Latest NewsKeralaNews

വനിതാ കമ്മീഷന്‍ സഭാ അനുകൂലികള്‍ക്കൊപ്പം, നീതി കിട്ടില്ലെന്ന് ഉറപ്പാണ്; ആരോപണവുമായി സിസ്റ്റര്‍ ലൂസി കളപ്പുര

വയനാട്: സംസ്ഥാന വനിതാ കമ്മീഷനെതിരെ രൂക്ഷ വിമര്‍ശനവുമായി സിസ്റ്റര്‍ ലൂസി കളപ്പുര. വനിതാ കമ്മീഷന്റെ ഹിയറിങ്ങിന് ഹാജരാകാതിരുന്നത് നീതി കിട്ടില്ലെന്ന് ഉറപ്പുണ്ടായിരുന്നത് കൊണ്ടാണെന്നും ലൂസി കളപ്പുര പറഞ്ഞു. വനിതാ കമ്മീഷന്‍ അധ്യക്ഷ തനിക്കെതിരെ രംഗത്ത് വന്നിരിക്കുന്നത് സഭാ അനുകൂലികളെ തൃപ്തിപ്പെടുത്താനാണെന്നും വനിതാ കമ്മീഷന്‍ സംസാരിക്കുന്നത് സഭാ അനുകൂലികള്‍ക്ക് വേണ്ടിയാണെന്നും വത്തിക്കാനൊപ്പം കമ്മീഷനും തന്നെ അവഗണിക്കുകയായിരുന്നുവെന്നും പറഞ്ഞ ലൂസി കളപ്പുര നീതി ലഭിക്കുമെന്നുറപ്പുണ്ടെങ്കില്‍ ഇനിയും പരാതി നല്‍കാന്‍ തയ്യാറാണെന്നും കൂട്ടിച്ചേര്‍ത്തു.

ALSO READ: ജമ്മു കശ്മീരിൽ ആപ്പിൾ കൊണ്ടുപോകാനെത്തിയ ഡ്രൈവർമാരെ തീവ്രവാദികൾ വെടിവച്ച് കൊന്നു : ട്രക്കിന് തീയിട്ടു

സാമൂഹ്യ മാധ്യമങ്ങളിലടക്കം കടുത്ത അപവാദ പ്രചാരണമുണ്ടായിട്ടും വനിതാ കമ്മീഷന്‍ ഇടപെട്ടില്ലെന്ന സിസ്റ്റര്‍ ലൂസി കളപ്പുരയുടെ പ്രസ്താവനയാണ് പുതിയ വിവാദങ്ങള്‍ക്ക് തുടക്കമിട്ടത്. എന്നാല്‍ ഇതിന് മറുപടിയായി വനിതാ കമ്മീഷന്‍ പറഞ്ഞത് നാല് തവണ ഹിയറിംഗിന് വിളിച്ചിട്ടും സിസ്റ്റര്‍ ലൂസി കളപ്പുര ഹാജരായില്ലെന്നും, സാധാരണ ഗതിയില്‍ വാദിക്ക് രണ്ട് തവണ മാത്രമാണ് ഹാജരാകാന്‍ സമയം നല്‍കാറെന്നുമാണ്. അതേസമയം, വനിതാ കമ്മീഷനില്‍ വിശ്വാസം നഷ്ടപ്പെട്ടത് കൊണ്ടാണ് ഹിയറിങ്ങിന് ഹാജരാകാതിരുന്നതെന്നായിരുന്നു ഇതിനുള്ള മറുപടിയായി സിസ്റ്റര്‍ ലൂസി കളപ്പുര പറഞ്ഞത്. കഴിഞ്ഞ ഒരു വര്‍ഷമായി താന്‍ സഭാ അധികൃതരില്‍ നിന്നടക്കം കടുത്ത ദ്രോഹമാണ് നേരിടുന്നതെന്നും നിരവധിതവണ ഫോണിലൂടെയും ഇമെയില്‍വഴിയും വനിതാ കമ്മീഷനടക്കമുള്ളവരോട് നീതിക്കായി കേണുവെങ്കിലും ഒരു നടപടിയും ഉണ്ടായില്ലെന്നും അവര്‍ പറഞ്ഞു.

ALSO READ: സൗമിനി ജെയ്‌നിനെതിരെ പ്രതിഷേധം ശക്തം; എ,ഐ ഗ്രൂപ്പ് നേതാക്കള്‍ രംഗത്ത്, മേയര്‍ കസേര തെറിച്ചേക്കും

ആദ്യം തനിക്ക് അനുകൂലമായി സംസാരിച്ച വനിതാ കമ്മീഷന്‍ അധ്യക്ഷ വത്തിക്കാന്‍ തന്റെ അപ്പീല്‍ തള്ളിയ പശ്ചാത്തലത്തില്‍ ഇപ്പോള്‍ വിമര്‍ശനവുമായി രംഗത്തെത്തിയിരിക്കുന്നത് സഭാ അനുകൂലികളെ തൃപ്തിപ്പെടുത്താനാണെന്നും സിസ്റ്റര്‍ ലൂസി ആരോപിക്കുന്നു. വനിതാ കമ്മീഷന്‍ നീതി ലഭ്യമാക്കിത്തരുമെന്ന് ഉറപ്പുനല്‍കുകയാണെങ്കില്‍ വീണ്ടും പരാതി നല്‍കാന്‍ താന്‍ തയാറാണെന്നും സിസ്റ്റര്‍ ലൂസി പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button