തത്.
പ്രീ ഓപ്പണ്‍ സെഷനില്‍ നിഫ്റ്റി 11,700ന് മുകളില്‍ പോയി. സെന്‍സെക്സ് 400 പോയന്റും ഉയര്‍ന്നിരുന്നു. ദീപാവലി ബലിപ്രതിപദ ദിനമായ ഒക്ടോബര്‍ 28ന് തിങ്കളാഴ്ച ഓഹരി വിപണിക്ക് അവധിയായിരിക്കും.
Post Your Comments