ദീപങ്ങളുടെ ഉത്സവമായാണ് മലയാളികൾ ദീപാവലി ആഘോഷിക്കാറുള്ളത്. ഒത്തു ചേരലിന്റെയും പങ്കുവയ്ക്കലിന്റെയും ഈ ആഘോഷം ജീവിതത്തിൽ കൂടുതൽ പോസിറ്റീവ് ഊർജം പ്രധാനം ചെയ്യുന്നു. വെറും ഒരു ആഘോഷം എന്നതിൽ ഉപരി വ്രതമനുഷ്ഠിക്കാവുന്ന ദിവസം കൂടിയാണ് ഇത്. ദീപാവലി ദിവസം വ്രതമനുഷ്ഠിച്ചാൽ കുടുംബത്തിൽ ഐശ്വര്യം ഉണ്ടാകുമെന്നാണു പ്രധാനമായും ഉള്ള വിശ്വാസം. ചാന്ദ്രരീതിയിലുള്ള ആശ്വിനമാസത്തിലെ കറുത്തപക്ഷ ചതുർദശി ദിവസമാണു കേരളത്തിൽ ദീപാവലിയായി ആഘോഷിക്കുന്നത്.
തിന്മയുടെമേൽ നന്മ വിജയം കൈവരിച്ചതിന്റെ ആഘോഷമായ ഈ മധുരം നിറഞ്ഞ ആഘോഷം ലക്ഷ്മീ ദേവിയെ ഭവനത്തിൽ കുടിയിരുത്തുന്ന ആചാരം കൂടിയാണ്. കേരളത്തിൽ പൊതുവെ ദീപാവലിയെ കുറിച്ച് ഒട്ടേറെ ഐതീഹ്യങ്ങളും വിശ്വാസങ്ങളും നിലനിൽക്കുന്നുണ്ട്.പാൽക്കടൽ കടഞ്ഞപ്പോൾ അതിൽനിന്നു മഹാലക്ഷ്മി ഉയർന്നു വന്ന ദിവസമാണു ദീപാവലി എന്നും അതുകൊണ്ട് തന്നെ ഈ ദിവസം ലക്ഷ്മീപൂജ പ്രധാനമാണ് എന്നും വിശ്വസിക്കുന്ന ഐതീഹ്യവും ആചാരവും കേരളത്തിൽ ഉണ്ട്. കൂടാതെ 14 വർഷത്തെ വനവാസത്തിനു ശേഷം ശ്രീരാമൻ അയോധ്യയിൽ തിരിച്ചെത്തിയ ദിവസമാണിതെന്നും അതുകൊണ്ടു ശ്രീരാമക്ഷേത്രങ്ങളിലും ഈ ദിവസം പ്രധാനമാണ് എന്നും വിശ്വസിക്കുന്നവരും ഉണ്ട്.
കൂടാതെ ശ്രീകൃഷ്ണൻ നരകാസുരനെ വധിച്ച് ആ അസുരന്റെ തടവിൽ കഴിഞ്ഞിരുന്ന 16,000 സ്ത്രീകളെയും മോചിപ്പിച്ചു സംരക്ഷണം ഉറപ്പുകൊടുത്ത ദിവസമായ നരകചതുർദശിയും ദീപാവലിയും കേരളത്തിൽ പലപ്പോഴും ഒരേ ദിവസം വരുന്നതിനാൽ ഈ ദിവസം ശ്രീകൃഷ്ണനെ ആരാധിക്കുന്നതും ഐശ്വര്യപ്രദമാണെന്നുള്ള വിശ്വാസവും കേരളത്തിൽ നിലനിൽകുന്നുണ്ട്.വാസ്തുപരമായി ചില കാര്യങ്ങൾ ദീപാവലി ദിനത്തിൽ അനുഷ്ഠിക്കുന്നത് ഉത്തമമാണ് എന്നുള്ള വിശ്വാസവും നിലനിൽക്കുന്നുണ്ട്. അതിനായി ആദ്യം തന്നെ വീടും പരിസരവും വൃത്തിയാക്കണം എന്നും ദീപാവലിദിനത്തിൽ ഭവനത്തിനു ചുറ്റും ഉപ്പുവെള്ളമോ ചാണകവെള്ളമോ തുളസിവെള്ളമോ തളിക്കുന്നത് നെഗറ്റീവ് ഊർജത്തെ നീക്കം ചെയ്യും എന്നും പറയപ്പെടുന്നു.
കൂടാതെ വീടിന്റെ പ്രധാന വാതിലിൽ മാവില തോരണം ചാർത്തുന്നത് ഭവനത്തിൽ ധാരാളം പോസിറ്റീവ് ഊർജം നിറയ്ക്കാൻ ഉത്തമമാണ് എന്നും പറയപ്പെടുന്നു.മാവിലയുടെ കാമ്പിലുള്ള കറ കലർന്ന കാറ്റ് ശ്വസിക്കുന്നത് ആരോഗ്യത്തിന് നല്ലതാണ് എന്നും പ്രധാന വാതിൽ പാളിയിൽ സ്വസ്തിക്, ഓം തുടങ്ങിയ ചിഹ്നങ്ങൾ ചന്ദനം കൊണ്ടോ അരിപ്പൊടികൊണ്ടോ ആലേഖനം ചെയ്യുന്നതും ഉത്തമം ആണെന്നും പറയപ്പെടുന്നു. ദീപാവലി ദിനത്തിൽ വരുന്ന അതിഥികൾക്കെല്ലാം മധുരം വിതരണം ചെയ്യണമെന്നാണ് വേറെ ഒരു ആചാരം. ദീപാവലിദിനത്തിൽ പ്രഭാതത്തിലും സന്ധ്യയ്ക്കും മണി മുഴക്കുന്നതും അഷ്ടഗന്ധം, കർപ്പൂരം, കുന്തിരിക്കം എന്നിവ പുകയ്ക്കുന്നതും ഐശ്വര്യത്തിനു കാരണമാകും എന്നും ശാസ്ത്രങ്ങൾ പറയുന്നുണ്ട്.
ദീപാവലി ദിവസം സന്ധ്യയ്ക്കു ചിരാതുകൾ തെളിയിക്കണം എന്നും നിലവിളക്കു തെളിയിച്ചശേഷമേ ചിരാതുകൾ തെളിയിക്കാവൂ എന്നും പറയപ്പെടുന്നു. ചിരാതുകളുടെ എണ്ണം ഇരട്ട സംഖ്യയിലായിരിക്കണം എന്നും നാലിന്റെ ഗുണിത സംഖ്യയായാൽ, അതായത് നാല്, എട്ട്, പന്ത്രണ്ട്, പതിനാറ് എന്നീ ക്രമത്തിലായാൽ അത്യുത്തമം എന്നും ശാസ്ത്രം വിശദീകരിക്കുന്നു.
Post Your Comments