തിരുവനന്തപുരം: തിരുവനന്തപുരത്ത് ഒരു കുടുംബത്തിലെ ഏഴു പേരുടെ മരണത്തില്‍ ദുരൂഹതയാരോപിച്ച് ബന്ധുവിന്റെ പരാതി. കരമന സ്വദേശി ജയമാധവന്റെയും കുടുംബാംഗങ്ങളുടെയും മരണത്തിലാണ് പരാതി. മരണത്തിന് ശേഷം വ്യാജ രേഖയുണ്ടാക്കി സ്വത്ത് തട്ടിയെടുത്തെന്നും പരാതിയില്‍ പറയുന്നു. തിരുവനന്തപുരം അസിസ്റ്റന്റ് കമ്മീഷണര്‍ക്കാണ് സംഭവത്തിന്റെ അന്വേഷണ ചുമതല. സംഭവത്തില്‍ ദുരൂഹതയുണ്ടെന്നും അന്വേഷണം നടത്തുമെന്നും ഡിജിപി ലോക്‌നാഥ് ബെഹ്‌റ അറിയിച്ചു.
കഴിഞ്ഞ ഇരുപത് വര്‍ഷത്തിനിടെയാണ് കരമനയിലെ ഉമാമന്ദിരം
തറവാട്ടിലെ ഏഴ് പേര്‍ മരിച്ചത്. ഗോപിനാഥന്‍ നായരും അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളായ ആറ് പേരുമാണ് മരിച്ചത്. എന്നാല്‍ അവസാനം നടന്ന രണ്ട് മരണങ്ങളിലാണ് നാട്ടുകാര്‍ ഉള്‍പ്പെടെയുള്ളവര്‍ ദുരൂഹത ആരോപിക്കുന്നത്. ഗോപിനാഥന്‍നായരുടെ മകനായ ജയപ്രകാശ്, സഹോദരപുത്രന്‍ ജയമാധവന്‍ എന്നീ രണ്ട് മരണങ്ങളിലാണ് ദുരൂഹതയുണ്ടെന്ന് ആരോപിച്ച് നാട്ടുകാര്‍ രംഗത്തെത്തിയിരുന്നത്. ഇവര്‍ രണ്ടുപേരും അവിവാഹിതരായിരുന്നു. ഉമാമന്ദിരം എന്ന തറവാട്ടു വീട്ടിലാണ് ഇവര്‍ താമസിച്ചിരുന്നത്. അടുത്തടുത്ത വര്‍ഷങ്ങളിലാണ് രണ്ട് പേരും മരിക്കുന്നത്. കട്ടിലില്‍ നിന്ന് വീണോ, കട്ടിലില്‍ തലയിടിച്ചോ ആണ് ഇവര്‍ മരിച്ചതെന്നാണ് ബന്ധുക്കളെയും നാട്ടുകാരെയും അറിയിച്ചിരുന്നത്. എന്നാല്‍ ഇത് രണ്ടും കൊലപാതകമാണെന്നാണ് നാട്ടുകാര്‍ പറയുന്നത്.
2017-ലാണ് ജയമാധവന്‍ മരിക്കുന്നത്. ഇതിന് മുമ്പായിരുന്നു ജയപ്രകാശിന്റെ മരണം. ജയമാധവന്റെ മരണത്തിന് ശേഷം ഇയാളുടെ പേരിലുള്ള സ്വത്തുക്കള്‍ ഒരു ട്രസ്റ്റ് രൂപീകരിച്ച് ബന്ധുക്കളല്ലാത്തയാളുകളുടെ പേരിലാക്കി എന്നാണ് ആരോപണം ഉന്നയിച്ചിരിക്കുന്നത്. കാര്യസ്ഥനായ രവീന്ദ്രന്‍ നായരുടെയും ചില ആശ്രിതരുടെയും ബന്ധുക്കളെന്ന് അവകാശപ്പെട്ട് എത്തിയ ചിലരുടെയും പേരിലേക്ക് ഈ വീടും സ്വത്തുക്കളും മാറ്റിയെന്നാണ് ആരോപണം. വ്യാജ വില്‍പത്രം തയ്യാറാക്കിയാണ് ഇത്തരത്തില്‍ സ്വത്ത് തട്ടിയെടുത്തതെന്നും പറയുന്നു. ഈ കുടുംബത്തിന്റെ ബന്ധുവായ പ്രസന്നകുമാരി, പൊതുപ്രവര്‍ത്തകനായ അനില്‍കുമാര്‍ എന്നിവരാണ് ഈ മരണങ്ങള്‍ സംബന്ധിച്ച് മുഖ്യമന്ത്രിക്ക് പരാതി നല്‍കുന്നത്. ഇതിന് ശേഷം ഡിജിപിയുടെ ഓഫീസിന് പരാതി കൈമാറിയിരുന്നു.
Post Your Comments