തിരുവനന്തപുരം: കരമനയിലെ കൂടം തറവാട്ടില്‍ നടന്ന മരണങ്ങളില്‍ ദുരൂഹതയേറുന്നു. തറവാട്ടില്‍ ഏറ്റവും ഒടുവില്‍ മരിച്ച ജയമാധവന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ സംശയം ഉണ്ടായിട്ടും പോലീസ് ഒന്നരവര്‍ഷത്തോളം ഒന്നും ചെയ്തില്ലെന്നും മരണവിവരം ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ ബന്ധുക്കളെ അറിയിച്ചിരുന്നില്ലെന്നും ജയമാധവന്റെ ബന്ധുക്കള്‍ പറയുന്നു.
അതേസമയം, കേസന്വേഷണം നടത്തിയ പോലീസുകാര്‍ കോഴ ചോദിച്ചെന്ന് കാര്യസ്ഥന്‍ രവീന്ദ്രന്‍ നായര്‍ ആരോപിച്ചു. ബന്ധുക്കള്‍ ആദ്യം പരാതി നല്‍കിയപ്പോള്‍ കേസന്വേഷിച്ച പോലീസുകാരന്‍ തന്നോട് കോഴ ചോദിച്ചെന്നാണ് രവീന്ദ്രന്‍ പിള്ളയുടെ വെളിപ്പെടുത്തല്‍. ക്രൈംബ്രാഞ്ച് എസ്‌ഐ ആയിരുന്ന ശശിധരന്‍ പിള്ളയെന്ന പോലീസുകാരനാണ് തന്നോട് അഞ്ച് സെന്റ് സ്ഥലം തന്നു കൂടേയെന്ന് ചോദിച്ചതെന്നും ഇത് ചൂണ്ടിക്കാട്ടി, ആദ്യ അന്വേഷണ സംഘത്തിനെതിരെ ഡിജിപിക്ക് പരാതി നല്‍കിയിരുന്നെന്നും രവീന്ദ്രന്‍ നായര്‍ പറയുന്നു.
എന്നാല്‍ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ സംശയമുണര്‍ത്തുന്ന രീതിയിലുള്ള വിവരങ്ങള്‍ ഉണ്ടായിട്ടും പോലീസ് എന്തുകൊണ്ട് കൂടുതല്‍ അന്വേഷണം നടത്തിയില്ലെന്ന് ബന്ധുക്കള്‍ ചോദിക്കുന്നു. ആന്തരികാവയവങ്ങള്‍ക്ക് പരിക്കില്ലെങ്കിലും ഇവയുടെ ശാസ്ത്രീയ പരിശോധന ഫലം വന്നാല്‍ മാത്രമേ, മരണകാരണത്തില്‍ വ്യക്തത നല്‍കാനാവൂ എന്നാണ് പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടിലുള്ളത്. രണ്ട് വര്‍ഷം കഴിഞ്ഞും ഈ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പോലീസ് കൈപ്പറ്റിയിട്ടില്ലെന്നും ബന്ധുക്കള്‍ ആരോപിക്കുന്നു. ദുരൂഹ മരണത്തില്‍ അന്വേഷണം വേണമെന്ന് ഒരു വര്‍ഷം മുമ്പ് ജില്ലാ ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ട് നല്‍കിയിട്ടും പോലീസ് നടപടിയെടുത്തിരുന്നില്ല. ആന്തരികാവയവങ്ങളുടെ പരിശോധനാ ഫലം കിട്ടിയില്ലെന്നായിരുന്നു ഇതിന് പോലീസ് നല്‍കിയ വിശദീകരണം. അതേസമയം, പുതിയ അന്വേഷണ സംഘം ഈ ഫലം ലഭിക്കാനായി നാളെ തന്നെ ലാബില്‍ കത്ത് നല്‍കും.
Post Your Comments