സർക്കാരാശുപത്രികളിൽ ഹൃദയ വാൽവ് തകരാറുകളുമായി വരുന്ന കുട്ടികളുടെയും ചെറുപ്പക്കാരുടെയും എണ്ണം വികസിത രാജ്യങ്ങളെ അപേക്ഷിച്ചു വളരെ കൂടുതലാണ്. ഇവരിൽ മിക്കവർക്കും കേടായ ഹൃദയവാൽവ് മാറ്റി വെക്കുക എന്ന ചെലവേറിയ ചികിത്സ തന്നെ വേണ്ടി വരും. വാൽവ് മാറ്റി വെച്ചാൽ തന്നെയും ജീവിതകാലം മുഴുവൻ മരുന്നുകൾ കഴിക്കേണ്ടിയും വരും.
എന്ത് കൊണ്ടാണ് നമ്മുടെ നാട്ടിൽ ഈ ഹൃദയ തകരാറുകൾ കൂടുതലായി കാണപ്പെടുന്നത്? ഇതിന്റെ പിന്നിലെ വില്ലൻ ‘വാതപ്പനി’ (പല ദേശങ്ങളിൽ പല പേരുകളാകാം) എന്ന നാട്ടുഭാഷയിൽ അറിയപ്പെടുന്ന ‘റുമാറ്റിക് ഫീവർ’ എന്ന രോഗമാണ്. കുട്ടികളിൽ ചെറിയ പ്രായത്തിൽ വരുന്ന തൊണ്ടവേദന, ചൊറി, ചിരങ്ങു മുതലായവ ഉണ്ടാക്കുന്ന ‘സ്ട്രെപ്റ്റോകോക്കസ് പയോജീനസ്’ (streptococcus pyogenes) എന്ന ബാക്‌ടീരിയയാണ് വില്ലൻ.
ശരിക്കും പറഞ്ഞാൽ ബാക്ടീരിയയല്ല, അതിനെ പ്രതിരോധിക്കാൻ ശരീരം ഉണ്ടാക്കുന്ന പ്രതിരോധകാരികളായ ‘ആന്റിബോഡികൾ’ ആണ് പ്രശ്നക്കാർ. ചില കുട്ടികളുടെ ശരീരകലകളിലെ പ്രോട്ടീന് സ്ട്രെപ്റ്റോകോക്കസ് ബാക്ടീരിയകളുടെ പ്രോട്ടീനുമായി സാമ്യം ഉള്ളതിനാൽ ഈ ആന്റിബോഡികൾ അവയെ ആക്രമിക്കുന്നു. സന്ധികളിലെ ആവരണമായ സിനോവിയം, ഹൃദയ വാൽവുകൾ എന്നിവയെയാണ് ഈ ആന്റിബോഡികൾ സാധാരണയായി ആക്രമിക്കുന്നത്.
Post Your Comments