തിരുവനന്തപുരം: എസ്എടി ആശുപത്രിയിൽ ഗർഭസ്ഥ ശിശു മരിച്ചത് ചികിത്സാ പിഴവെന്നു ആരോപണം. അധികൃതർക്കെതിരെ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടു ബന്ധുക്കൾ പ്രതിഷേധവുമായി രംഗത്തെത്തിയതോടെ കുഞ്ഞിനെ പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടു നൽകും. കൊട്ടാരക്കര സ്വദേശിനിയെ കഴിഞ്ഞ തിങ്കളാഴ്ച്ചയാണ് എസ്എടി ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നത്. ശേഷം ഇന്ന് പുലർച്ചെ യുവതി പ്രസവിച്ചു. എന്നാൽ പ്രസവ ശേഷം കുഞ്ഞ് അംഗ വൈകല്യത്തെ തുടർന്ന് മരണപ്പെട്ടുവെന്നാണ് ആശുപത്രി നൽകിയ വിശദീകരണം. ആദ്യം കുഞ്ഞിനെ മെഡിക്കൽ കോളേജിലെ പഠന ആവശ്യത്തിന് ഉപയോഗിക്കുമെന്നും ബന്ധുക്കൾക്ക് വിട്ടു നൽകില്ലെന്നും അറിയിച്ചു.
ആശുപത്രിയിൽ പ്രവേശിപ്പിച്ചതു മുതൽ അമ്മയ്‌ക്കോ, കുഞ്ഞിനോ പ്രശ്‍നങ്ങൾ ഉള്ളതായി അധികൃതർ അറിയിച്ചിരുന്നില്ല. തുടർന്ന് കുഞ്ഞിനെ നേരിൽ കണ്ട ബന്ധുക്കൾ അംഗ വൈകല്യത്തിന്റെ കാര്യത്തിൽ സംശയം തോന്നിയാണ് അധികൃതരോട് കൂടുതൽ വിവരങ്ങൾ ആവശ്യപ്പെട്ടത്. അധികൃതർ മതിയായ വിശദീകരണം നൽകിയില്ലെന്ന് ബന്ധുക്കൾ ആരോപിക്കുന്നു. പ്രതിഷേധം ശക്തമായതോടെ പോസ്റ്റ് മോർട്ടത്തിന് ശേഷം കുഞ്ഞിനെ വിട്ടു നൽകാമെന്ന് അറിയിക്കുകയായിരുന്നു.
Post Your Comments